cover story
ഗാന്ധിമാർഗം
ഓരോന്നായി മറവിയിലേക്ക് തള്ളപ്പെടുന്പോഴും സ്റ്റാന്പ് ശേഖരണം എന്നതിലൂടെ ഗാന്ധി സ്മരണ നിലനിർത്തുകയാണ് നെല്ലാട് കണ്ണോലില്‍ ജേക്കബ് മത്തായി എന്ന അറുപത്തിയൊന്പതുകാരൻ. ഇന്ത്യയുൾപ്പെടെ 154 രാജ്യങ്ങളില്‍ നിന്നുള്ള 4,300 ഗാന്ധി സ്റ്റാന്പുകളും കവറുകളും മറ്റും ഇദ്ദേഹത്തിന്റെ അപൂർവ ശേഖരത്തിലുണ്ട്.
ഗാന്ധിജിയുടെ വാസസ്ഥലം വ്യക്തിഗത ബോധത്തിന്റെ ഇടുങ്ങിയ വലയത്തിനുള്ളിലല്ല. ഇന്ന് ഇന്ത്യയില്‍ ജനിച്ചവരും ഇനി വരാനിരിക്കുന്നവരുമായ ജനക്കൂട്ടത്തിന്റെ ഹൃദയത്തിലാണെന്നാണ് ഒരിക്കല്‍ രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ചത്. മറ്റ് ആത്മാക്കളെ മനസ്സിലാക്കാന്‍ ശക്തിയുള്ള അദ്ദേഹത്തിന്റെ ആത്മാവിന്റെ ഈ മഹത്വം നമ്മുടെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്തത് സാധ്യമാക്കിയിരിക്കുന്നതായും രവീന്ദ്രനാഥ ടാഗോര്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അക്രമരഹിതമായ പ്രതിഷേധത്തിന് മാത്രമേ അടിച്ചമര്‍ത്തുന്നവരുടെ മനസ്സിനെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയൂ എന്നതായിരുന്നു ഗാന്ധിയന്‍ ചിന്ത.
ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശമായിരിക്കാം 21ാം നൂറ്റാണ്ടിലെ മനുഷ്യന്റെ നിലനില്‍പ്പിന്റെ താക്കോല്‍. ഗാന്ധിജി കണ്ട ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവും വീക്ഷണപരവും മതപരവും വംശപരവുമായ വൈവിധ്യമാണ്. ആ വൈവിധ്യംതന്നെയാണ് നമ്മുടെ രാഷ്ട്രത്തിന്റെ അനന്യമായ ധൈഷണിക സാംസ്‌കാരിക സമ്പന്നതയുടെയും അടിസ്ഥാനം. ഈ നാനാത്വം വെല്ലുവിളിക്കപ്പെടുന്ന നിമിഷം ഇന്ത്യയുടെ ഏകത്വവും ഇല്ലാതാവും. രാജ്യം ശിഥിലമാകും. അത്രമേല്‍ പരസ്പരാശ്രിതമാണ് ഇന്ത്യയുടെ ഐക്യവൈവിധ്യങ്ങള്‍.
ആയുധമെടുക്കാതെ ധര്‍മയുദ്ധം നടത്തിയ യോദ്ധാവാണ് ഗാന്ധിജിയെന്ന് വള്ളത്തോള്‍ പറഞ്ഞുവെക്കുന്നു. ഇത് വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏറെ പ്രസക്്തവും. വാക്കുകളിലൂടെയും വരികളിലൂടെയും കടന്നുപോകുമ്പോള്‍ അതിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയുടെ തേജോവിഗ്രഹം ആസ്വാദകന്റെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ് എന്റെ ഗുരുനാഥന്‍ എന്ന കവിതയിൽ വള്ളത്തോള്‍ നാരായണ മേനോന്‍. അത്ര സമുജ്ജ്വലമായാണ് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ അനുകരണീയമായ ഗുണഗണങ്ങളെയും ലളിതമായും ചിന്തനീയമായും കവി വിവരിക്കുന്നത്.
