International
ഭീമന്‍ തിരണ്ടി; ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം കംബോഡിയയില്‍ കണ്ടെത്തി; ഭാരം 300 കിലോ
ലോകത്ത് ഒഴുകുന്ന നദികളില്‍ കാണപ്പെടുന്ന മത്സ്യങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. ഇത്രയും വലിയ മത്സ്യത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല
![](https://assets.sirajlive.com/2022/06/big-fish-897x538.jpg)
നോം പെൻ | ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യം കംബോഡിയയില്‍ കണ്ടെത്തി. 300 കിലോ ഭാരമുള്ള ഭീമന്‍ തിരണ്ടിയാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ലോകത്ത് ഒഴുകുന്ന നദികളില്‍ കാണപ്പെടുന്ന മത്സ്യങ്ങളില്‍ ഏറ്റവും വലുതാണ് ഇത്. ഇത്രയും വലിയ മത്സ്യത്തെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വടക്കന്‍ കംബോഡിയയിലെ സാങ് ട്രാങ് പ്രവിശ്യയിലാണ് തിരണ്ടിയെ പിടികൂടിയത്.
ഭീമാകാരനായ മത്സ്യം വലയില്‍ കുടുങ്ങിയതോടെ മത്സ്യത്തൊഴിലാളി പ്രാദേശിക ഭരണകൂടത്തെയും സമുദ്ര ജീവശാസ്ത്രജ്ഞരെയും വിവരമറിയിക്കുകയായിരന്നു. ഇവര്‍ എത്തി മത്സ്യത്തിന്റെ നീളവും തൂക്കവും അളന്നു. 13 അടി നീളവും 300 കിലോ ഭാരവുമാണ് മത്സ്യത്തിന് ഉണ്ടായിരുന്നത്. അളവെടുപ്പിനുശേഷം ഫോട്ടോകളും മറ്റും എടുക്കുകയും മത്സ്യത്തിന്റെ ശരീരത്തില്‍ അക്കോസ്റ്റിക് ടാഗ് ഘടിപ്പിച്ച് അതിനെ മെക്കോങ് നദിയില്‍ തന്നെ തിരികെ് വിടുകും ചെയ്തു. നദിയിലെ അതിന്റെ ആവാസ വ്യവസ്ഥ, ഭക്ഷണപാനീയങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവഴി ലഭിക്കും.
നേരത്തെ 2005-ല്‍ തായ്ലന്‍ഡിലെ ഈ നദിയില്‍ നിന്ന് 293 കിലോഗ്രാം ഭാരമുള്ള ഭീമന്‍ മുഴുവിനെ പിടികൂടിയിരുന്നു. വണ്ടേഴ്സ് ഓഫ് ദി മെകോംഗ് റിസര്‍ച്ച് എന്ന പദ്ധതിയില്‍ യുഎസ് ഈ മത്സ്യങ്ങളെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോകത്തിലെ ആറ് ഭൂഖണ്ഡങ്ങളില്‍ വലിയ ശുദ്ധജല മത്സ്യങ്ങള്‍ക്കായി തിരച്ചില്‍ നടത്തുകയാണ് വണ്ടേഴ്സ് ഓഫ് മെകോംഗ് പ്രോജക്റ്റിലെ മത്സ്യ ജീവശാസ്ത്രജ്ഞര്‍. 20 വര്‍ഷമായി ഈ തിരച്ചില്‍ തുടരുകയാണ്.
ആയിരത്തിലധികം ഇനം മത്സ്യങ്ങള്‍ മെകോങ് നദിയില്‍ വസിക്കുന്നു. തിരണ്ടികള്‍ കൂടാതെ, ഭീമന്‍ മുഴു, ഭീമന്‍ ബാര്‍ബ് ഫിഷ് എന്നിവയും ഇവിടെ കാണപ്പെടുന്നു. മെകോംഗ് നദി ചൈനയില്‍ നിന്ന് ആരംഭിച്ച് തായ്ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍, കംബോഡിയ, വിയറ്റ്‌നാം എന്നിവയിലൂടെ കടന്നുപോകുന്നു.