Kerala
നാലാം തവണ പിഴച്ചില്ല; സിവില്‍ സര്‍വീസ് കൈപ്പിടിയിലൊതുക്കി ബെന്‍ജോ പി ജോസ്
2023ല്‍ നടന്ന പരീക്ഷയിലും കൂടിക്കാഴ്ചയിലും മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്
അടൂര്‍ | ബെന്‍ജോ പി ജോസിന്റെ വലിയ ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ് എന്നത്. നാലാം തവണ പിഴച്ചില്ല, 59ാം റാങ്ക് നേടിയാണ് തന്റെ സിവില്‍ സര്‍വീസ് എന്ന മോഹം കൈവരിച്ചത്. പത്തനംതിട്ട അഗ്രികള്‍ച്ചര്‍ വിഭാഗം അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അടൂര്‍ പന്നിവിഴ പുളിയുള്ള തറയില്‍ വീട്ടില്‍ ജോസ് ഫിലിപ്പിന്റേയും എസ് ബി ഐ കുമ്പഴ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജര്‍ ബെറ്റി എം വര്‍ഗീസിന്റെയും മകനാണ് ബെന്‍ജോ പി ജോസ് (26).
പ്ലസ്ടുവരെ അടൂര്‍ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതത്തില്‍ ബിരുദമെടുത്തു. തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങിയത്. 2023ല്‍ നടന്ന പരീക്ഷയിലും കൂടിക്കാഴ്ചയിലും മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. നിലവില്‍ തിരുവനന്തപുരം ലോ കോളജില്‍ ത്രിവത്സര എല്‍ എല്‍ ബി പഠനത്തിന് പ്രവേശനം നേടിയിരുന്നു ബെന്‍ജോ. സഹോദരന്‍: അലന്‍ പി ജോസ്