earth quake
നിറഞ്ഞ കിണര്‍ ഭൂചലനത്തിനു പിന്നാലെ വറ്റിവരണ്ടു
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു

പാലക്കാട് | കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നേരിയ ഭൂചലനത്തിന് പിന്നാലെ കിണര്‍ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ 70 വര്‍ഷം പഴക്കമുള്ള കിണറാണ് പൊടുന്നനെ വറ്റി വരണ്ടത്.
ചൊവ്വാഴ്ച കിണറ്റിലെ മോട്ടോര്‍ ഓണ്‍ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. നോക്കിയപ്പോള്‍ നിറയെ വെള്ളമുണ്ടായിരുന്ന കിണര്‍ പൂര്‍ണമായി വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും അല്‍പ്പ സമയത്തിനകം അതും വാര്‍ന്നുപോയ അവസ്ഥയാണ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് കിണറില്‍ നിന്ന് വെള്ളം വാര്‍ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. നാട്ടുകാര്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തെ തുടരന്നു മണ്ണില്‍ ഉണ്ടായ വിള്ളലായിരിക്കാം വെള്ളം ചോര്‍ന്നുപോവാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം.
റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂര്‍ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്. വറ്റിയ കിണര്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.