d lit controversy
ഗവര്‍ണര്‍ ഇടഞ്ഞത് ഡി ലിറ്റ് നിഷേധത്തില്‍ തന്നെ; വി സി നല്‍കിയ കത്ത് പുറത്ത്
രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് സര്‍വകലാശാല വി സി ഗവര്‍ണര്‍ക്ക് എഴുതിയ കത്താണ് പുറത്ത് വന്നത്
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലെന്ന് ആരോപിച്ച് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്നു.
സര്‍വകലാശാലകളിലെ നിയമനങ്ങളിലല്ല, രാഷ്ട്രപതിക്ക് കേരള സര്‍വകലാശാല ഡി ലിറ്റ് നിഷേധിച്ചതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാറുമായി ഇടഞ്ഞതെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ പുറത്ത് വന്നു. രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് സര്‍വകലാശാല വി സി ഗവര്‍ണര്‍ക്ക് എഴുതിയ കത്താണ് പുറത്ത് വന്നത്.
ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചോ എന്ന ചോദ്യവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പോരില്‍ പുതിയ വിവാദമുണ്ടാവുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന് ഗവര്‍ണര്‍ രേഖാമൂലമല്ലാതെ ആവശ്യപ്പെട്ടു എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍.
ഇതിന് മറുപടിയായി വി സി നല്‍കിയ കത്താണ് പുറത്ത് വന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നത് സംബന്ധിച്ച് ഞാന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ഒട്ടറെപ്പേരുമായി ചര്‍ച്ചചെയ്തു. എന്നാല്‍ അവര്‍ അത് നിഷേധിച്ചു എന്നാണ് വി സി കത്തില്‍ പറയുന്നത്. ഔദ്യോഗിക ലെറ്റര്‍ പാഡിലല്ലാതെ, വെള്ളക്കടലാസില്‍ എഴുതിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്.