Connect with us

cover story

മനുഷ്യരിലേക്ക് പടരുന്ന മഹാപ്രയാണം

സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാട്ടിലെ മനുഷ്യർക്കിടയിൽ പലമാതിരി രാഷ്ട്രീയങ്ങളും വിശ്വാസങ്ങളുമുണ്ടാക്കുന്ന വിടവുകളിലേക്കു കയറിനിന്ന് സൗഹാർദത്തിന്റെ നടവഴിയുണ്ടാക്കുന്നു. സായാഹ്നങ്ങളിൽ സ്നേഹത്തിന്റെ ബഹുവർണം പുരട്ടി ഒന്നിച്ചു നടക്കുന്നു. മിണ്ടിയും പറഞ്ഞും കൈകോർത്തുപിടിച്ചും തോളുരുമ്മിയും ജനം ചേർന്നു ചേർന്നു ചുവടുവെക്കുന്നു. പിന്നിട്ടവഴികളും ദേശങ്ങളും ഈ സഞ്ചാരദൗത്യത്തിന്റെ മനസ്സറിഞ്ഞു, ആശയം കേട്ടു, ഐക്യപ്പെട്ടു, നിലച്ചുപോകരുതേയെന്ന് അഭിവാദ്യം പറഞ്ഞു, അറ്റുപോകരുതെന്നു പ്രാർഥിച്ചു. വെറുപ്പുകൾക്കെതിരായ മനുഷ്യരുടെ ഒത്തിരിപ്പുകൾ കണ്ട് മാനവും മണ്ണും മരങ്ങളും പൂത്തുലഞ്ഞുകാണും.

Published

|

Last Updated

ല മെയ്യായി മനമൊന്നായി മനുഷ്യരുടെ ആർദ്രമായ ഒഴുക്ക്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ മനുഷ്യരുടെ സാംസ്‌കാരിക രാഷ്ട്രീയ പരിച്ഛേദം കാഴ്ചക്കുവെക്കുന്ന പ്രയാണം. ചേർന്നുനടക്കുന്ന മനുഷ്യർക്കുമേൽ വിടവുകളുടെ ഒരു ആശയവും ആധിപത്യം നേടരുതെന്ന് ആശ കൊള്ളുന്ന ചേർച്ച. മാനവികതയുടെ ഈ തരം വർത്തമാനങ്ങളായി, പ്രയോഗങ്ങളായി പരാവർത്തനം ചെയ്യുന്ന പുറംദൃശ്യങ്ങളാണ് ഒരാഴ്ചയായി കേരളം കണ്ടുകൊണ്ടിരിക്കുന്നത്. കണ്ടെടുക്കാനാകാത്ത അകക്കാമ്പുകൾകൂടി ഈ കാഴ്ചപ്പുറങ്ങൾ ബാക്കിവെക്കുന്നു.
എസ് വൈ എസ് ആഭിമുഖ്യത്തിൽ പ്രയാണം തുടരുന്ന മാനവസഞ്ചാരം പകരുന്ന ആശയം മാനവികതയൊന്നുമാത്രം.

സാംസ്‌കാരിക വൈവിധ്യങ്ങളുടെ നാട്ടിലെ മനുഷ്യർക്കിടയിൽ പലമാതിരി രാഷ്ട്രീയങ്ങളും വിശ്വാസങ്ങളുമുണ്ടാക്കുന്ന വിടവുകളിലേക്കു കയറിനിന്ന് സൗഹാർദത്തിന്റെ നടവഴിയുണ്ടാക്കുന്നു. സായാഹ്നങ്ങളിൽ സ്നേഹത്തിന്റെ ബഹുവർണം പുരട്ടി ഒന്നിച്ചു നടക്കുന്നു. മിണ്ടിയും പറഞ്ഞും കൈകോർത്തു പിടിച്ചും തോളുരുമ്മിയും ജനം ചേർന്നു ചേർന്നു ചുവടുവെക്കുന്നു. പിന്നിട്ടവഴികളും ദേശങ്ങളും ഈ സഞ്ചാരദൗത്യത്തിന്റെ മനസ്സറിഞ്ഞു, ആശയം കേട്ടു, ഐക്യപ്പെട്ടു, നിലച്ചുപോകരുതേയെന്ന് അഭിവാദ്യം പറഞ്ഞു, അറ്റുപോകരുതെന്നു പ്രാർഥിച്ചു. വെറുപ്പുകൾക്കെതിരായ മനുഷ്യരുടെ ഒത്തിരിപ്പുകൾ കണ്ട് മാനവും മണ്ണും മരങ്ങളും പൂത്തുലഞ്ഞുകാണും.

