kesavadasapuram murder
കൊല്ലപ്പെട്ട മനോരമയുടെ സ്വര്‍ണാഭരണം മോഷണം പോയിട്ടില്ല; വീട്ടില്‍ നിന്ന് കണ്ടെത്തി
പ്രതി ആദം അലി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനായി കൊല നടത്തിയെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്
തിരുവനന്തപുരം കേശവദാസപുരത്ത് കൊല്ലപ്പെട്ട മനോരമയുടെ സ്വര്‍ണാഭരണം വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തി. വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജിന് സമീപത്ത് നിന്ന് രഹസ്യമായി സൂക്ഷിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തി. മനോരമയെ അന്യസംസ്ഥാനക്കാരനായ പ്രതി ആദം അലി കൊലപ്പെടുത്തിയത് സ്വര്‍ണാഭരം കൈക്കലാക്കാനെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിരവധി തവണ ചോദ്യം ചെയ്തിട്ടും സ്വര്‍ണം മോഷ്ടിച്ചിട്ടില്ലെന്ന് ആദം അലി പോലീസിനോട് പറഞ്ഞിരുന്നു. ഇന്ന് സ്വര്‍ണം കണ്ടെത്തിയെന്ന് മനോരമയുടെ ഭര്‍ത്താവ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ കേസിലെ കൊലക്ക് പിന്നിലെ കാരണമെനന്തന്നിതില്‍ ദുരൂഹത നിറയുകയാണ്.
മനോരമയുടെ താലിമാല, രണ്ടു വള, ഒരു മോതിരം എന്നിവയടക്കം എട്ട് പവന്റെ ആഭരണങ്ങളാണ് കണ്ടെത്തിയത്. ഗുളികയും സ്വര്‍ണവും ഒരു ബാഗില്‍ അടുക്കളയില്‍ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പോലീസ് പറഞ്ഞു.
തെളിവെടുപ്പിനിടെ പ്രതി ആദം അലി അന്വേഷണ സംഘത്തോട് കുറ്റം സമ്മതിച്ചിരുന്നു. മനോരമ ഒറ്റക്കാണെന്ന് മനസിലാക്കിയാണ് വീട്ടില്‍ എത്തിയതെന്നും വീടിന്റെ പിന്‍വശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയില്‍ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിന് മൊഴിനല്‍കിയിരുന്നു. തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തി നേരത്തെ കണ്ടെത്തിയിരുന്നു.