Kerala
സര്‍ക്കാര്‍ വാക്ക് പാലിച്ചു; വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് മികച്ചയിനം അഞ്ച് പശുക്കളെ കൈമാറി
ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
ഇടുക്കി | തൊടുപുഴ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ കുട്ടികര്‍ഷകര്‍ക്ക് മന്ത്രി ജെ ചിഞ്ചുറാണി കൈമാറി. മാട്ടുപ്പെട്ടിയില്‍ നിന്നെത്തിച്ച പശുക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്‍പ്പടെയുണ്ട്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സര്‍ക്കാര്‍ സൗജന്യമായി നല്‍കി.
കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് ഉറപ്പ്് നല്‍കിയിരുന്നു. അത് പാലിച്ചുവെന്നും ഇനിയും ആവശ്യമായാല്‍ സഹായങ്ങള്‍ നല്‍കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പശുക്കള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാരായ ജെചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയുടെ നിര്‍ദേശാനുസരുണം അന്ന് അടിയന്തരസഹായമായി മില്‍മ 45,000 രൂപ കൈമാറിയിരുന്നു.വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍.