Articles
മദീനയുടെ സുഗന്ധം
ചെറുപ്പകാലത്തെ മൗലിദ് അനുഭവങ്ങൾ ഓർത്തെടുത്ത് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
പിതാവ് അഹ്‌മദ് ഹാജിയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരുക്കിയിരുന്ന മൗലിദ് സദസ്സും മദ്‌റസയിലെ മീലാദ് ആഘോഷങ്ങളുമൊക്കെയാണ് ചെറുപ്പകാലത്ത് അശ്‌റഫുൽ ഖൽഖ് ത്വാഹാ റസൂൽ(സ്വ)യിലേക്കും മദീനയിലേക്കുമുള്ള മനസ്സിനെ പാകപ്പെടുത്തുന്നത്. റബീഉൽ അവ്വൽ ആഗതമായാൽ നാട്ടിലെ വീടുകളിലെല്ലാം മൗലിദ് സദസ്സുകളുണ്ടാവും. ഇത്രയൊന്നും സാമ്പത്തിക അഭിവൃദ്ധി നേടാത്ത കാലമല്ലേ, എങ്കിലും ഓരോരുത്തരും ഉള്ളതിനനുസരിച്ച് വിഭവങ്ങളൊരുക്കി പരമാവധി വിപുലമാക്കും മൗലിദുകൾ. ഉസ്താദുമാരെയും അയൽവാസികളെയും വിളിക്കും. ഇത്തരം മൗലിദ് സദസ്സുകൾക്കെല്ലാം നേതൃത്വം നൽകുന്ന ആളായിരുന്നു എന്റെ പിതാവ്.
പഠിച്ചിരുന്ന സ്കൂളിലും മൗലിദ് ഉണ്ടാകും. അന്ന് മദ്റസയും സ്കൂളും ഒന്നുതന്നെയാണല്ലോ. മൗലിദ് ഇല്ലാത്ത ഒരു മുസ്‌ലിം വീടും ആ കാലത്ത് ഉള്ളതായി എന്റെ അറിവിലില്ല. റബീഉൽ അവ്വൽ പന്ത്രണ്ട് വരെ എല്ലാ വീടുകളിലും വീട്ടുകാർ കൂടിയിരുന്ന് മൗലിദ് ഓതും. കുട്ടികൾക്ക് മൗലിദ് പഠിക്കാനും ഇത്തരം മജ്‌ലിസുകളോട് പ്രിയമുണ്ടാവാനും തിരുനബി(സ്വ)യെ അറിയാനും ഈ മൗലിദ് സഹായകമാകും. പന്ത്രണ്ടിന് ശേഷം എല്ലാവരെയും ക്ഷണിച്ചു ഓരോ വീട്ടിലും വലിയ മൗലിദ് സദസ്സും സംഘടിപ്പിക്കും.
മൻഖൂസ് മൗലിദ്, ബർസൻജി മൗലിദ്, ശർറഫൽ അനാം മൗലിദ് എന്നിവയൊക്കെയായിരുന്നു കാര്യമായി ഓതിയിരുന്നത്. വലിയ സംവിധാനങ്ങൾ ഇല്ലെങ്കിലും ഇന്നത്തേക്കാൾ അനുഭൂതി അന്നത്തെ സദസ്സുകൾക്കും മീലാദ് ആഘോഷങ്ങൾക്കുമുണ്ടായിരുന്നു. നബിദിനമായാൽ മദ്‌റസ വൃത്തിയാക്കി വർണ കടലാസ് കൊണ്ടുള്ള മാല തൂക്കും. ഈന്ത് പട്ട കൊണ്ടും കുരുത്തോലകൊണ്ടും കമാനങ്ങളുണ്ടാക്കി അലങ്കരിക്കും. എല്ലാ മദ്റസയിലുമുള്ള കുട്ടികൾക്ക് ഉസ്താദുമാർ നബി ചരിത്രങ്ങളും ഗുണപാഠങ്ങളും പ്രമേയമാവുന്ന പ്രസംഗങ്ങളും കഥകളും എഴുതിനൽകി പരിശീലിപ്പിക്കും. പന്ത്രണ്ടിന് കാന്തപുരത്തുള്ള മൂന്നാല് മദ്‌റസകളിലെ കുട്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി റാലി നടത്തും. ഇന്നത്തെ രൂപത്തിൽ വലിയ റാലികൾ ഒന്നും സംഘടിപ്പിക്കാനുള്ള സാഹചര്യം അന്നുണ്ടായിരുന്നില്ല. പിന്നീട് വർഷം മാറും തോറും നബിദിന റാലികൾ കൂടുതൽ ഉഷാറായിത്തുടങ്ങി. ഓരോ കാലത്തെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി റാലികൾ ആകർഷണീയമാക്കാൻ വിശ്വാസികൾ മത്സരിച്ചു.
