cover story
റിപബ്ലിക്കിന്റെ ഗാന്ധിമാർഗം
"ഗാന്ധി ഇന്ന് പ്രസക്തനാണോ എന്ന ചോദ്യം ലോകത്തിലെ അടിമത്തത്തിലകപ്പെട്ട ആത്മാക്കള്‍ക്ക് മാത്രമേ ചോദിക്കാന്‍ കഴിയൂ. ജീവിതത്തിന് ശ്വാസം എപ്രകാരം ആവശ്യമാണോ, അപ്രകാരമാണ് മനുഷ്യവര്‍ഗത്തിനും സംസ്‌കാരത്തിനും ഗാന്ധി' എന്ന് ഇന്ത്യയുടെ മുന്‍ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടാചലയ്യ.

സ്വതന്ത്ര പരമാധികാര ജനാധിപത്യ, മതേതരത്വ സോഷ്യലിസ്റ്റ് റിപബ്ലിക് ആണ് ഇന്ത്യ. ആരുടെ പരമാധികാരം എന്ന ചോദ്യം മറ്റൊരു രാജ്യത്തും ഇത്ര മുഴക്കത്തോടെ ഉന്നയിക്കപ്പെട്ടിട്ടുണ്ടാകില്ല. കാരണം, നീണ്ടകാലം ബ്രിട്ടീഷ് പരമാധികാരത്തിന്റെ കീഴിൽ പുഴുക്കളെപ്പോലെ പുളയ്‌ക്കേണ്ടിവന്ന, വണ്ടിക്കാളകളെ പോലെ ചാട്ടവാറടി ഏറ്റുവാങ്ങേണ്ടി വന്ന ജനത ആയിരുന്നല്ലോ നമ്മൾ.
അതുകൊണ്ട് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുണരുമ്പോൾ ആ ചോദ്യം ആശങ്കയായി അന്തരീക്ഷത്തിൽ കനത്തുനിന്നു; ആരുടെ പരമാധികാരം? അതിന് ഏറ്റവും മനോഹരമായ ഉത്തരം നൽകിയത് മഹാത്മാ ഗാന്ധിയായിരുന്നു. ജനങ്ങളുടെ അധികാരം, ജനാധിപത്യത്തിന്റെ റിപബ്ലിക്. കസേരയിലിരിക്കുന്ന നാടുവാഴികളല്ല, മണ്ണിൽ പണിയെടുക്കുന്ന മനുഷ്യരാണ് രാജ്യത്തിന്റെ അവകാശികൾ എന്ന് ഗാന്ധിജിയോളം ഉൾക്കൊണ്ട മറ്റൊരു നേതാവിനെ ദേശീയതലത്തിൽ അക്കാലത്തോ പിൽക്കാലത്തോ കാണാനാകില്ല. അധികാരത്തിൽ അമർന്നിരുന്നുകൊണ്ടല്ല ഗാന്ധി “ആദർശ പ്രഭാഷണം’ നടത്തിയത്. അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ആസക്തനായിരുന്നില്ല. അതുകൊണ്ടാകണം ഗാന്ധിയുടെ വാക്കുകൾക്ക് മഹാമൂല്യം കൈവന്നത്.
ഗാന്ധിജിയുടെ സ്വരാജ് ഒരു “ഭൂരിപക്ഷ പദ്ധതി’ അല്ലേ എന്ന് സംശയമുന്നയിച്ചിരുന്നു ചിലർ. അതിന് യംഗ് ഇന്ത്യയിൽ ഗാന്ധിജി നൽകുന്ന മറുപടിയിൽ രാജ്യത്തെക്കുറിച്ചും അധികാരവാഴ്ചയെക്കുറിച്ചുമുള്ള നിലപാട് വ്യക്തമാക്കുന്നുണ്ട്. “സ്വരാജ് എന്നത് ഭൂരിപക്ഷ സമുദായത്തിന്റെ ഭരണമായിരിക്കുമെന്നൊരു സംസാരമുണ്ട്, അതായത് ഹിന്ദുക്കളുടെ. അത് യാഥാർഥ്യമാകുകയാണെങ്കില്‍ അതിനെ സ്വരാജ് എന്നു വിളിക്കാന്‍ ഞാന്‍ തയ്യാറാകില്ല. എന്റെ എല്ലാ ശക്തിയും പ്രയോഗിച്ച് ഞാന്‍ അതിനെതിരായി പൊരുതും.എന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു സ്വരാജ് എന്നത് ജനങ്ങളുടെ ഭരണമാണ്. നീതിയുടെ ഭരണമാണ്’.
