Kerala
സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു
82 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലായി 1800ലധികം കായിക താരങ്ങളാണുള്ളത്. ഒരാള്‍ക്ക് ദിവസം 250 രൂപ വീതമാണ് ഭക്ഷണം ചെലവ് വരിക
തിരുവനന്തപുരം | സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു.
സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകള്‍ക്കും അക്കാദമികള്‍ക്കുമായാണ് മൂന്ന് കോടി രൂപ അനുവദിച്ചത്. സംസ്ഥാനത്തെ 82 സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകളിലായി 1800ലധികം കായിക താരങ്ങളാണുള്ളത്. ഒരാള്‍ക്ക് ദിവസം 250 രൂപ വീതമാണ് ഭക്ഷണം ചെലവ് വരിക. മെസ്സ് ബില്ലിന്റെ കുടിശ്ശിക നല്‍കാനാണ് സ്പോര്‍ട്സ് കൗണ്‍സിലിന് മൂന്ന് കോടി രൂപ അനുവദിച്ചത്.
സര്‍ക്കാരില്‍നിന്ന് തുക കിട്ടാതായതോടെ ജീവനക്കാര്‍ സ്വന്തം കൈയ്യില്‍ നിന്നാണ് താരങ്ങള്‍ക്കുള്ള ഭക്ഷണത്തിനുള്ള തുക കണ്ടെത്തിയത്. ഇനിയും ഇങ്ങനെ മുന്നോട്ടുപോകാന്‍ ആകില്ലെന്ന് താല്‍ക്കാലിക ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.
അടുത്ത ആഴ്ച മുതല്‍ തുക വിതരണം ചെയ്യും. രണ്ടാഴ്ച മുമ്പ് ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചതോടെ രണ്ടുദിവസത്തിനകം മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചിരുന്നു. മൂന്നു കോടി രൂപയുണ്ടെങ്കില്‍ മാത്രമേ കുടിശ്ശികയടക്കം നല്‍കാനാകൂവെന്നും സര്‍ക്കാരാണ് തുക നല്‍കേണ്ടതെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ കൂടി സഹായത്തോടെയാണ് നിലവില്‍ ഭക്ഷണം നല്‍കുന്നത്. 2024-25 വര്‍ഷത്തില്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 34 കോടിയും നോണ്‍ പ്ലാന്‍ ഫണ്ടില്‍നിന്ന് 16 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലുമാസം ബാക്കിനില്‍ക്കെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള എട്ടു കോടി മാത്രമാണ് ഇതുവരെ ലഭിച്ചത്.