Editorial
അഴിമതിയുടെ ഗ്രാഫ് മുകളിലേക്ക് തന്നെ
ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാതെ ഇടക്കിടെ വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയതുകൊണ്ട് മാത്രം നാടിന്റെ ശാപമായി മാറിക്കഴിഞ്ഞ അഴിമതിയെ നിര്‍മാര്‍ജനം ചെയ്യാനാകില്ല.

കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിടിയിലാകുന്ന വാര്‍ത്തകള്‍ പുറത്തുവരാത്ത ദിവസങ്ങള്‍ ചുരുക്കം. അഴിമതിക്കെതിരെ നടപടി കടുപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും കൂടുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പ്രൈവറ്റ് ബസിന്റെ താത്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനായി പണവും മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെയാണ് എറണാകുളം ആര്‍ ടി ഒയെ വിജിലന്‍സ് നടുറോഡില്‍ വെച്ച് ബുധനാഴ്ച വിലങ്ങണിയിച്ചത്. അയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ വിദേശ മദ്യവും റബ്ബര്‍ ബാന്‍ഡില്‍ ചുരുട്ടി വെച്ച അറുപതിനായിരത്തോളം രൂപയും പിടിച്ചെടുത്തു. ബേങ്കുകളില്‍ അമ്പത് ലക്ഷത്തില്‍ കവിഞ്ഞ നിക്ഷേപമുള്ളതായി വിവരം ലഭിക്കുകയും ചെയ്തു.
ചെക്കുകളിലും ബില്ലുകളിലും കൃത്രിമം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് പീരുമേട് പഞ്ചായത്ത് അസ്സി. സെക്രട്ടറിയും, തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങിയ അതിരപ്പിള്ളി വില്ലേജ് ഓഫീസറും, സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറും പെട്രോള്‍ പമ്പിനായി ഭൂമിയുടെ തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ പന്തീരാങ്കാവ് വില്ലേജ് ഓഫീസറും പിടിയിലായത് അടുത്ത ദിവസങ്ങളിലാണ്.
നിയമസഭയിലെ ഒരു ചോദ്യത്തിന് വിജിലന്‍സിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നല്‍കിയ മറുപടി അനുസരിച്ച് രണ്ടാം പിണറായി സര്‍ക്കാറിന്റെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 393 അഴിമതി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 146 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇക്കാലയളവില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ 539 ജീവനക്കാരുടെ അഴിമതി-കൈക്കൂലി കേസുകള്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ തന്നെ പുറത്തുവിട്ട മറ്റൊരു റിപോര്‍ട്ടില്‍ പറയുന്നത്. ഈ കണക്കുകള്‍ തന്നെ അപൂര്‍ണവും യഥാര്‍ഥ അഴിമതി കേസുകളുടെ ചെറിയൊരു അംശവും മാത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിക്കപ്പോഴും കൈക്കൂലിക്കാരെ പിടികൂടാന്‍ വിജിലന്‍സ് എത്തുന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരത്തേ അറിയുകയും വ്യക്തമായ തെളിവുകളോടെ കേസ് പിടികൂടാന്‍ സാധിക്കാത്ത തരത്തില്‍ അവര്‍ കാര്യങ്ങള്‍ ഒതുക്കുകയും ചെയ്തിരിക്കും. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ച വിവരം ബന്ധപ്പെട്ട കക്ഷികള്‍ വിജിലന്‍സില്‍ റിപോര്‍ട്ട് ചെയ്താല്‍, പ്രത്യേകം അടയാളപ്പെടുത്തിയ നോട്ടുകള്‍ നല്‍കിയും മറ്റും കെണിയില്‍ പെടുത്തിയാണ് വിജിലന്‍സ് പിടികൂടുന്നത്. ഇതിനെ അതിജീവിക്കാന്‍ പണം നേരിട്ട് കൈപറ്റാതെ മറ്റു പല മാര്‍ഗേണയുമാണ് പല വിരുതന്മാരും കാശ് പോക്കറ്റിലാക്കുന്നത്. ഡിജിറ്റല്‍ അക്കൗണ്ടുകള്‍ വ്യാപകമാകുകയും സാധാരണക്കാര്‍ പോലും ഈ സംവിധാനം വന്‍തോതില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബേങ്ക് അക്കൗണ്ടുകള്‍ വഴിയും ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തിയും മറ്റാരുമറിയാതെ കൈക്കൂലി വാങ്ങാനാകും.
