Connect with us

Articles

രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഭാവി

സര്‍വ സന്നാഹത്തോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിനിറങ്ങി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരാമെന്ന് കരുതിയിടത്തു നിന്ന് ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും ദയാവായ്പുകളോടെ അധികാരത്തില്‍ തുടരേണ്ടി വരുന്നതിലെ ദൈന്യത മോദിയുടെ രാഷ്ട്രീയ ഭാഷയില്‍ മാത്രമല്ല, ബി ജെ പിയുടെ രാഷ്ട്രീയ അജന്‍ഡകളില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്

Published

|

Last Updated

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ പരാജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ ഹിന്ദുത്വത്തിന് ഇക്കഴിഞ്ഞ പതിറ്റാണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ്. ഭൂരിപക്ഷ ധ്രുവീകരണത്തിലൂടെ നേട്ടം പ്രതീക്ഷിച്ച് കൂടിയ അളവില്‍ വെറുപ്പ് പ്രചരിപ്പിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയും സര്‍വ സന്നാഹത്തോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിനിറങ്ങി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരാമെന്ന് കരുതിയിടത്തു നിന്ന് ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും ദയാവായ്പുകളോടെ അധികാരത്തില്‍ തുടരേണ്ടി വരുന്നതിലെ ദൈന്യത മോദിയുടെ രാഷ്ട്രീയ ഭാഷയില്‍ മാത്രമല്ല, ബി ജെ പിയുടെ രാഷ്ട്രീയ അജന്‍ഡകളില്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഈ തിരിച്ചടിയെ എത്രമാത്രം സൂക്ഷ്മതയോടെ ബി ജെ പിക്ക് കൈകാര്യം ചെയ്യാനാകും എന്നിടത്താണ് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ഭാവി നിര്‍ണയിക്കപ്പെടുക.

ഉത്തര്‍ പ്രദേശില്‍
സംഭവിക്കുന്നത്
ബി ജെ പിയുടെ ഒരു കണക്കിലും ഉത്തര്‍ പ്രദേശിലെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ല. മാത്രവുമല്ല ഏറ്റവും കൂടുതല്‍ നേട്ടം പ്രതീക്ഷിക്കുക കൂടി ചെയ്തിരുന്ന സംസ്ഥാനമാണ്. രാമക്ഷേത്രവും യോഗിയുടെ ഭരണ ശൈലിയും ഉത്തര്‍ പ്രദേശിലെ ഹിന്ദു വോട്ട് ബേങ്കിനെ വലിയ അളവില്‍ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിടത്താണ് രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയിലടക്കം ബി ജെ പിക്ക് പരാജയം രുചിക്കേണ്ടി വന്നത്. പരാജയപ്പെട്ടു എന്നതിനേക്കാള്‍ ഒരു ദളിത് വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് അയോധ്യക്കാരുടെ എം പി എന്നത് കൂടിയാണ് ഹിന്ദുത്വർക്ക് ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നത്. ഇതാണ് രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ അടിത്തറ ഇളകുന്നതിന്റെ ഏറ്റവും വലിയ നേര്‍സാക്ഷ്യം. യു പിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ഗ്രൗണ്ടില്‍ പണിയെടുത്ത് തുടങ്ങിയ അഖിലേഷ് യാദവ് നിയമസഭയിലെ തോല്‍വിക്ക് ശേഷവും ആശയപരമായും സംഘടനാപരമായും ഉത്തര്‍ പ്രദേശില്‍ പറഞ്ഞ രാഷ്ട്രീയം തന്നെയാണ് ബി ജെ പിയുടെ അടിത്തറ ഇളക്കിയത് എന്ന് നിസ്സംശയം പറയാം. യോഗി വലിയ കള്‍ട്ടായി നിലനില്‍ക്കെ തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷത്തിന് മറ്റു ഹിന്ദുത്വ ബെല്‍റ്റുകളെയും തകര്‍ക്കാനാകുമെന്ന ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഹിന്ദി ബെല്‍റ്റില്‍ ബി ജെ പി സ്വാധീന ശക്തിയായി നിലകൊള്ളുന്ന സംസ്ഥാനങ്ങളിലൊന്നും ഹിന്ദുത്വ രാഷ്ട്രീയത്തിന് അധികകാലം ഈ രീതിയില്‍ നിലനില്‍ക്കാനാകില്ല എന്നതാണ് വസ്തുത. ബിഹാര്‍ മാറ്റി നിര്‍ത്തിയാല്‍ ഹിന്ദി ബെല്‍റ്റിലെ മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി മാറാന്‍ മികച്ച നേതാക്കന്മാരുണ്ടായിരുന്നില്ല. കമല്‍നാഥും ദിഗ് വിജയ് സിംഗും ഹിന്ദുത്വ രാഷ്ട്രീയത്തെ പുണരാന്‍ ശ്രമിച്ച മധ്യപ്രദേശിലാണ് പ്രതിപക്ഷം ഏറ്റവും ദുര്‍ബലമായതും. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ പിടിച്ചു നില്‍ക്കാന്‍ ബി ജെ പിക്ക് വര്‍ഗീയ ധ്രുവീകരണം മാത്രം മതിയാകില്ല എന്നതാണ് ഉത്തര്‍ പ്രദേശ് ബി ജെ പിയെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം. മാത്രമല്ല ഹിന്ദുത്വം ഉത്തര്‍ പ്രദേശിന്റെ സാമൂഹിക ക്രമത്തെ പോലും മാറ്റുന്ന തരത്തില്‍ ഭീകരമായ അളവില്‍ സാംസ്‌കാരിക വളര്‍ച്ച കൈവരിച്ചിട്ടും അതിന് രാഷ്ട്രീയ ഹിന്ദുത്വത്തെ കൈവിടാന്‍ പാകത്തില്‍ സ്വാതന്ത്ര്യ ബോധമുണ്ട് എന്നത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകും.

