Kerala
മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ നിയോഗിച്ച കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍
കമ്മീഷന്‍ മുനമ്പത്ത് നടത്തുക വസ്തുതാന്വേഷണമാണെന്നും അതിന്മേല്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍ ആയിരിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി | മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കമ്മീഷന്‍ മുനമ്പത്ത് നടത്തുക വസ്തുതാന്വേഷണമാണെന്നും അതിന്മേല്‍ തീരുമാനമെടുക്കുക സര്‍ക്കാര്‍ ആയിരിക്കുമെന്നും . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിച്ചതിനെതിരെ സമര്‍പ്പിച്ച രണ്ട് ഹരജികളിലാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വസ്തുതകള്‍ പഠിച്ച് സര്‍ക്കാറിന് മുന്നില്‍ എത്തിക്കുക എന്നതാണ് കമ്മീഷന്റെ ചുമതല. അന്വേഷണത്തിന്റെ ഭാഗമായുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. മുനമ്പത്ത് ഭൂമി കൈവശം വെച്ചിരിക്കുന്ന ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. അതിനാല്‍ ഈ ഘട്ടത്തില്‍ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്യാന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്നും കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപോര്‍ട്ടില്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നുമാണ് സര്‍ക്കാര്‍ വാദം. ഹരജികള്‍ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.