Articles
പുതുപ്പള്ളിക്കാര്‍ ഒന്നും മറന്നില്ല
അമ്പത്തിമൂന്ന് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാള്‍ പ്രതിനിധാനം ചെയ്ത പുതുപ്പള്ളി നിയോജക മണ്ഡലം വികസനം എത്തിനോക്കാത്ത മരുഭൂപ്രദേശം ആണെന്ന നരേറ്റീവ് ആത്യന്തികമായി ഇടത് പക്ഷത്തിന് ദോഷം തന്നെയാണ് വരുത്തിയത്
അമ്പത് വര്‍ഷത്തിലേറെ കാലം തുടര്‍ച്ചയായി ഒരേ ആള്‍ തന്നെ ഒരു നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുക എന്നത് ലോക പാര്‍ലിമെന്ററി ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വതയാണ്. അതുകൊണ്ട് കൂടിയാണ്, പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തരമുള്ള ഉപതിരഞ്ഞെടുപ്പ് ശ്രദ്ധ പിടിച്ചുപറ്റിയത്. മരിക്കുന്നതിന് തൊട്ട് മുമ്പുള്ള കാലയളവില്‍, കേരളത്തിലെ ജനകീയനായ മുഖ്യമന്ത്രി എന്ന് ഉറപ്പിച്ച് തന്നെ പറയാവുന്ന ഉമ്മന്‍ ചാണ്ടിക്ക് അഗ്നിപരീക്ഷണങ്ങള്‍ ഏറെ നേരിടേണ്ടി വന്നു. പലപ്പോഴും രാഷ്ട്രീയമായ ആരോപണങ്ങള്‍ അതിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു. അതിന്റെ കൂട്ടത്തില്‍ മാരക രോഗവും കൂടി അദ്ദേഹത്തെ പരിക്ഷീണിതന്‍ ആക്കുകയായിരുന്നു. എന്നാല്‍ ആ മരണം സംഭവിച്ചതിന് ശേഷം, അഭൂതപൂര്‍വമായ ഒരു യാത്രയയപ്പ് അദ്ദേഹത്തിന് കിട്ടി.
അത്തരമൊരു അതിവൈകാരിക പരിസരത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. നമുക്ക് വികസനത്തെക്കുറിച്ച് സംസാരിക്കാം എന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിച്ചത്. എന്നാല്‍ അമ്പത്തിമൂന്ന് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയെപ്പോലെ ഒരാള്‍ പ്രതിനിധാനം ചെയ്ത പുതുപ്പള്ളി നിയോജക മണ്ഡലം വികസനം എത്തിനോക്കാത്ത മരുഭൂപ്രദേശം ആണെന്ന നരേറ്റീവ് ആത്യന്തികമായി ഇടത് പക്ഷത്തിന് ദോഷം തന്നെയാണ് വരുത്തിയത്. എന്താണ് മണ്ഡലത്തിനകത്ത് ഉമ്മന്‍ ചാണ്ടി നടപ്പാക്കിയ വികസനം എന്നതിനെപ്പറ്റി സ്വാഭാവികമായി കോണ്‍ഗ്രസ്സ് മറുപടി പറയാന്‍ നിര്‍ബന്ധിതമായി. അതോടൊപ്പം “എന്താണ് വികസനം’ എന്നതിനെക്കുറിച്ച് പുതിയ ഒരു ചര്‍ച്ച ഉയര്‍ന്ന് വന്നു എന്നതാണ് ഏറ്റവും പ്രധാനം. അടിത്തട്ടിനെ തൊടുന്ന സമഗ്രമായ വികസന സങ്കല്‍പ്പമായിരുന്നു ഉമ്മന്‍ ചാണ്ടി ഉയര്‍ത്തിക്കാട്ടിയത്.
സംസ്ഥാനത്ത് പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് തുടക്കം കുറിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടി. സ്വന്തം നിയോജക മണ്ഡലത്തില്‍, വരുമാനമില്ലാത്ത രോഗികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് സൗജന്യ നിരക്കില്‍ മരുന്ന് കൊടുക്കുന്നതടക്കമുള്ള സംവിധാനങ്ങള്‍ അഭംഗുരം തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് എങ്ങനെയായാലും അത് എത്തിച്ച് കൊടുക്കുക, ആവശ്യക്കാര്‍ക്ക് മുമ്പില്‍ “അവയ്‌ലബിള്‍’ ആകുക എന്നതൊക്കെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സാന്ത്വന സ്പര്‍ശമുള്ള വികസനം. ഏതൊരു പദ്ധതി നടപ്പാക്കുമ്പോഴും ഏറ്റവും സാധാരണക്കാരനെ ഓര്‍ക്കുക എന്ന ഗാന്ധിയുടെ ഉദ്ധരണി തന്നെയാണ് വികസനത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മാതൃക. ആ വികസന മാതൃകക്ക് കൂടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഈ തിരഞ്ഞെടുപ്പിലും പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ നന്‍മകളുടെ പ്രതിഫലം തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് ലഭിച്ചതും. അതുകൊണ്ട് തന്നെയാണ് നിരവധി അടിയൊഴുക്കുകള്‍ക്ക് അവസരം ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിക്കാന്‍ ചാണ്ടിക്ക് കഴിഞ്ഞത്.