Kerala
തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിയില്‍ റിപോര്‍ട്ട് തേടി സര്‍ക്കാര്‍
ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
തിരുവനന്തപുരം | തലസ്ഥാന നഗരിയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഉണ്ടായ കുടിവെള്ള പ്രതിസന്ധിയില്‍ വിശദ റിപോര്‍ട്ട് തേടി സര്‍ക്കാര്‍. അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിവരങ്ങള്‍ തേടി. കുടിവെള്ള പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ജല അതോറിറ്റിയുടെ റിപോര്‍ട്ടില്‍ പറയുന്നത്.
പുതുതായി സ്ഥാപിക്കേണ്ട പൈപ്പ് നിര്‍ദേശിക്കുന്ന ആഴത്തില്‍ കുഴിച്ചിട്ട ശേഷമാണ് പമ്പില്‍ നിര്‍ത്തേണ്ടതെന്നും എന്നാല്‍ പണി ആരംഭിക്കുമ്പോള്‍ തന്നെ പമ്പിങ് നിര്‍ത്തിവച്ചു.പൈപ്പ് സ്ഥാപിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടം ഉണ്ടായില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
പൈപ്പ് സ്ഥാപിച്ച് പമ്പിങ് പുനസ്ഥാപിച്ചപ്പോള്‍ ചോര്‍ച്ച കണ്ടെത്തിയതിന് തുടര്‍ന്ന് വീണ്ടും പമ്പിങ് നിര്‍ത്തേണ്ടിവന്നു. മേല്‍നോട്ടം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് തടസ്സമായെന്നും ജലവിതരണം നടത്തണമെന്ന് കോർപ്പറേഷനോട് ആവശ്യപ്പെടാത്തത് ഗുരുതര വീഴ്ചയാണെന്നും റിപോര്‍ട്ടിൽ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. എന്നിരുന്നാലും നഗരത്തിലെ ചിലയിടങ്ങളില്‍ ഇപ്പോഴും ജലവിതരണം കൃത്യമായിട്ടില്ല. മേലാന്നൂര്‍, മേലാംകോട്, കൊടുങ്ങാനൂര്‍ തുടങ്ങിയ ഭാഗങ്ങളിലാണ് ഇപ്പോഴും പ്രശ്‌നം നിലനില്‍ക്കുന്നത്.