ബാഖിയാത്തിലെ പഠനശേഷം മങ്ങാട് ദർസ് നടത്തുമ്പോൾ പണ്ഡിതന്മാരുടെയും കാരണവന്മാരുടെയും നേതൃത്വത്തിൽ കുട്ടികളുടെ വലിയ റാലി നടത്തിയിരുന്നു. അന്നവിടെ സ്കൂളിൽ വെച്ചാണ് നബിദിനറാലിക്ക് തുടക്കം കുറിച്ചത്. ഹൈന്ദവ വിദ്യാർത്ഥികളടക്കം എല്ലാ വിദ്യാർത്ഥികളും ആവേശത്തോടെ റാലിയിൽ നടക്കും. നേർച്ചകൾ പോലെ നമ്മുടെ മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്ന സന്ദർഭങ്ങൾ കൂടിയാണ് നബിദിനറാലികൾ അന്നും ഇന്നും. ഉച്ചഭാഷിണിയൊക്കെ ഉപയോഗപ്പെടുത്തുന്ന വലിയ പരിപാടിയായിരുന്നുവത്. മൈക്ക് ഉണ്ട് എന്നത് അന്നത്തെ പരിപാടികളുടെ വലിപ്പവും ആകർഷണീയതയുമാണ്. പൂനൂർ കുഞ്ഞിബ്രാഹീം മുസ്‌ലിയാർ എന്ന വലിയ പണ്ഡിതനായിരുന്നു അന്ന് പ്രസംഗിക്കാൻ വന്നത്. അദ്ദേഹം ആ കാലത്ത് പൂനൂരും പരിസരത്തും അറിയപ്പെട്ട പ്രഭാഷകനായിരുന്നു.
ചെറുപ്രായത്തിൽ ഇത്തരം നബിദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് റസൂൽ(സ്വ)യെ അറിയാനും പ്രിയമുണ്ടാവാനും മദീനയിലേക്ക് ആകർഷിക്കപ്പെടാനും കാരണമാവുന്നുണ്ടെന്നത് നേരാണ്. ഉമ്മയും ഉപ്പയും ഉസ്താദുമാരും വളർന്ന നാടും അന്തരീക്ഷവുമെല്ലാമാണ് തിരുനബിയിലേക്കുള്ള നമ്മുടെ മനസ്സിനെ ഒരുക്കുന്നത്. മദീനയിലേക്കുള്ള നമ്മുടെ ചുവടുകളെ പാകപ്പെടുത്തുന്നത്. മീലാദ്-മൗലിദ് ആഘോഷങ്ങളിലൂടെയാണ് മദീന വിശ്വാസികളുടെ അടങ്ങാത്ത ആഗ്രഹമാവുന്നതും തിരുസവിധമണയുകയെന്നത് ജീവിതാഭിലാഷമാവുന്നതും. മദീനയിലേക്കുള്ള വഴി ഹൃദയത്തിൽ നിന്ന് ഉറവെടുക്കുന്നതും ഇങ്ങനെയൊക്കെയാണ്.
(തുടരും)