Uae
യു എ ഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണത്തില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് ഉപഭോക്താക്കളും ട്രാവല്‍ രംഗത്തുള്ളവരും പറയുന്നത്.
അബൂദബി | യു എ ഇയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ് അലവന്‍സില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഗസ്റ്റ് 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട് പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ് വാല്യൂ, കോര്‍പ്പറേറ്റ് ഫ്‌ലക്‌സ് എന്നിവക്ക് മാത്രമാണ് ബാധകമെന്ന് എയര്‍ലൈന്‍സ് വിശദീകരിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന റീടെയില്‍ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യു എ ഇ ഒഴികെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ക്കുളള സൗജന്യ ബാഗേജ് അലവന്‍സ് 30 കിലോയായും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത് 20 കിലോയായും തുടരും. കൂടാതെ, പ്രത്യേക പ്രമോഷന്‍ ക്യാമ്പയിനുകളുടെ ഭാഗമായി 70 ശതമാനം വരെ കിഴിവോടെയുള്ള ബാഗേജ് അലവന്‍സുകളും എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
യു എ ഇയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ പ്രത്യേക നിരക്കായ 50 ദിര്‍ഹത്തിന് അഞ്ച് കിലോ ബാഗേജും 75 ദിര്‍ഹത്തിന് പത്ത് കിലോ ബാഗേജും അധികമായി കൊണ്ടുപോകാം. വിമാനക്കമ്പനി വ്യക്തമാക്കി.എന്നാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിശദീകരണത്തില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് ഉപഭോക്താക്കളും ട്രാവല്‍ രംഗത്തുള്ളവരും പറയുന്നത്. യു എ ഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സാധാരണ ബുക്കിംഗില്‍ 20 കിലോ മാത്രമാണ് സൗജന്യ ബാഗേജ് ആയി ലഭിക്കുന്നത്. യു എ ഇ സെക്ടറില്‍ മാത്രമാണ് ഈ കുറവ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 30 കിലോ അനുവദിക്കുന്നുണ്ട്.