Connect with us

Prathivaram

മനക്കരുത്തെന്ന ശ്രേഷ്ഠഭാവം

മനക്കരുത്തുള്ളവർക്കേ ശുഭാപ്തിവിശ്വാസവും പ്രതിസന്ധികളെ തരണം ചെയ്യാനും അവഗണനകളെ താങ്ങാനുമുള്ള കഴിവുണ്ടാകുകയുള്ളൂ.

Published

|

Last Updated

പ്രപഞ്ചത്തിലെ ഏറ്റവും അത്ഭുതകരവും വിസ്മയകരവുമായ പ്രതിഭാസം മനുഷ്യന്റെ മനസ്സാണ്. മനുഷ്യ മനസ്സിനെ സംബന്ധിച്ച് ശാസ്ത്രലോകത്ത് അനേകം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മനസ്സിന്റെ ബാഹ്യതലങ്ങളെ സ്പർശിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളൂ. മനസ്സിനെ കൃത്യമായി നിർവചിക്കാൻ പോലും മനഃശാസ്ത്രത്തിനോ മാനവികശാസ്ത്രങ്ങൾക്കോ സാധിച്ചിട്ടില്ലാ എന്നതാണ് വാസ്തവം. മനസ്സ് മസ്തിഷ്കമാണോ ഹൃദയമാണോ രണ്ടും കൂടി ചേർന്നതാണോ എന്നതിൽ തത്വ ശാസ്ത്രജ്ഞന്മാക്കിടയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്.

മനഃശാസ്ത്ര (Psychology) പഠനവും മനഃശാസ്ത്ര ചികിത്സ (Psycho therapy)യും പുതിയ കാലത്ത് ഏറെ പ്രസിദ്ധി നേടിയ ശാസ്ത്ര ശാഖകളാണ്. ഇവ പടിഞ്ഞാറൻ ചിന്താധാരയുടെ ഉത്പന്നങ്ങളായിട്ടാണ് അറിയപ്പെടുന്നതെങ്കിലും പാശ്ചാത്യൻ നാഗരികത ഉദയം ചെയ്യുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആഴത്തിലുള്ള ഗവേഷണ പഠനങ്ങൾ ഇവ്വിഷയത്തിൽ മുസ്‌ലിം ലോകത്ത് നടന്നിട്ടുണ്ട്. ഇതര ശാസ്ത്രശാഖകളിലെന്നപോലെ മനഃശാസ്ത്രത്തിലും മുസ്്ലിം ദാര്‍ശനികരും സൂഫികളും നല്‍കിയ സംഭാവനകള്‍ നിസ്സീമമാണ്. വൈദ്യശാസ്ത്രം, തത്വചിന്ത, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, ദൈവശാസ്ത്രം കർമശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ, വ്യാകരണശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിങ്ങനെ സർവ വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയ ഇമാം അബൂഹാമിദില്‍ ഗസാലി(റ) മനഃശാസ്ത്രത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആധുനിക മനഃശാസ്ത്രജ്ഞർ വിശദീകരിക്കുന്ന മസ്തിഷ്‌കത്തിന്റെ ഓരോ ഭാഗങ്ങളെയും ഇമാം ഗസാലി(റ) വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം റാസി(റ)നു ശേഷം ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിയ ശാസ്ത്രജ്ഞനായ ഇബ്നു സീനയുടെ മനഃശാസ്ത്ര കണ്ടെത്തലുകൾ അതുല്യമാണ്. തത്വചിന്തകനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം റാസി(റ)യുടെ “കിതാബുന്നഫ്സി വര്‍റൂഹ്’ എന്ന ഗ്രന്ഥത്തിൽ മനഃശാസ്ത്ര പഠനം ആഴത്തിൽ അനാവരണം ചെയ്യുന്നുണ്ട്. പിൽക്കാലത്തു വന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ്്ലവി (റ) തന്റെ “ഹുജ്ജത്തുല്ലാഹില്‍ബാലിഗ’യിലും മനഃശാസ്ത്രത്തിന്റെ വിവിധ വശങ്ങൾ ചർവിതചർവണം നടത്തുന്നുണ്ട്.