എസ് വൈ എസ് ജന. സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലാണ് മാനവസഞ്ചാരം. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ആശയസംവേദനങ്ങളുടെ ബഹുമുഖ ദൗത്യങ്ങളുമായാണ് എസ് വൈ എസ് സംഘം കേരള പര്യടനം നടത്തുന്നത്. പുലർകാലങ്ങളിൽ ഗ്രാമദേശങ്ങളിലെ മനുഷ്യരൊത്തുള്ള സവാരിയോടെയാണ് മാനവസഞ്ചാരത്തിന്റെ ഓരോ ദിനവും തുടങ്ങുക. ജീവിതശീലങ്ങളും നടത്തവും വ്യായാമവും ഭക്ഷണശീലങ്ങളും ഓർമിപ്പിച്ച്, നാട്ടുവർത്തമാനങ്ങളും നന്മകളും പങ്കുവെച്ച് മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളുമൊക്കെയടങ്ങുന്ന ചേർന്നു നടത്തം. ഒടുവിൽ വട്ടമിട്ടുനിന്ന് നാടിന്റെയും നാട്ടുകാരുടെയും കുടുംബത്തിന്റെയുമൊക്കെ നന്മകൾ ഉദ്ഘോഷിക്കുന്ന വർത്തമാനം. ഈ പ്രഭാതങ്ങൾ ഇനിയൊരു ശീലമാകട്ടേ എന്ന പ്രതീക്ഷയോടെ ആളുകൾ സ്നേഹത്തിന്റെ കരങ്ങൾ സമ്മാനിച്ച് പിരിയൽ. ഹൃദ്യാനുഭവത്തിന്റെ സുപ്രഭാതം സമ്മാനിച്ച ആശയത്തോട് അവർ ഐക്യപ്പെടുന്നു.

പകൽ വെയിലാറുംവരെയും ഓരോ ജില്ലയിലെയും വിവിധ പ്രദേശങ്ങളിൽ സംഘങ്ങളായി സഞ്ചരിക്കും ഈ ദൗത്യസംഘം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ചരിത്രസ്മാരകങ്ങൾ, അനുഭവത്തിന്റെ തീച്ചൂളകൾ താണ്ടി ഈ നാടിനൊപ്പം നടന്നവർ, കാരുണ്യംകൊണ്ട് ആളുകളെ കാത്തുപോരുന്ന കേന്ദ്രങ്ങൾ തുടങ്ങി മാനവികതയുടെ നീരുറവകൾ തേടിയും അറിവും അനുഭവങ്ങളും പങ്കുവെപ്പുകളും ആശിച്ചുള്ള സഞ്ചാരപ്പകൽ. ജില്ലാ കേന്ദ്രത്തിൽ യാത്രാ നായകൻ യുവജനപ്രതിനിധികൾ, സംരംഭകർ, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി മാനവസഞ്ചാരത്തിന്റെ ആശയങ്ങൾ പങ്കുവെക്കും. അവരെ കേൾക്കും. കൂട്ടായ ആലോചനകൾ നടത്തും.

പല ദിക്കുകളിലേക്ക് പടർന്നുപോയ സംഘാംഗങ്ങളെല്ലാം വെയിലാറിയ നേരം സംഗമിക്കും. മാനവസഞ്ചാരത്തോട് ചേർന്നു നടക്കാൻ ജില്ലയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വ്യക്തിത്വങ്ങൾ എത്തിച്ചേരുന്നു. പിന്നെയവർ ഒന്നായി തോൾ ചേർന്ന് നടക്കുന്നു. കൊടിയാഭരണങ്ങളോ മുദ്രാവാക്യ ബഹളങ്ങളോ ഇല്ലാതെ സൗഹൃദത്തിന്റെ കൊച്ചുവർത്തമാനങ്ങളും സ്നേഹത്തിന്റെ ഹസ്തദാനങ്ങളുമായി വെളുപ്പിന്റെ പഥസഞ്ചലനം. നൂറുകണക്കിനു മനുഷ്യർ അവരെ അനുഗമിക്കുന്നു. മാനവികതയുടെ സന്ദേശങ്ങൾ വിളംബരം ചെയ്യുന്ന ചെറുബാനറുകളേന്തി വഴിനീളെ എസ് വൈ എസ് പ്രവർത്തകർ അഭിവാദ്യം ചെയ്യുന്നു. നാടിൻ നന്മയുടെ കാഴ്ചകണ്ട് പാതയോരങ്ങളിലെ മനുഷ്യരും മാനവ സഞ്ചാരത്തോട് ഐക്യപ്പെടുന്നു.