അഴിമതിരഹിത ഭരണം ഉറപ്പ് നല്‍കിയാണ് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. നാടിനെയും നാട്ടുകാരെയും വരിഞ്ഞു മുറുക്കുന്ന ഈ ദുര്‍ഭൂതത്തെ പിടിച്ചു കെട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കായ്കയുമല്ല. ‘ഓപറേഷന്‍ സ്പോട്ട് ട്രാപ്പ്’ എന്ന പേരില്‍ അഴിമതിക്കെതിരെ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അഴിമതി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ എത്രയും വേഗം നടപടി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ സര്‍ക്കാറിന് നിയന്ത്രിക്കാനാകാത്ത വിധം ശക്തിയാര്‍ജിച്ചിരിക്കുകയാണ് സര്‍വീസ് മേഖലയിലെ അഴിമതി ലോബി. വിജിലന്‍സിന്റെ ഏത് നീക്കങ്ങളെയും മറികടക്കാന്‍ അവര്‍ പുതിയ വഴികള്‍ കണ്ടെത്തും. മാത്രമല്ല, അഴിമതി പിടികൂടിയാല്‍ തന്നെ കുറ്റവാളികളെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെ നടപടികളിലേക്ക് നീങ്ങണമെങ്കില്‍ സാങ്കേതികമായ കടമ്പകളേറെയാണ്. ഇതും അഴിമതി ലോബിക്ക് തുണയാകുന്നു. കക്ഷി രാഷ്ട്രീയത്തിനും ഉന്നതരുമായുള്ള അഴിമതിക്കാരുടെ വൈയക്തിക സ്വാധീനത്തിനുമുണ്ട് അഴിമതി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക്. അഴിമതിക്കേസില്‍ പിടിക്കപ്പെട്ട വ്യക്തി ഭരണകക്ഷിക്കാരനോ രാഷ്ട്രീയ തലത്തില്‍ സ്വാധീനമുള്ളവരോ പാര്‍ട്ടി ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നവരോ എങ്കില്‍ ആ സ്വാധീനമുപയോഗിച്ച് നിയമത്തിന്റെ കുരുക്കുകളില്‍ അകപ്പെടാതെ ഊരിപ്പോകാറുണ്ട്.
സര്‍വീസ് മേഖലയിലെ അഴിമതി നിര്‍മാര്‍ജനത്തിന് സഊദി അറേബ്യ അടുത്തിടെ ചില നടപടികള്‍ സ്വീകരിക്കുകയുണ്ടായി. രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വരുമാനം കര്‍ശനമായി നിരീക്ഷിക്കുകയാണ് ഇതില്‍ പ്രധാനം. ഒരു ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷം അയാളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധന അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ കര്‍ശനമായി നിരീക്ഷിക്കും. ജീവനക്കാരന്റെയോ കുടുംബത്തിന്റെയോ സ്വത്ത് വര്‍ധന നിയമപരമായ വരവിനേക്കാള്‍ കവിഞ്ഞതായി കണ്ടാല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. സംശയകരമായ ഇടപാടോ സമാനമായ സാഹചര്യങ്ങളോ കണ്ടെത്തിയാലും പിരിച്ചുവിടും. ജീവനക്കാരുടെ ഇടപാടുകളിലും സേവനങ്ങളിലും സുതാര്യത ഇല്ലാതെ വന്നാല്‍ കര്‍ശന നടപടിക്ക് വിധേയമാകും. നമ്മുടെ രാജ്യത്തും ആവശ്യമാണ് സമാനമായ നടപടി. സാമ്പത്തികമായി അത്ര മെച്ചമല്ലാത്ത സാഹചര്യത്തില്‍ ഉദ്യോഗത്തില്‍ കയറുന്ന പലരും താമസിയാതെ സമ്പന്നരായി മാറുന്നത് രാജ്യത്ത് പതിവു സംഭവമാണ്. അവരുടെ പുതു സമ്പത്തിന്റെ സ്രോതസ്സ് ഏതാണെന്ന് ആരും അന്വേഷിക്കാറില്ല. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നാല്‍ അഴിമതിക്കഥകളിലായിരിക്കും പലപ്പോഴും എത്തിച്ചേരുക. കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാതെ ഇടക്കിടെ വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയതുകൊണ്ട് മാത്രം നാടിന്റെ ശാപമായി മാറിക്കഴിഞ്ഞ അഴിമതിയെ നിര്‍മാര്‍ജനം ചെയ്യാനാകില്ല.