മനക്കരുത്തുള്ളവർക്കേ ശുഭാപ്തിവിശ്വാസവും പ്രതിസന്ധികളെ തരണം ചെയ്യാനും അവഗണനകളെ താങ്ങാനുമുള്ള കഴിവുണ്ടാകുകയുള്ളൂ. നിശ്ചയ ദാർഢ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾ പാതിവഴിയിൽ അസ്തമിക്കുകയില്ല. സാഹചര്യങ്ങൾ മാറിമറിഞ്ഞാലും അത്തരക്കാരുടെ മനസ്സാക്ഷിക്ക് മാറ്റം വരില്ല. പുരുഷന്റെ മനക്കരുത്ത് പർവതങ്ങളെ ധൂളികളാക്കുമെന്ന അറബി പഴമൊഴിയുടെ പൊരുളുമിതാണ്.
തന്റെ സ്രഷ്ടാവ് സദാസമയവും കൂടെയുണ്ട് എന്ന ഉറച്ച ബോധമുള്ളവർക്ക് ജീവിത വ്യവഹാരങ്ങളെ പ്രകാശിതമാക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള മനശ്ശക്തിയുണ്ടാകും.

പ്രതിബന്ധങ്ങളെ മനക്കരുത്ത് കൊണ്ട് മറികടന്ന് വിജയം വരിച്ച അനേകം ചരിത്ര പുരുഷന്മാർ ഗതകാലത്തുണ്ട്. പ്രവാചകന്മാരെല്ലാം ആ ഗണത്തിൽ പെട്ടവരാണ്. അവർക്ക് അല്ലാഹു നൽകിയ ഏറ്റവും വലിയ കരുതൽ വചനം തങ്ങളോടൊപ്പം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പ്രപഞ്ച നാഥനുണ്ട് എന്നതാണ്. താനാണ് ഏറ്റവും വലിയ തമ്പുരാൻ എന്ന് അഹങ്കരിച്ച ഫറോവയെ നേരിടാൻ പുറപ്പെട്ട മുസാ നബി(അ)യുടെ കരങ്ങൾക്ക് ശക്തി പകരാൻ നിയോഗിക്കപ്പെട്ട പ്രിയ സഹോദരൻ ഹാറൂൻ നബി(അ)ക്ക് അല്ലാഹു നൽകിയ സന്ദേശവും അത് തന്നെയായിരുന്നു. “അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട, തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌’ (ത്വാഹാ: 46)

മുന്നില്‍ കടലും പിന്നില്‍ സൈന്യവുമായി തങ്ങളുടെ വഴികളെല്ലാം അടഞ്ഞുവെന്ന് കരുതിയ തന്റെ ജനതക്ക് ആത്മവിശ്വാസം പകർന്നു നൽകി മൂസാ(അ) പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. “എന്റെ റബ്ബ് എന്നോടൊപ്പമുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചു തരിക തന്നെ ചെയ്യും!’. (അശ്ശുഅറാ: 62)