സന്ധ്യയോട്ചേർന്ന് ആരംഭിക്കുന്ന മാനവസംഗമത്തിൽ സഞ്ചാരം നായകരും അതിഥികളും മാനവികതയുടെ നാളെകൾക്കുവേണ്ടി സംസാരിക്കും. കത്തിത്തീരരുതാത്ത വിളക്കുമാടങ്ങൾ കൊളുത്തിവെക്കേണ്ടതിനെപ്പറ്റി അവർ വാചാലരാകും. നന്മയുടെ ചേർച്ചകൾക്കു തുടർച്ചകളുണ്ടാകണമെന്ന് എല്ലാവരും യോജിക്കും.

നാടിൻ നന്മയുടെ പുരോഗതിയും ഭാവിയുടെ തലമുറയും അവർക്കുവേണ്ട മാറ്റങ്ങളുമൊക്കെ വിളംബരം ചെയ്താണ്, മനുഷ്യരുടെ ആകുലതകൾ ഏറ്റു പറഞ്ഞ്, ആവശ്യങ്ങൾ ഏറ്റെടുത്തും പരിഹാരം പറഞ്ഞുമാണ് മാനവസഞ്ചാരം മുന്നോട്ടു പോകുന്നത്. ജില്ലകളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ മാനവ സഞ്ചാരം ശ്രദ്ധ പുലർത്തുന്നു. ആത്യന്തികമായ മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയത്തെക്കുറിച്ചും മനുഷ്യരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും ഊന്നിയൂന്നിപ്പറയുന്നു മാനവ സഞ്ചാരം. കേരളത്തിന്റെ സാമൂഹിക ഭൂപടത്തിൽ എസ് വൈ എസ് പണിത സാംസ്‌കാരിക എടുപ്പുകളുടെ ചരിത്രം സ്മരിച്ച്, സേവനനിരതമായ ഏഴ് പതിറ്റാണ്ടിന്റെ പൂർണതയിൽ തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തെ ഓർമിപ്പിച്ചുകൂടിയാണ് മാനവസഞ്ചാരം ഓർമകളുടെ ദൃശ്യങ്ങളൊരുക്കി ദൗത്യം തുടരുന്നത്. ചരിത്രത്തിന്റെ തുടർച്ചയാണ് ഈ പ്രയാണം.

മനുഷ്യ മനസ്സുകളെ കോർത്തിണക്കാൻ, മാനവികതയെ ഉണർത്തുന്നു എന്നീ സന്ദേശങ്ങൾ ഉയർത്തി പതിറ്റാണ്ടുകൾക്കു മുമ്പ് ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ നയിച്ച കേരളയാത്രകൾ തെളിച്ച വഴികളിലൂടെയാണ് മാനവസഞ്ചാരത്തിന്റെയും ജൈവികചലനം.
കാസർകോട് നിന്ന് മനുഷ്യരുടെ കൈകോർത്തു പിടിച്ചു നടന്നുതുടങ്ങിയതാണ് മാനവ സഞ്ചാരം. തലസ്ഥാനം ലക്ഷ്യമാക്കിയാണ് പ്രയാണം. ഡിസംബർ ഒന്നിന് മാനവ സഞ്ചാരം തിരുവനന്തപുരത്ത് സമാപിച്ചാലും ഈ ആശയത്തിന് തുടർച്ചയുണ്ടാകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. സ്നേഹത്തിന് തുടർച്ചയുണ്ടാകാതെ പറ്റില്ല. ബന്ധങ്ങൾ വഴിയിൽ ഉപേക്ഷിക്കാനുമാകില്ല. മാനവികതയുടെ കണ്ണികൾ അറ്റുപോകാതെ കാത്തുവെക്കാനുള്ള കരുതലാണല്ലോ കാലം ആവശ്യപ്പെടുന്നത്. ആ നിശ്ചയദാർഢ്യവുമായാണ് മാനവ സഞ്ചാരം ചരിത്രത്തിലേക്ക് ചുവടുവെക്കുന്നത്.

