Travelogue
സുരബായയുടെ സൗരഭ്യം
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിലായിരുന്നു ഈ മഹാരഥന്മാർ ഇന്തോനേഷ്യയിൽ ഇസ്‌ലാമിന്റെ ദീപശിഖയുമായി കടന്നുവന്നത്.

ഇന്തോനേഷ്യയിൽ വാഹനം എവിടെ നിർത്തിയാലും പാർക്കിംഗിൽ ആളുണ്ടാകും. ആവശ്യമായ നിർദേശങ്ങൾ നൽകും. പക്ഷേ, നല്ല ഫീയും നൽകണം. ചെറിയ സ്ഥലങ്ങളിൽ പോലും അതൊഴു കീഴ്‌വഴക്കമാണ്. പാർക്കിംഗ് ഫീ ഇനത്തിൽ തന്നെ ടാക്സിക്കാർക്ക് നല്ല സംഖ്യ ചെലവാകും. ആർക്കാണ് അതിന്റെ ഭാരം എന്ന് പറയേണ്ടതില്ലല്ലോ. അതുകൂടി മുൻകൂട്ടി കണ്ടാണ് ഡ്രൈവർമാർ നമ്മോട് വാടക പറയുക. പുറമെ റോഡിലെ അമിത ടോൾ വേറെയും. ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ടോൾ ബൂത്തുകൾ. കന്പ്യൂട്ടറൈസ്ഡ് സംവിധാനങ്ങളാണ്. ആൾ സാന്നിധ്യം അപൂർവം.പലപ്പോഴും ടോളൊഴിവാക്കാൻ ഡ്രൈവർമാർ ഹൈവേയിൽ നിന്ന് മാറിയാണ് സഞ്ചരിക്കുക. സമയനഷ്ടമാണ് അതിന്റെ ബാക്കിപത്രം.
എത്തേണ്ടിടത്ത് എത്താൻ നേരം വൈകുമെന്ന് മാത്രം. നമ്മുടെ നാട്ടിലേത് പോലെ ഹോണടിക്കുന്ന സ്വഭാവം കുറവാണ് ഇവിടെ.എല്ലായ്പ്പോഴുമല്ല, എപ്പോഴെങ്കിലും മുഴക്കാനുള്ളതാണ് ഹോൺ. പ്രധാന ഹൈവേകളിൽ ബൈക്കുകൾക്ക് നിയന്ത്രണമുണ്ട്.കാറിന് എളുപ്പത്തിൽ എത്താവുന്ന ഇടങ്ങളിലേക്ക് ബൈക്കിൽ പുറപ്പെട്ടാൽ ചിലപ്പോൾ ഇരട്ടി സമയമായെന്ന് വരും.
ജാവാ ദ്വീപിൽ ഇസ്‌ലാമിക പ്രചാരണത്തിന് നേതൃത്വം നൽകിയ ഒമ്പത് ഔലിയാക്കളുടെ ചരിത്രശേഷിപ്പുകൾ തേടിയുള്ള പ്രയാണത്തിലാണ്. ഹബീബ് സൈൻ ബാഅ്ബൂദ് തങ്ങൾ അവരുടെ മഹത്വങ്ങൾ വിശദീകരിച്ചു തരുന്നുണ്ട്. സുനൻ എന്ന വിശേഷണ നാമത്തിലാണ് അവർ ഓരോരുത്തരും അറിയപ്പെടുന്നത്. ഔലിയാഉത്തിസ്അ, വാലി സോംഗോ എന്നീ പേരുകളിലും അവർ അറിയപ്പെടുന്നുണ്ട്.
ഹിജ്റ ഒമ്പതാം നൂറ്റാണ്ടിലായിരുന്നു ഈ മഹാരഥന്മാർ ഇന്തോനേഷ്യയിൽ ഇസ്‌ലാമിന്റെ ദീപശിഖയുമായി കടന്നുവന്നത്. ഹിന്ദു ബുദ്ധ മതങ്ങൾക്കായിരുന്നു അതിനുമുമ്പ് രാജ്യത്ത് സ്വാധീനമുണ്ടായിരുന്നത്. സൂഫികളുടെ നേതൃത്വത്തിലുള്ള സമാധാനപൂർണമായ സത്യദീനിന്റെ ഈ വ്യാപനത്തെ ഓറിയന്റലിസ്റ്റ് ചരിത്രകാരന്മാർ പോലും വളരെയധികം അത്ഭുതത്തോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യമനിലെ ഹളറമൗത് നിവാസികളായ പ്രവാചക സന്താന പരമ്പരയിലേക്കാണ് വാലി സോംഗോയുടെ വംശാവലി ചെന്നുചേരുന്നത്. ഇന്ത്യയിലേക്കായിരുന്നു അവർ ആദ്യം കടൽ താണ്ടിയെത്തിയത്.
ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളായിരുന്നു കർമഭൂമിക.
ഇരു ദേശങ്ങളിലെയും ദീനീ പ്രബോധനത്തിൽ മുഖ്യ പങ്കുവഹിച്ച അവർ ആലു അളമത് ഖാൻ എന്ന പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ അടയാളപ്പെട്ടു കിടക്കുന്നത്.സുനൻ ആംപെൽ, സുനൻ മാലിക് ഇബ്രാഹിം, സുനൻ ഗിറി, സുനൻ ബോനാങ്, സുനൻ ദ്രജത്, സുനൻ മുറിയ, സുനൻ കുടുസ്, സുനൻ കലിജഗ, സുനൻ ഗുനുങ് ജതി എന്നിവരാണ് വലി സോംഗോയിലെ അംഗങ്ങൾ. വിവിധ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഇവരുടെ ദർഗകൾ ജാവയിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളാണ്.
ശാഫിഈ മദ്ഹബ് അനുധാവനം ചെയ്ത് ജീവിച്ചവരായിരുന്നു വാലി സോംഗോ. അതിന്റെ പ്രതിഫലനമായാണ് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാൻഡ്, ഫിലിപ്പൈൻസ്, ചൈന എന്നീ രാജ്യങ്ങളിലെ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഘടകമായി ശാഫിഈ കർമശാസ്ത്ര സരണി മാറിയത്.വാലീ സോംഗോ സിയാറത്തിന് ചില അലിഖിത നിയമങ്ങളുണ്ട്.അവരിൽ സുനൻ ആംപെലിനെയാണ് ആദ്യം സന്ദർശിക്കേണ്ടത്.അങ്ങനെ തുടങ്ങാമെന്ന തീരുമാനത്തിലാണ് ഞങ്ങൾ സുരബായയിലേക്ക് വിമാന ടിക്കറ്റ് എടുത്തത്. ആംപെൽ എന്നത് പ്രാദേശിക സ്ഥലനാമമാണ്.
യഥാർഥ നാമം സയ്യിദ് അലി റാഡെൻ അഹ്‌മദ് റഹ്മത്തുല്ലാഹ്(റ).ക്രിസ്തുവർഷം 1401ൽ വിയറ്റ്നാമിലെ ചമ്പയിലാണ് ജനനം. പിതാവ് ഉസ്ബകിസ്ഥാനിലെ ബുഖാറ സ്വദേശി സയ്യിദ് ഇബ്റാഹിം സമർഖന്ദി. മാതാവ് ചമ്പാ രാജകുമാരിയും.1443ൽ മാതൃ സഹോദരനായ മജാപഹിത് ഹിന്ദു രാജാവിനെ കാണാനാണ് സുനൻ ആംപെൽ ഇന്തോനേഷ്യയിൽ എത്തുന്നത്.മജാപഹിത് രാജവംശം ശക്തമായ ആഭ്യന്തര പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു അത്.പ്രസ്തുത പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിച്ച അദ്ദേഹത്തിന് രാജാവ് സുരബായയിലെ ആംപെലിൽ ധാരാളം ഭൂസ്വത്ത് ഉപഹാരമായി നൽകി.
അവിടെ ഒരു പള്ളി നിർമിച്ച് സുനൽ ആംപെൽ പ്രബോധന പ്രവർത്തനങ്ങൾ സജീവമാക്കി. മോ ലിമോ അഥവാ മദ്യപാനം, വേശ്യാവൃത്തി, ചൂതാട്ടം, കറുപ്പ്, മോഷണം എന്നീ അഞ്ചു പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ജാവന്‍ ജനതയിൽ വലിയ പരിവർത്തനം സൃഷ്ടിച്ചു. അതുവഴി ജനങ്ങൾ സ്വമേധയാ ഇസ്‌ലാം സ്വീകരിക്കുകയും രാജാധിപത്യത്തിന് പകരം ഡിമാക് സുൽത്താനേറ്റ് നിലവിൽ വരികയും ചെയ്തു.