National
കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
നാലാമത്തെ പട്ടികയിലും അമേഠിയും റായ്ബറേലിയും ഇല്ല
ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്റെ നാലാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ശനിയാഴ്ച കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആസ്സാം, ആന്‍ഡമാന്‍ , ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപൂര്‍, മിസോറാം, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലെ വിവധ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളാണ് പട്ടികയിലുള്ളത്. അതേ സമയം നാലാമത്തെ പട്ടികയിലും അമേഠിയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല.
വാരണാസിയില്‍ മോദിക്കെതിരെ യു പി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് റായ് മത്സരിക്കും. ഇത് മൂന്നാം തവണയാണ് അജയ് റായ് നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത്.
മധ്യപ്രദേശിലെ രാജ്ഗഡില്‍ ദിഗ് വിജയ് സിംഗ് സ്ഥാനാര്‍ഥിയാകും. സഹാരന്‍പൂരില്‍ ഇമ്രാന്‍ മഷൂദും ഹരിദ്വാറില്‍ വീരേന്ദര്‍ റാവത്തും മത്സരിക്കും. കാര്‍ത്തി ചിദംബരം ശിവഗംഗയിലും മാണിക്കം ടാഗോര്‍ വിരുദ്‌നഗറിലും എസ് ജോതിമണി കാരൂരിലും ജനവിധി തേടും.
യുപി യിലെ അംരോഹയില്‍ അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ഡാനിഷ് അലി മത്സരിക്കും. പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഡാനിഷ് അലിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.