മൂന്നാം കേരള യാത്ര

കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷികളോട് സൗഹൃദം പറഞ്ഞ് ഇത് മൂന്നാം കേരള യാത്ര. ആശയങ്ങളും സംഘാടകരും ഒന്ന്. പ്രമേയങ്ങള്‍ക്കുപോലും ചേര്‍ച്ച. 1999ലും 2012ലുമായിരുന്നു ആദ്യ രണ്ട് കേരളയാത്രകള്‍. മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്നതായിരുന്നു ആദ്യയാത്രയുടെ സന്ദേശം. നായകന്‍ ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍. ഒരു വ്യാഴവട്ടം കടന്ന് 2012ല്‍ ഇതേപാതയിലൂടെ വീണ്ടുമൊരു യാത്ര. പ്രമേയം; മാനവികതയെ ഉണര്‍ത്തുന്നു. അക്കുറിയും കാന്തപുരം ഉസ്താദ് തന്നെയായിരുന്നു യാത്ര നയിച്ചത്. വര്‍ഗീയ രാഷ്ട്രീയ വൈരങ്ങളില്‍ മാനവികമായ പാരസ്പര്യങ്ങള്‍ കടമെടുത്തു പോകുന്നതിന്റെ ലക്ഷണങ്ങൾക്ക് നടുവിലാണ് കാന്തപുരം ഉസ്താദ് മാനവികത വിളംബരം ചെയ്ത് സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡലത്തിലെ പ്രതിനിധികളെയെല്ലാം ഒന്നിച്ചിരുത്തി കേരളയാത്രകള്‍ സംഘടിപ്പിച്ചത്.

കേരളത്തിലെ സമസ്ത നേതൃത്വത്തിലുള്ള ഉലമാക്കളുടെ സാമൂഹിക ജാഗ്രതയുടെ വിളംബരമായാണ് യാത്രകള്‍ സംഘടിപ്പിക്കപ്പെട്ടത്. നാടിനോടും സമൂഹത്തോടും സന്ദേശം വിളിച്ചു പറയുക മാത്രമല്ല, യാത്രയുടെ സംഘാടനത്തിലൂടെ സ്‌നേഹത്തിന്റെ ആശയം ഉള്‍വഹിക്കാനും അതിന്റെ വക്താക്കളായിനിന്നു സേവനം ചെയ്യാനുമുള്ള പ്രതിജ്ഞയും പ്രോത്സാഹനവും കൂടിയാണ് നേതൃത്വം പ്രവര്‍ത്തകർക്ക് നൽകിയത്. വീണ്ടുമൊരു ദശകം പിന്നിട്ട് മറ്റൊരു യാത്രക്കുകൂടി നാട് സാക്ഷിയാകുന്നു.
കാലുഷ്യങ്ങളുയരുമ്പോള്‍ മതങ്ങള്‍ക്കുനേരെ സംശയത്തിന്റെ നോട്ടങ്ങളുണ്ടാകും.

മതവിശ്വാസികളെ രണ്ട് ചേരിയില്‍ നിര്‍ത്താന്‍ ശ്രമങ്ങളുണ്ടാകും. അരികുവത്കരിച്ച് വിദ്വേഷം പടര്‍ത്തുക എളുപ്പമാണ്. മുന്‍വിധികളുടെ ഇരകളാകാന്‍ വിധിക്കപ്പെടുക അധികവും മുസ്്ലിംകളായിരിക്കും. ഈ ഘട്ടങ്ങളിലാണ് മതത്തിന് ഒരു ദൗത്യമുണ്ട് എന്ന ഉത്തരവാദിത്വബോധം പരിശ്രമങ്ങളായി പൊതുമധ്യത്തിലിറങ്ങുക. ഒരുമയുടെ സന്ദേശങ്ങള്‍ വിളംബരം ചെയ്ത് ഞങ്ങളുണ്ട് മുന്നില്‍ എന്ന പ്രഖ്യാപനമാണ് ഈ ഉദ്യമങ്ങളുടെ ഊര്‍ജം. കാന്തപുരത്തിന്റെ കേരളയാത്രകളെ കേരളം നെഞ്ചേറ്റിയിരുന്നു. പതിനായിരങ്ങള്‍ അണിചേര്‍ന്നു. അതുപോലൊരു ദൗത്യമായാണ് മാനവസഞ്ചാരവും നാടുചുറ്റുന്നത്. മുമ്പേ നടന്നവരുടെ വഴിയേ പിന്മുറക്കാരുടെ നിലയ്ക്കാത്ത സ്‌നേഹപ്രവാഹമായി ഈ പ്രയാണവും.

Latest