ഇന്ത്യൻ ഭരണഘടനാ നിർമാണ അസംബ്ലിയിൽ ഗാന്ധിജി ഉണ്ടായിരുന്നില്ല. പക്ഷേ, സംവാദങ്ങളിൽ നിരന്തരമായി ഗാന്ധി കടന്നുവന്നു. “ഗാന്ധിയുടെ നാമത്തിൽ’ തുടങ്ങിയാലോ ഭരണഘടന എന്ന ചർച്ചപോലും നടന്നിട്ടുണ്ട് സമ്മേളനത്തിൽ.രാജ്യം സ്വാതന്ത്ര്യപ്രാപ്തിയിലേക്ക് ഉണരുമ്പോൾ ഉത്തരേന്ത്യയാകെ വര്‍ഗീയകലാപം കത്തിപ്പടരുകയായിരുന്നു. ബംഗാളിലായിരുന്നു ഏറ്റവും രൂക്ഷം. ആ ലഹള അവസാനിപ്പിക്കുന്നതിനു നിമിത്തമായത് ഗാന്ധിജിയുടെ 1947 ആഗസ്റ്റിലെ നിരാഹാരമായിരുന്നു. ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും അദ്ദേഹത്തിന്റെ വാക്കുകൾ തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. മൗണ്ട്ബാറ്റന്‍ പ്രഭു അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ എഴുതി.’പഞ്ചാബില്‍ 55000 സൈനികരാണ് ഞങ്ങള്‍ക്കുള്ളത്. വന്‍തോതില്‍ കലാപം നടക്കുന്നു.
ബംഗാളില്‍ ഞങ്ങളുടെ ഒറ്റപ്പടയാളിയേ രംഗത്തുള്ളൂ. യാതൊരു കലാപവും ഇല്ല. ആ “ഏകാംഗ അതിര്‍ത്തി സേന’യെ സ്തുതിക്കുവാന്‍ എന്നെ അനുവദിക്കുമോ’. ഒറ്റയ്ക്കൊരു മനുഷ്യൻ രാജ്യത്തിന്റെകാവൽ പ്രസ്ഥാനമായി മാറിയതിന്റെ പേരാണ് ഗാന്ധി.മതവും രാഷ്ട്രീയവും പരസ്‌പര പൂരകമാണ് എന്ന നിലപാടായിരുന്നു “ആദ്യകാല’ ഗാന്ധിയുടെത്. പക്ഷേ, പിന്നീടദ്ദേഹം നിലപാട് മാറ്റി. 1946 സെപ്തംബർ 16ന് ഒരു ക്രൈസ്തവമിഷണറിയുമായി സംസാരിക്കവെ, താൻ ഈ രാജ്യത്തിന്റെ പരമാധികാരിയായി മാറുകയാണെങ്കിൽ മതത്തെയും ഭരണകൂടത്തെയും വേർപെടുത്തിയിരിക്കും എന്ന് ഗാന്ധിജി അർഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കുന്നത് കാണാം.
മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചുകൊണ്ട് വരുന്നതാകും രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന മുഖ്യപ്രശ്‌നം എന്ന് ദീർഘദർശനം ചെയ്‌തു അദ്ദേഹം. ഹൈന്ദവ വിശ്വാസിയായ ഗാന്ധി എന്തുകൊണ്ട് മതരഹിത ജീവിതം നയിച്ച ജവഹർലാൽ നെഹ്‌റുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചു എന്നതിനുള്ള ഉത്തരം കൂടിയാണത്.ഇന്ത്യയെന്ന ജനാധിപത്യ റിപബ്ലിക് ഉറപ്പിക്കപ്പെട്ടത് ഗാന്ധിസമെന്ന തറയിലാണ്. ആ തറ പൊളിച്ചുകൊണ്ട് മാത്രമേ ഹിന്ദുത്വ ഫാഷിസത്തിന് ഇന്ത്യയെ മതരാഷ്ട്രമാക്കാൻ കഴിയുകയുള്ളൂ. തറയില്ലാതെ ചുവരിനും മേൽക്കൂരക്കും നിലനിൽക്കാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ടാണ് ജനാധിപത്യ മനുഷ്യർ ഹിന്ദുത്വ വർഗീയതയോട് അകലം പാലിക്കുന്നത്. അതുകൊണ്ടാണവർ പൗരത്വ നിയമത്തെ എതിർത്തത്, വഖ്ഫ് ബില്ലിനെ എതിർക്കുന്നത്.
“ഗാന്ധി ഇന്ന് പ്രസക്തനാണോ എന്ന ചോദ്യം ലോകത്തിലെ അടിമത്തത്തിലകപ്പെട്ട ആത്മാക്കള്‍ക്ക് മാത്രമേ ചോദിക്കാന്‍ കഴിയൂ. ജീവിതത്തിന് ശ്വാസം എപ്രകാരം ആവശ്യമാണോ, അപ്രകാരമാണ് മനുഷ്യവര്‍ഗത്തിനും സംസ്‌കാരത്തിനും ഗാന്ധി’ എന്ന് ഇന്ത്യയുടെ മുന്‍ചീഫ് ജസ്റ്റിസ് എം എന്‍ വെങ്കിടാചലയ്യ.