ഹിന്ദുത്വത്തിന്
ഉദ്ദവ് താക്കറെയുടെ ചെക്ക്
ബി ജെ പിയുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്നാണ് 2019ല്‍ എന്‍ ഡി എ സഖ്യത്തില്‍ നിന്ന് ശിവസേന കോണ്‍ഗ്രസ്സിനും എന്‍ സി പിക്കുമൊപ്പം ചേരുന്നത്. തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ വോട്ടുറപ്പിച്ച പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിനും എന്‍ സി പിക്കുമൊപ്പം എത്രകാലം ആയുസ്സുണ്ടാകുമെന്നത് വലിയ ചോദ്യചിഹ്നമായിരുന്നു. ഏക്നാഥ് ഷിന്‍ഡെ ബാലാ സാഹിബിന്റെ യഥാര്‍ഥ പിന്‍ഗാമിയാണെന്ന് അവകാശപ്പെട്ട് നന്നായി വര്‍ഗീയത വിളമ്പിയപ്പോള്‍, മുസ്‌ലിം വോട്ട് കൂടി പ്രതീക്ഷിക്കുന്ന ഉദ്ദവ് താക്കറെക്ക് മിണ്ടാന്‍ പരിമിതികളുണ്ടായിരുന്നു. മുസ്‌ലിം വിദ്വേഷം ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ട മറാത്ത മണ്ണില്‍ കാലങ്ങളായി പോരടിച്ച മുസ്‌ലിംകള്‍ ശിവസേനക്കൊപ്പം നിന്നതോടെ ഫലം വന്നപ്പോള്‍ 48 സീറ്റില്‍ 30 ഇടത്തും മഹാ വികാസ് അഘാഡി വിജയിച്ചു. അവിടെ തോറ്റത് ബി ജെ പി മാത്രമായിരുന്നില്ല, ബാല്‍താക്കറെയുടെ പ്രത്യയശാസ്ത്രം കൂടിയായിരുന്നു.
ശിവസേനയുടെ പ്രതിപക്ഷത്തേക്കുള്ള കൂടുമാറ്റമാണ് നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന ഹിന്ദുത്വത്തിന് ലഭിച്ച ഏറ്റവും വലിയ അപായ സൂചന. അത് തിരിച്ചറിയാന്‍ കഴിയാതെ പോയതിലെ വീഴ്ച സംഘ്പരിവാരത്തിന് നന്നായി മനസ്സിലാകാന്‍ ജൂണ്‍ അഞ്ച് വരെ കാത്തിരിക്കേണ്ടി വന്നു എന്നതാണ് സത്യം. ഹിന്ദുത്വത്തിന് വളരാന്‍ ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ശക്തിയോ പിന്‍ബലമോ ആവശ്യമില്ലാത്ത വിധം അത് ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ സാംസ്‌കാരിക അടിത്തറയുണ്ടാക്കി എടുത്തിട്ടുണ്ട്. നാളിതുവരെയും ഹിന്ദുത്വത്തിന്റെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി നിലനിന്ന ശിവസേനക്ക്, ഉദ്ദവ് താക്കറെയുടെ രാഷ്ട്രീയ ചുവടുമാറ്റത്തിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്ര മാറ്റങ്ങളില്‍ പോലും, പ്രസക്തി നഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ ഹിന്ദുത്വ തണലിലല്ല ആ പാര്‍ട്ടി നിലകൊള്ളുന്നത് എന്ന വസ്തുത ഓര്‍ക്കണം.

