Kerala
ഗവര്‍ണര്‍ വഴങ്ങി; പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി തള്ളാന്‍ സര്‍ക്കാറിന് അധികാരമായി
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
തിരുവനന്തപുരം | ലോകായുക്ത ഭേദഗതി വിവാദങ്ങള്‍ക്കിടെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി തള്ളാനും കൊള്ളാനുമുള്ള അധികാരം സര്‍ക്കാറിന് ലഭിച്ചു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു.
നേരത്തെ ലോകായുക്ത അഴിമതിക്കേസില്‍ ഉത്തരവിട്ടാല്‍ അത് കൈമാറേണ്ടത് ഗവര്‍ണര്‍,മുഖ്യമന്ത്രി,സര്‍ക്കാര്‍ എന്നിവര്‍ക്കാണ്.1999ലെ ലോകായുതക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം ലോകായുക്ത വിധി അതേപടി അംഗീകരിച്ച് കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അധികാര സ്ഥാനത്ത് നിന്ന് നീക്കണം. ബന്ധപ്പെട്ട അധികാരി മൂന്ന് മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കും. ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായതോടെ ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതായത്. ഇനി വിധി വന്ന് മൂന്നുമാസത്തിനുള്ളില്‍ കുറ്റാരോപിതരുടെ ഹിയറിങ് നടത്തി സര്‍ക്കാരിന് ലോകായുക്തയുടെ തീരുമാനം തള്ളാം.