Kerala
ഡേ കെയറില്‍ നിന്ന് രണ്ടര വയസുകാരന്‍ അധികൃതര്‍ അറിയാതെ ഇറങ്ങിയ സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണും; മന്ത്രി വി ശിവന്‍കുട്ടി
ഒരു വീട് എടുത്ത് ഡേ കെയര്‍ സെന്റര്‍ എന്ന ബോര്‍ഡ് എഴുതി വെക്കുന്നത് കേരളത്തില്‍ പലയിടത്തും നടക്കുന്ന ഒരു പ്രവണതയാണെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം| രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്ന് അധികൃതര്‍ അറിയാതെ ഇറങ്ങി കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. വിഷയം അതീവ ഗൗരവമുള്ളതാണെന്നും ഡേ കെയറുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു വീട് എടുത്ത് ഡേ കെയര്‍ സെന്റര്‍ എന്ന ബോര്‍ഡ് എഴുതി വെക്കുന്നത് കേരളത്തില്‍ പലയിടത്തും നടക്കുന്ന ഒരു പ്രവണതയാണെന്ന് മന്ത്രി വ്യക്തമാക്കി. ഇവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ യോഗ്യതകള്‍ പോലും പരിശോധിക്കാറില്ല. ചിലതിന് സര്‍ക്കാരില്‍ നിന്ന് വേണ്ട സര്‍ട്ടിഫിക്കറ്റ് പോലും ഉണ്ടാകില്ലെന്നും സ്വന്തമായി ഒരു സിലബസ് ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പൊതു ചര്‍ച്ച ഈ വിഷയത്തില്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി തന്നെ കാണുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഇന്നലെയാണ് രണ്ടര വയസുകാരന്‍ ഡേ കെയറില്‍ നിന്നും അധികൃതര്‍ അറിയാതെ ഇറങ്ങി കിലോമീറ്ററോളം നടന്ന് വീട്ടിലെത്തിയത്. വെള്ളയണി കാക്കാമൂലയിലാണ് സംഭവം. കുട്ടി ഒന്നര കിലോമീറ്ററോളം തനിച്ച് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. കാക്കാമൂല കുളങ്ങര ജി അര്‍ച്ചന സുധീഷ് ദമ്പതികളുടെ മകന്‍ അങ്കിത്താണ് ഡേ കെയറില്‍ നിന്നും അധ്യാപകര്‍ അറിയാതെ പുറത്തിറങ്ങിയത്.
കുട്ടി വഴിയറിയാതെ തപ്പിത്തടഞ്ഞാണ് വീട്ടിലെത്തിയത്. 4 അധ്യാപകരാണ് ഡേ കെയറില്‍ ഉള്ളത്. 3 പേര്‍ സംഭവ സമയം സമീപത്ത് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഒരു അധ്യാപിക മാത്രമാണ് ഡേ കെയറില്‍ ഉണ്ടായിരുന്നത്. മുതിര്‍ന്ന കുട്ടികളെ ശുചിമുറിയിലേക്ക് അധ്യാപിക കൊണ്ടുപോയപ്പോഴാണ് രണ്ടര വയസുകാരന്‍ പുറത്തിറങ്ങിയത്.