കേരളത്തിലെ ഹിന്ദുത്വ പ്രതീക്ഷ
അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തിരിച്ചുപിടിക്കാന്‍ നടത്തിയ പോരാട്ടമായിട്ടാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്. സമാനമായ ഒരു രാഷ്ട്രീയ പോരാട്ടമായിരുന്നു 2024ലേതും. അടിയന്തരാവസ്ഥക്ക് പിറകെ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിന് അനുകൂലമായി വോട്ട് ചെയ്താണ് കേരളം കോൺഗ്രസ്സ് സ്ഥാനാർഥികൾക്ക് മികച്ച വിജയം സമ്മാനിച്ചത്. രാജന്‍ കൊലക്കേസ് അടക്കം കത്തി നിന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇന്ത്യയില്‍ ആഞ്ഞടിച്ച ജനമുന്നേറ്റത്തിന് എതിര്‍ദിശയിലായിരുന്നു കേരളം. സമാനമായ ഒരു രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് ഈ തിരഞ്ഞെടുപ്പോടെ കേരളം മാറിക്കൊണ്ടിരിക്കുന്നത്. സാങ്കേതികമായി യു ഡി എഫ് വിജയിച്ചു എന്ന് പറയുന്നിടത്തും തൃശൂരില്‍ ബി ജെ പി നേടിയ വിജയവും കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി പിടിച്ച വോട്ടുകളും ആശങ്കയുണ്ടാക്കുന്നതാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ എല്ലാ കാലത്തും പടിക്കു പുറത്തു നിര്‍ത്തിയ മലയാളിക്ക് അവരുടെ സ്വാഭാവിക തിരഞ്ഞെടുപ്പായി ബി ജെ പി മാറുകയാണ്. ഈ തിരഞ്ഞെടുപ്പ് ഹിന്ദുത്വത്തിന് ഏറ്റവും വലിയ നേട്ടമായി മാറുന്നത് അങ്ങനെയാണ്. ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും ബി ജെ പിക്ക് വലിയ അളവില്‍ വോട്ടുയര്‍ത്താനാകുന്നുണ്ട്. മാത്രമല്ല, ക്രിസ്ത്യന്‍ വോട്ടുബേങ്കിനെ കൂടി പെട്ടിയിലാക്കാനുള്ള രാഷ്ട്രീയ കൗശലം അവര്‍ നേടിയെടുത്തു. വര്‍ഗീയ കലാപങ്ങളില്ലാതെ തന്നെ മുസ്‌ലിം വിദ്വേഷം ഒന്ന് കൊണ്ട് മാത്രം ന്യൂനപക്ഷ വോട്ടില്‍ വിള്ളലുണ്ടാക്കാനും അത് തങ്ങള്‍ക്കനുകൂലമാക്കി മാറ്റാനും കഴിഞ്ഞു എന്നതാണ് ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും വലിയ സാധ്യത. ഒരുപക്ഷേ, ഈ കേരള മോഡല്‍ രാഷ്ട്രീയമാകും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തമിഴ്‌നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ ബി ജെ പി പരീക്ഷിക്കുക. മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ഇടവും വലവും നിന്ന് ഭരണത്തെ നിയന്ത്രിച്ചാല്‍ തീവ്ര ഹിന്ദുത്വ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടി വരും. അല്ലാതെ രാഷ്ട്രീയ ഹിന്ദുത്വത്തിന് നിലനില്‍ക്കാനാകില്ല എന്നതാണ് ഉത്തര്‍ പ്രദേശും മഹാരാഷ്ട്രയും ബി ജെ പിയെ പഠിപ്പിക്കുന്നത്. അതേസമയം, കേരളത്തില്‍ പരീക്ഷിച്ചു വിജയിക്കുന്ന ഹിന്ദുത്വത്തിന്റെ പുതിയ രൂപത്തിലേക്ക് ബി ജെ പി മാറുമോ എന്നതും കണ്ടറിയേണ്ടി വരും.

Latest