Connect with us

Editorial

ജോർജുമാരെ പിടിച്ചുകെട്ടണം

കേരളത്തിന്റെ വേറിട്ട മത സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പി സി ജോര്‍ജും സമാനരും നടത്തി വരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഭരണകൂടവും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരും രംഗത്തു വരേണ്ടതുണ്ട്.

Published

|

Last Updated

ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ കൊടിയ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് പി സി ജോര്‍ജ്. വിദ്വേഷ പ്രസ്താവനയില്‍ ജോര്‍ജ് മാപ്പ് പറഞ്ഞിരിക്കെ അദ്ദേഹത്തിനെതിരെ നിയമ നടപടിക്ക് സാംഗത്യമില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മകന്‍ ഷോണ്‍ ജോര്‍ജ് പറയുന്നത്. മാപ്പ് അംഗീകരിക്കാതെ ഏതുവിധേനയും വിഷയം സജീവമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നിലെന്നും ഷോണ്‍ ജോര്‍ജ് ആരോപിക്കുന്നു.

ഇതാദ്യമല്ല പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുന്നതും മാപ്പ് പറയുന്നതും. ചാനല്‍ ചര്‍ച്ചക്കിടെ, രാജ്യത്തെ മുസ്ലിംകള്‍ ഒന്നടങ്കം വര്‍ഗീയവാദികളും ക്രൂരന്മാരുമെന്ന തരത്തിലുള്ള ജോര്‍ജിന്റെ പരാമര്‍ശം അവിചാരിതമായി സംഭവിച്ചതല്ല. മുമ്പ് പലപ്പോഴും സമാനമായ പ്രസ്താവന നടത്തിയിട്ടുണ്ടയാള്‍. 2022 ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവെ, മുസ്ലിംകള്‍ക്കെതിരെ നടത്തിയ വര്‍ഗീയ പ്രസംഗം വ്യാപക പ്രതിഷേധത്തിനിടയാക്കുകയും തുടര്‍ന്ന് അറസ്റ്റിലാകുകയും ചെയ്തു. ‘മുസ്ലിംകള്‍ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. അമുസ്ലിം പ്രദേശങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു’ തുടങ്ങി സാമുദായിക ഐക്യം തകര്‍ക്കുന്ന പരാമര്‍ശങ്ങളാണ് അവിടെ നടത്തിയത്.

അന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ഏറെ താമസിയാതെ പാലാരിവട്ടം വണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങിലും 2023 നവംബറില്‍ തിരുവല്ലയില്‍ ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയിലും കൊടിയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തി. 2060ഓടെ ഇന്ത്യ പിടിച്ചടക്കാനുള്ള നീക്കത്തിലാണ് മുസ്ലിംകള്‍. രാജ്യത്ത് ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്, മുസ്ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ച് ജനസംഖ്യ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്നൊക്കെയായിരുന്നു അന്നത്തെ പരാമര്‍ശങ്ങള്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോഴും പുറത്തുചാടി പി സിയുടെ മുസ്ലിംവിരോധം. ഇന്ത്യയെ ഇനിയും വിഭജിച്ച് പാകിസ്താനോട് ചേര്‍ക്കാനായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ഫണ്ടമെന്റലിസ്റ്റുകളുടെ വോട്ട് വാങ്ങിയാണ് പാലക്കാട്ട് കോണ്‍ഗ്രസ്സ് ജയിച്ചതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തെക്കുറിച്ച് അയാളുടെ പ്രതികരണം.

