Kozhikode
വര്‍ധിക്കുന്ന ലഹരി കൊലപാതകങ്ങള്‍ക്കെതിരെ പൊതു സമൂഹം ജാഗരൂകരാകണം: കാന്തപുരം
സാമൂഹിക തിന്മകളെ എതിര്‍ക്കുമ്പോള്‍ പണ്ഡിതരെ യാഥാസ്ഥിതികരായി മുദ്രകുത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. തികഞ്ഞ ബോധ്യത്തോടെയാണ് ആണ്‍-പെണ്‍ സങ്കലനങ്ങളെയടക്കം ഞങ്ങള്‍ എതിര്‍ക്കുന്നത്.
സിറാജുല്‍ ഹുദാ ഹഫ്ലത്തുല്‍ ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു.
കുറ്റ്യാടി | ലഹരി കാരണമുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതും സ്വന്തം മാതാപിതാക്കളെ വരെ വകവരുത്തുന്നതിലേക്ക് പുതുതലമുറ അധ:പതിച്ചതും വലിയ സാമൂഹിക വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഇതിനെതിരെ നിയമനിര്‍മ്മാണ സഭകളും സര്‍ക്കാരും അതീവ ജാഗ്രതയോടെ ഇടപെടണം. സിറാജുല്‍ ഹുദാ ഹഫ്ലത്തുല്‍ ഖുര്‍ആന്‍ സമ്മേളനത്തിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയിരുന്നു കാന്തപുരം.
പുതിയ തലമുറയാണ് ലഹരിയുടെ പ്രധാന ഉപഭോക്താക്കള്‍. ഇതിന്റെ ലഭ്യത ഇല്ലാതാക്കാന്‍ കഴിഞ്ഞാലേ ഈ തലമുറയെ രക്ഷപ്പെടുത്താന്‍ കഴിയൂ. ലഹരിക്കെതിരെ വിദ്യാര്‍ഥി-യുവജന സംഘങ്ങളും പൊതു സമൂഹവും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമൂഹിക തിന്മകളെ എതിര്‍ക്കുമ്പോള്‍ പണ്ഡിതരെ യാഥാസ്ഥിതികരായി മുദ്രകുത്തി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. തികഞ്ഞ ബോധ്യത്തോടെയാണ് ആണ്‍-പെണ്‍ സങ്കലനങ്ങളെയടക്കം ഞങ്ങള്‍ എതിര്‍ക്കുന്നത്. ഇതിനിയും തുടരുമെന്നും കാന്തപുരം വ്യക്തമാക്കി. ഒരേസമയം വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സ്വീകര്യമായ നന്മകളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും ലഹരിയുള്‍പ്പടെയുള്ള സമൂഹിക വിപത്തുകളെ പ്രതിരോധിക്കുന്നതില്‍ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
സിറാജുല്‍ ഹുദാ കാമ്പസില്‍ നടന്ന ഹഫ്ലത്തുല്‍ ഖുര്‍ആന്‍ സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും സിറാജുല്‍ ഹുദാ ഉപാധ്യക്ഷനുമായ സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സദസ്സിനെ അഭിസംബോധന ചെയ്തു. വി പി എം ഫൈസി വില്യാപള്ളി, മുത്വലിബ് സഖാഫി പാറാട്, ഇബ്‌റാഹീം സഖാഫി കുമ്മോളി, ബഷീര്‍ അസ്ഹരി പേരോട്, ഫിര്‍ദൗസ് സുറൈജി തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സ്വാഗതവും ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് നന്ദിയും പറഞ്ഞു.