നോമ്പോർമ
'സിറാജ്' മനസ്സിലാക്കിത്തന്ന റമസാനിന്റെ മഹത്വം
കുട്ടിക്കാലം മുതൽക്കേ ഞാൻ കണ്ടുവളർന്നതും ശീലിച്ച് പരിചയിച്ചതുമായ ആചാരങ്ങളിൽ റമസാൻ വ്രതത്തിനും വലിയൊരു സ്ഥാനമുണ്ട്. തിരൂർ പ്രദേശത്തെ ചെറിയൊരു ഗ്രാമമായ മംഗലത്ത് എന്റെ വീടിന് തൊട്ടടുത്തായി അഞ്ചാറ് മുസ്‌ലിം ഭവനങ്ങളുണ്ട്. നോമ്പുകാലമായാൽ രാത്രിഭക്ഷണം മിക്കവാറും അവയിലെ ഏതെങ്കിലും വീട്ടിൽനിന്നുളള വിഭവങ്ങളായിരിക്കും.
കൂട്ടായിയിലെ സ്‌കൂളിൽ അധ്യാപകനായിരുന്ന അച്ഛൻ റമസാനിലെ പല ദിവസങ്ങളിലും കൃത്യമായി നോമ്പിന്റെ ആഹാരക്രമം അനുഷ്ഠിച്ചിരുന്നു.
ഇതുകണ്ട് ഞങ്ങൾ കുട്ടികളും ഒന്നോ രണ്ടോ നോമ്പുകൾ അതുപോലെ ചെയ്യാൻ ഉത്സുകരായി. റമസാൻ നോമ്പ് അനുഷ്ഠാനം ശരീരത്തിനും മനസ്സിനും ഒരുപോലെ പാകത വരുത്തുമെന്ന് ഞങ്ങൾ അന്നേ മനസ്സിലാക്കിയിരുന്നു.
കുറെ കൂടി വളർന്ന് തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ഉദ്യോഗസ്ഥനായിരുന്നപ്പോഴാണ് നോമ്പിന്റെ ശാസ്ത്രീയവശം കൂടുതൽ മനസ്സിലാക്കിയത്. അന്ന് എന്റെ കൂടെ താമസിച്ചിരുന്ന അബ്ദുൽ ബാരി എന്ന അറബിക് പ്രൊഫസർ സിറാജ് ദിനപത്രത്തിന്റെ സ്ഥിരം വായനക്കാരനായിരുന്നു. എന്താണ് നോമ്പ്, എന്തിനാണ് അത് അനുഷ്ഠിക്കുന്നത് എന്നും മറ്റും പത്രത്തിലെ ലേഖനങ്ങളും മറ്റും എനിക്ക് അദ്ദേഹം പരിചയപ്പെടുത്തി തന്നിട്ടുമുണ്ട്.
നോമ്പ് ആത്മീയമായും ഭൗതികമായും മനുഷ്യജീവിതത്തെ ചിട്ടപ്പെടുത്തുന്ന ഒന്നാണ്. പ്രക്ഷുബ്ധമായ മനസ്സിനെ ശാന്തമാക്കി അത് സഹജീവികളെ സ്‌നേഹിക്കാൻ നമ്മെ പഠിപ്പിക്കുമെന്നാണ് നോമ്പിനെ കുറിച്ച് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അത് ശരീരത്തിലെ ദുർമേദസ്സുകളെ അകറ്റുന്നതോടൊപ്പം ഏകാഗ്രതയും ചിട്ടയും വൃത്തിയും കൈക്കൊള്ളാൻ നമ്മെ പ്രാപ്തരാക്കും. ഇഫ്താർ സംഗമങ്ങൾ സൗഹൃത്തിന്റെ വലിയൊരു ലോകമാണ് പലപ്പോഴും എനിക്ക് മുന്നിൽ തുറന്നിട്ടത്. നോമ്പ് നമ്മെ ഓരോരുത്തരെയും സ്വയം വിമർശനത്തിന് പ്രാപ്തരാക്കുമെന്നാണ് എന്റെ കാഴ്ചപ്പാട്.
തയ്യാറാക്കിയത്
എൻ എം സുഹൈൽ