പ്രാര്‍ഥനകളിലൂടെ മനക്കരുത്ത് നേടാന്‍ സാധിക്കുമെന്ന് വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പ്രതിസന്ധികളെ നേരിടാൻ പ്രഥമമായി വേണ്ടത് തവക്കുല്‍ ആണ്. ജീവിതത്തിൽ വരാനുള്ളതെല്ലാം സ്വീകരിക്കുമെന്ന മനസ്സിനുള്ളിലെ ഉറച്ച വിശ്വാസമാണ് തവക്കുല്‍. പരീക്ഷണങ്ങള്‍ വർധിക്കുന്നതിനനുസരിച്ച് വിശ്വാസിയുടെ തവക്കുലും വർധിച്ചുകൊണ്ടിരിക്കും. തവക്കുല്‍ നിറഞ്ഞ മനസ്സുകളിലേ അല്ലാഹു കൂടെയുണ്ട് എന്ന ബോധമുണ്ടാവുകയുള്ളൂ.
സത്യവിശ്വാസികളോട് നിരന്തരം തേടാൻ പറഞ്ഞ പ്രാർഥനയാണ് “അല്ലാഹുവേ, നീ നല്‍കിയതിനെ തടയാനാരുമില്ല. നീ തടഞ്ഞതിനെ നല്‍കാനുമാരുമില്ല. നിന്റെ വിധിക്കപ്പുറം വിധിക്കാന്‍ ആരുമില്ല’ എന്നത്. ഈ പ്രാർഥന വിശ്വാസിയുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയും അചഞ്ചലമായ വിശ്വാസത്തിന്റെ ഉടമയാക്കുകയും എല്ലാവിധ മാനസിക പിരിമുറുക്കങ്ങളെയും പ്രയാസങ്ങളെയും അകറ്റുകയും ചെയ്യും. കാരണം, അല്ലാഹു വിധിച്ചത് മാത്രമേ ഏതൊരാൾക്കും ബാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു. “(നബിയേ) പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിലാണ് സത്യവിശ്വാസികള്‍ ഭരമേൽപ്പിക്കേണ്ടത്’ (തൗബ: 51). നബി(സ) പറയുന്നു : “അല്ലാഹു പറയുകയാണ്. എന്റെ അടിമ എന്നെക്കുറിച്ച് വിചാരിക്കുന്നിടത്താണ് ഞാന്‍. അവന്‍ എന്നെക്കുറിച്ച് നല്ലത് വിചാരിക്കുന്നുവെങ്കില്‍ ഞാനവന് നന്മയാകും. തിന്മയാണ് വിചാരിക്കുന്നതെങ്കിലോ അപ്രകാരവും'(അഹ്്മദ്).

സംശയിക്കുന്നവൻ കാറ്റിനാൽ വലിച്ചെറിയപ്പെടുന്ന കടലിലെ തിരമാലകളെ പോലെയാണ്. അവന്റെ മനസ്സ് ആടിയുലഞ്ഞുകൊണ്ടിരിക്കും. മരുഭൂമിയിൽ കാറ്റിന്റെ ഗതിയനുസരിച്ച് പാറിനടക്കുന്ന കടലാസ് തുണ്ടിനോടാണ് മനസ്സിനെ നബി(സ) ഉപമിച്ചത്. ലക്ഷ്യം മുൻനിർത്തിയുള്ള സഞ്ചാരത്തിൽ ശങ്കിക്കുന്നവൻ ലക്ഷ്യസ്ഥലത്തെത്തില്ല. കുഴിയിൽ വീഴുമോ എന്ന് ആശങ്കപ്പെട്ട് എടുത്ത് ചാടുന്നവൻ കുഴിയിൽ വീഴാനാണ് കൂടുതൽ സാധ്യത. ആത്മീയധാരയിലെ ജ്യോതിസ്സായ ശൈഖ് അഹ്്മദുൽ കബീർ രിഫാഈ(റ)വിന് തന്റെ അഭിവന്ദ്യ ഗുരു ശൈഖ് അബ്ദുല്‍ മലികില്‍ ഹര്‍നൂബി(റ) നൽകിയ ഉപദേശങ്ങളിൽ ഇങ്ങനെ കാണാം. “ഓ അഹ്്മദ്, തിരിഞ്ഞു നോക്കുന്നവന്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരില്ല. സംശയിക്കുന്നവന്‍ വിജയിക്കുകയുമില്ല. ആരെങ്കിലും തന്റെ ആയുസ്സ് കഴിഞ്ഞുപോകുന്നതിനെ കുറിച്ച് ബോധവാനല്ലെങ്കില്‍ അവന്റെ സമയം മുഴുവൻ നഷ്ടത്തിലാണ്’.
സ്രഷ്ടാവ് തന്റെ കൂടെയുണ്ടെന്ന ബോധം നല്‍കുന്ന സുരക്ഷിതത്വത്തെക്കാള്‍ വലിയ മറ്റൊരു സുരക്ഷിതത്വവും നിര്‍ഭയത്വവും നൽകാൻ ഒരാൾക്കും സാധിക്കുകയില്ല.

Latest