ശാന്തിയും സമാധാനവും കളിയാടുന്ന, പ്രജകളുടെ ഹിതം നോക്കി മാത്രം ഭരണം നടത്തുന്ന ഒരു ഭരണാധികാരിയുള്ള രാജ്യത്തെ സ്വപ്‌നം കണ്ടിരുന്ന രാഷ്ട്രപിതാവിന്റെ ജന്മദിനം ഒരിക്കല്‍ കൂടി നമ്മളിലേക്ക് കടന്നുവരുന്നു. ഒക്ടോബർ രണ്ട് അദ്ദേഹത്തിന്റെ ജനനത്തെ അനുസ്മരിക്കുക മാത്രമല്ല, അഹിംസയിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നല്‍കിയ അസാധാരണ സംഭാവനകളുടെ ഓര്‍ത്തെടുക്കലും ആഘോഷങ്ങളുമാണ്. ഗാന്ധിയുടെ പഠിപ്പിക്കലുകള്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച ഗാന്ധി സിനിമക്ക് ശേഷമാണ് ലോകം ഗാന്ധിജിയെ അറിയുന്നതെന്ന ജല്‍പ്പനങ്ങള്‍ നാട്ടില്‍ മുഴങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന്റെ പൈതൃകം സമാധാനത്തിനും നീതിക്കും സാമൂഹിക ഐക്യത്തിനും വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ഒരു വഴികാട്ടിയായി തുടരുന്നു.
സ്റ്റാന്പുകളുടെ രൂപത്തില്‍ അർധ നഗ്നനായ ഫക്കീറിനെ ഓര്‍ത്തെടുക്കുന്നവരില്‍ മലയാളികളുമുണ്ട്. ലോകത്താകമാനം 161 രാജ്യങ്ങള്‍ ഗാന്ധിജിയുടെ ചിത്രമുള്ള തപാല്‍ സ്റ്റാന്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. അതില്‍ 153 രാജ്യങ്ങളുടെ സ്റ്റാന്പുകളും ശേഖരിച്ച അറുപത്തിയൊന്പതുകാരനായ പത്തനംതിട്ട ഇരവിപേരൂര്‍ നെല്ലാട് കണ്ണോലില്‍ ജേക്കബ് മത്തായി എന്ന സണ്ണി ഉള്‍പ്പെടുന്നു. ഇതിന് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്്‌സ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ തപാല്‍ വകുപ്പ് 50 എഡിഷനുകളിലായി പുറത്തിറക്കിയിട്ടുള്ള 97 ഗാന്ധി സ്റ്റാന്പുകള്‍ക്ക് പുറമേയാണിത്. ഇന്ത്യയുൾപ്പെടെ 154 രാജ്യങ്ങളില്‍ നിന്നുള്ള 4300 ഗാന്ധി സ്റ്റാന്പുകളും കവറുകളും മറ്റും ജേക്കബ് മത്തായിയുടെ ശേഖരത്തെ അപൂര്‍വമാക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സിവില്‍ എന്‍ജിനീയറായി വിരമിച്ച ജേക്കബ് മത്തായി 1970ല്‍ സ്റ്റാന്പ് ശേഖരണം തുടങ്ങിയെങ്കിലും 1985 മുതലാണ് ഗാന്ധിജിയുടെ സ്റ്റാന്പുകള്‍ പ്രത്യേകമായി ശേഖരിക്കാന്‍ തുടങ്ങിയത്.
