National
സംഭലില്‍ കലിതീരാതെ ഭരണകൂടം; ശാഹി മസ്ജിദിലെ വെടിവെച്ച് കൊലക്ക് പിന്നാലെ ബുൾഡോസര്‍ രാജും
സുപ്രീം കോടതി വിധി പോലും മാനിക്കാതെ കൈയേറ്റം ആരോപിച്ച് വീടുകളുടെയും കടകളുടെയും മുന്‍വശങ്ങള്‍ പൊളിക്കുന്നു
പ്രതീകാത്മക ചിത്രം
ലഖ്‌നോ | ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജുമുഅ മസ്ജിദില്‍ സര്‍വേക്കിടെ അഞ്ച് പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെ കൈയേറ്റം ആരോപിച്ച് സമീപത്തെ വീടുകളുടെയും കടകളുടെയും മുന്‍വശങ്ങളും പൊളിച്ച് തുടങ്ങി. പ്രതികാര നടപടിയെന്നോണം ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് യോഗി സര്‍ക്കാറിൻ്റെ നീക്കം.
ശാഹി മസ്ജിദ് പരിസരത്തെ കൈയേറ്റം ഒഴിപ്പിക്കുകയും അനധികൃത വൈദ്യുതി കണക്്ഷന്‍ കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ വിശദീകരണം. ശാഹി ജുമുഅ മസ്ജിദിന് സമീപത്തെ വീടുകളുടെയും കടകളുടെയും മുന്‍വശമാണ് അനധികൃത കൈയേറ്റമെന്ന് പറഞ്ഞ് ബുള്‍ഡോസര്‍ സഹായത്തോടെ പൊളിച്ചുനിരത്തുന്നത്.
സ്വത്തുകള്‍ ഇടിച്ചുനിരത്തുന്നതിന് സര്‍ക്കാറുകള്‍ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു കഴിഞ്ഞ മാസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ മാനിക്കാതെയാണ് ബുള്‍ഡോസര്‍ രാജ് പുരോഗമിക്കുന്നത്.
സമാജ് വാദി പാര്‍ട്ടി എം പി സിയാഉര്‍റഹ്മാന്‍ ബര്‍ഖിൻ്റെ വീടിനോട് ചേര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിച്ചുനീക്കല്‍. സംഘര്‍ഷത്തിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് സര്‍ക്കാറിൻ്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ക്ക് മുന്നിലെല്ലാം പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് സന്ദര്‍ശകരെ വിലക്കുകയാണ്.