Kerala
സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങില്ല; മന്ത്രി പി രാജീവ്
സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കും
തിരുവനന്തപുരം | ടീകോം പിന്‍മാറിയെങ്കിലും സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ടീകോം കരാര്‍ പിന്‍മാറാന്‍ നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. ഒരു കമ്മിറ്റി രൂപീകരിച്ച് അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും. കൊച്ചിയില്‍ ഭൂമിയുടെ ആവശ്യകതയുണ്ട്. 100 കമ്പനികള്‍ ഭൂമിക്കായി കാത്തു നില്‍ക്കുകയാണ്. ടീ കോം യു എ ഇക്ക് പുറത്ത് കാര്യമായ പദ്ധതികളൊന്നും നടത്തുന്നില്ല. പദ്ധതിയില്‍ കാര്യമായി പ്രവര്‍ത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്നും രണ്ടുകൂട്ടരുടെയും താല്പര്യ പ്രകാരമാണ് ഭൂമി തിരിച്ചുപിടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ പൊതുധാരണയാണ് ഉണ്ടായിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ആശങ്കവേണ്ടെന്നും ഇത് പുതിയ സാധ്യതയാണെന്നും മന്ത്രി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് സര്‍ക്കാര്‍ പുതിയ പങ്കാളിയെ തേടുന്നുണ്ട്. താല്‍പര്യമുള്ളവര്‍ എത്തിയാല്‍ പുതിയ വ്യവസ്ഥകളോടെ പദ്ധതി തുടരും. സാധ്യമായില്ലെങ്കില്‍ മാത്രം ഭൂമി ഇന്‍ഫോ പാര്‍ക്കിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.