ഗാന്ധിജിയുടെ 80ാം ജന്മദിനത്തില്‍ 1949ല്‍ പുറത്തിറക്കിയ ആദ്യ ഗാന്ധി തപാല്‍ സ്റ്റാന്പുകള്‍, ഇന്ത്യക്ക് പുറത്ത് ആദ്യമായി യു എസ് തയ്യാറാക്കിയ ഗാന്ധി സ്റ്റാന്പ് തുടങ്ങിയവ ഉൾപ്പെടെ ജേക്കബ് മത്തായിയുടെ ശേഖരത്തിലുണ്ട്. 1969ല്‍ ജന്മശതാബ്ദി വേളയില്‍ മഹാത്്മാ ഗാന്ധിക്ക് ആദരവേകി 42 രാജ്യങ്ങള്‍ പുറത്തിറക്കിയ സ്റ്റാന്പുകളില്‍ 39 എണ്ണം ജേക്കബ് മത്തായി സ്വന്തമാക്കിയിട്ടുണ്ട്. ഗാന്ധിജിയോടുള്ള ആദര സൂചകമായി ഇന്ത്യക്ക് പുറത്ത് ആദ്യമായി (പോളണ്ട്) ഇറക്കിയ പോസ്റ്റ് കാര്‍ഡ്, റുമേനിയ പുറത്തിറക്കിയ എന്‍വെലപ്, 2009 ഒക്ടോബര്‍ 2ന് 140ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യു എന്‍ പുറത്തിറക്കിയ സ്റ്റാന്പ്, 2011ല്‍ ഇന്ത്യന്‍ തപാല്‍ വകുപ്പ് ആദ്യമായി ഖദര്‍ തുണിയിലിറക്കിയ സ്റ്റാന്പ്, 2018ല്‍ പുറത്തിറക്കിയ വൃത്താകൃതിയിലുള്ള സ്റ്റാന്പുകള്‍, 2019ല്‍ ഷഡ്ഭുജാകൃതിയിലുള്ള സ്റ്റാന്പുകള്‍, മലേഷ്യ പുറത്തിറക്കിയ വെള്ള സ്വരോവ്‌സ്‌കി ക്രിസ്റ്റല്‍ പതിച്ച സ്റ്റാന്പ് തുടങ്ങിയവ ശേഖരത്തെ അലങ്കരിക്കുന്നു.
ഒരു വ്യക്തിഗത ഫിലാറ്റലിസ്റ്റിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളതുമായ ഗാന്ധി സ്റ്റാന്പ് ശേഖരമാണിത്. ഇന്റര്‍നാഷനല്‍ ബാങ്ക് നോട്ട് സൊസൈറ്റി, നോര്‍ത്ത് കരോലിന ഐ ബി എൻ എസ് ചാപ്റ്റര്‍, സൗത്ത് ഇന്ത്യന്‍ ന്യൂമിസ്മാറ്റിക് സൊസൈറ്റി, ജില്ലാ ഫിലാറ്റലിക് ആന്‍ഡ് ന്യൂമിസ്മാറ്റിക് അസോസിയേഷന്‍ എന്നിവയില്‍ ജേക്കബ് മത്തായിക്ക് അംഗത്വമുണ്ട്.
ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് ആശ്രമജീവിതം നയിച്ച വ്യക്തിയാണ് ഗാന്ധിജി. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വിനയവാനായിരുന്നു അദ്ദേഹം. എളിമയും വിനയവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്. അത് ഗാന്ധിജിയുെട ജീവിതം തെളിയിക്കുന്നു.
മഹാത്മാ ഗാന്ധി മുന്നോട്ടുവെച്ച അടിസ്ഥാന തത്വങ്ങളാണ് ഇന്ത്യയുടെ അടിത്തറ ഭദ്രമാക്കിയത്. എല്ലാ മതങ്ങളിലെയും സദ്ഗുണങ്ങളെ സാംശീകരിച്ചാണ് ഗാന്ധിജി തന്റെ ആശയഗതികള്‍ രൂപപ്പെടുത്തിയത്. തന്റെ രചനകളെല്ലാം തന്റെ മൃതശരീരത്തോടൊപ്പം കത്തിച്ചു കളയണമെന്നും താന്‍ പ്രവൃത്തിച്ചുകാണിച്ച പരിപാടികള്‍ മാത്രം നിലനില്‍ക്കേണ്ടതെന്നുമാണ് ഗാന്ധിജി പറഞ്ഞത്. മഹാത്മാ ഗാന്ധി എന്ന പേര് ഇപ്പോള്‍ ഭൂമിയിലെ ഏറ്റവും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒന്നാണ്.
ഗാന്ധിജിയെ സ്മരിക്കുക എന്നത് ഈ കാലഘട്ടത്തിലെ പ്രതിരോധത്തിന്റെ മാർഗം കൂടിയാണ്. അനന്യസാധാരണമായ ആ വ്യക്തിത്വത്തെ ഓർമകളിൽ നിർത്തുക എന്നുള്ളതു തന്നെ പ്രത്യേകിച്ച് ഗാന്ധി ആശയത്തിന് തന്നെ ഛിദ്രശക്തികൾ മുറിവേൽപ്പിക്കുന്ന ഈ കാലഘട്ടത്തിൽ അനിവാര്യതയാണ്; അത് ഗാന്ധി സ്റ്റാന്പുകളുടെ സൂക്ഷിപ്പുകളാണെങ്കിൽ പോലും.