മുസ്ലിം വിരുദ്ധതയാണ് പി സി ജോര്‍ജിന്റെ ഇപ്പോഴത്തെ ജീവവായു. ഇടക്കിടക്ക് മുസ്ലിംവിരുദ്ധ പരാമര്‍ശം നടത്തിയെങ്കിലേ ഉറക്കം വരികയുള്ളൂവെന്ന അവസ്ഥയിലാണ്. കേരളത്തിന്റെ മതസൗഹൃദാന്തരീക്ഷം തകര്‍ത്ത് സംഘ്പരിവാറിന് മണ്ണൊരുക്കിക്കൊടുക്കാനുള്ള ദൗത്യത്തിലാണ് ജോര്‍ജ്. ഉത്തരേന്ത്യയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി വിവിധ മതങ്ങള്‍ക്കിടയില്‍ തികഞ്ഞ സൗഹൃദം നിലനില്‍ക്കുന്ന പ്രദേശമാണ് കേരളം. സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ചരിത്രമാണ് കേരളമിന്നോളം ലോകത്തിനു മുമ്പില്‍ കാഴ്ച വെച്ചത്. മമ്പുറം തങ്ങളും കോന്തുനായരും, കുഞ്ഞായിന്‍ മുസ്ലിയാരും മങ്ങാട്ടച്ചനും, സാമൂതിരി രാജാവും കുഞ്ഞാലി മരക്കാരുമെല്ലാം പൂര്‍വകാല കേരളത്തിന്റെ സൗഹൃദാന്തരീക്ഷം വരച്ചു കാട്ടുന്നു. അധിനിവേശ ശക്തികളെ ആട്ടിയോടിക്കാന്‍ തൂലികയാല്‍ വിപ്ലവമെഴുതിയ വിഖ്യാത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തിന്റെ ഗണ്യമായൊരു ഭാഗം നീക്കിവെച്ചത് ഹിന്ദു-മുസ്ലിം മൈത്രിയെക്കുറിച്ച് പറയാനാണ്. പാറനമ്പിയും പരിവാരങ്ങളും മലപ്പുറം പള്ളി കത്തിക്കാനായി വന്നപ്പോള്‍ പള്ളി സംരക്ഷിക്കാന്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ കുഞ്ഞേലു എന്ന തട്ടാനടക്കമുള്ള ഹൈന്ദവ സുഹൃത്തുക്കളുമുണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യത്യസ്ത മതക്കാര്‍ ഇടകലര്‍ന്നാണ് ജീവിക്കുന്നത്. തീര്‍ത്തും സൗഹൃദപരമാണ് അവര്‍ക്കിടയിലെ ബന്ധം. മഹാപ്രളയ കാലത്തും വയനാട് ദുരന്തവേളയിലും കേരളീയന്റെ സൗഹൃദവും മാനവിക സാഹോദര്യവും കൂടുതല്‍ അനുഭവവേദ്യമായതാണ്. മസ്ജിദുകളും ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദേവാലയങ്ങളും തൊട്ടുരുമ്മിയാണ് കേരളത്തില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്നത്. എവിടെയും പ്രശ്നങ്ങളില്ല.

കേരളത്തിന്റെ വേറിട്ട ഈ മത സൗഹാര്‍ദത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പി സി ജോര്‍ജും സമാനരും നടത്തി വരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഭരണകൂടവും സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരും രംഗത്തു വരേണ്ടതുണ്ട്. എന്തുകൊണ്ടെന്നറിയില്ല ജോര്‍ജിനെ പോലുള്ള മുസ്ലിംവിരുദ്ധ വര്‍ഗീയത പ്രസരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികളില്‍ മെല്ലെപ്പോക്കാണ് സര്‍ക്കാറില്‍ നിന്നും നിയമപാലകരില്‍ നിന്നും പൊതുവെ കണ്ടുവരുന്നത്. അടുത്ത ദിവസമാണ് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരില്‍ ഒരു വ്യവസായ പ്രമുഖനെതിരെ കേസെടുത്ത് പോലീസ് അഴിക്കുള്ളിലാക്കിയത്. എത്ര വേഗത്തിലായിരുന്നു അവിടെ നിയമ നടപടികള്‍ മുന്നേറിയത്. ഈ ഗതിവേഗം എന്തുകൊണ്ടാണ് പി സിക്കെതിരെ സ്വീകരിക്കാത്തതെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നു കഴിഞ്ഞു. ഒരു സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്വേഷ പരാമര്‍ശത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നതിനപ്പുറമുള്ള നടപടികളിലേക്ക് നീങ്ങാന്‍ എന്തുകൊണ്ടാണ് പോലീസ് അമാന്തിച്ചു നില്‍ക്കുന്നത്. പി സിക്ക് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ കാത്തിരിക്കുകയാണോ?

 

Latest