Connect with us

International

യു എന്‍ പ്രമേയത്തിന് പുല്ലുവില; നിഷ്ഠൂര ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍

ഗസ്സയില്‍ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

Published

|

Last Updated

ഗസ്സ സിറ്റി | ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു എന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയിട്ടും നിഷ്ഠൂര ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് വടക്ക് ഭാഗത്തുള്ള അല്‍ ഫലൂജ് മേഖലയിലെ ഷാദിയ ആബു ഗസാല സ്‌കൂളില്‍, കൊല്ലപ്പെട്ട ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗസ്സയില്‍ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാവുകയും കാറ്റില്‍ താത്കാലിക ടെന്റുകള്‍ക്ക് നാശമുണ്ടാവുകയും ചെയ്തു. അതിനിടെ, ഒരു കേണല്‍ ഉള്‍പ്പെടെ തങ്ങളുടെ 10 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സേന വെളിപ്പെടുത്തി.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അനുകൂലമായി യു എന്നിലെ ഭൂരിഭാഗം അംഗരാഷ്ട്രങ്ങളും വോട്ട് ചെയ്തിരുന്നു. 193 യുഎന്‍ അംഗരാജ്യങ്ങളില്‍ 153 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി നിലപാടെടുത്തത്. യു എസും ഇസ്റാഈലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു.

പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയും വോട്ട് ചെയ്തു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, ഖത്വര്‍, സഊദി അറേബ്യ, യു എ ഇ, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു.

ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈല്‍ തുടങ്ങിവച്ച ആക്രമണത്തില്‍ ഇതുവരെ 18,608 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്‌റാഈലിന്റെ ഭാഗത്ത് 1.147 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Latest