Kerala
ഭൂപതിവ് ബില്ലടക്കം തടഞ്ഞുവെച്ച അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍
വോട്ടെടുപ്പിന് പിന്നാലെയാണ് നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്
തിരുവനന്തപുരം | ഒപ്പിടാതെ മാറ്റിവെച്ചിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഗവര്‍ണറുടെ പരിഗണനയിലുണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതിയായിരിക്കുകയാണ്.
ഭൂപതിവ് നിയമ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടെ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതില്‍ സിപിഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇടുക്കിയിലെ കര്‍ഷകര്‍ ആശങ്ക ഉന്നയിച്ച സാഹചര്യത്തില്‍ ഭൂപതിവ് ഭേദഗതി ബില്ലില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി. എന്നാല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് മാസം കഴിഞ്ഞിട്ടും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പ് വെച്ചിരുന്നില്ല.. വോട്ടെടുപ്പിന് പിന്നാലെയാണ് നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്
സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന യൂണിവേഴ്സിറ്റി ബില്ല് അടക്കം ഗവര്‍ണര്‍ രാഷ്ട്രപതിയുെട പരിഗണനക്ക് അയച്ചിരുന്നു. ഇതില്‍ ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും മാറ്റുന്ന ബില്ലടക്കം മൂന്ന് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചു. അതേ സമയം ലോകായുക്ത നിയമഭദേഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയുമുണ്ടായി.
നേരത്തെ ബില്ലുകള്‍ സമയബന്ധിതമായി ഒപ്പുവയ്ക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെ ഫെഡറല്‍ അവകാശങ്ങള്‍ തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു