Connect with us

Haritha Issue

ദേശീയ വൈസ് പ്രസിഡന്റിനെതിരെ നടപടിയുണ്ടായാല്‍ നോക്കി നില്‍ക്കില്ലെന്ന് ഹരിത നേതൃത്വം

തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‍ലിയക്ക് എതിരെ മുസ്‍ലിം ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചാല്‍ നോക്കിനില്‍ക്കില്ലെന്ന മുന്നറിയിപ്പുമായി ഹരിത സംസ്ഥാന നേതൃത്വം. എം എസ് എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം പാര്‍ട്ടി ഇടപെട്ടു മരവിപ്പിച്ചിട്ടുണ്ടെങ്കിലും അഡ്വ. ഫാത്തിമ തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി ഉണ്ടായാല്‍ എന്തുചെയ്യണമെന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്നു സംസ്ഥാന നേതൃത്വം പറഞ്ഞു.

ഇത്തരമൊരു നടപടി നീക്കത്തെക്കുറിച്ചു പുറത്തുനിന്നാണു കേള്‍ക്കുന്നത്. അതിനാല്‍ ഇപ്പോള്‍ അതിനോടു പ്രതികരിക്കേണ്ടതില്ല. നടപടിയുണ്ടായാല്‍ അപ്പോള്‍ തുടര്‍ കാര്യങ്ങള്‍ ആലോചിക്കും. അതാണ് ഹരിതയുടെ നിലപാടെന്നു നേതാക്കള്‍ പറയുന്നു.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി പാര്‍ട്ടി അച്ചടക്കത്തെ ബഹുമാനിക്കുന്നതിനാല്‍ അംഗീകരിച്ചതാണ്. ലീഗ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ ഒരു പോരായ്മയും നേരത്തെയൊന്നും തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഹരിത ഉന്നയിച്ച നിരവധി പരാതികള്‍ പാര്‍ട്ടി നേതൃത്വത്തിനു മുമ്പാകെ ഉണ്ട്. ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചുകൊണ്ടു നല്‍കിയ കത്തില്‍, രണ്ടാഴ്ചക്കുള്ളില്‍ പരാതികള്‍ക്കു പരിഹാരമുണ്ടാവുമെന്നും പറയുന്നുണ്ട്. ആ വാഗ്ദാനം തങ്ങള്‍ വിശ്വസിക്കുകയാണെന്നും രണ്ടാഴ്ച കഴിഞ്ഞാല്‍ മറ്റുകാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

എം എസ് എഫ് നേതാക്കളുടെ അധിക്ഷേപത്തിനെതിരെ വനിതാ കമ്മിഷനില്‍ പരാതി നല്‍കുന്നതിനെതിരെ ഹരിത സംസ്ഥാന സമിതിയില്‍ ചിലര്‍ക്കു വിയോജിപ്പുണ്ടായിരുന്നു. എന്നാല്‍ അവരും ഇപ്പോള്‍ പരാതി നല്‍കിയ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ് അടക്കമുള്ള എം എസ് എഫ് നേതാക്കള്‍ക്കെതിരായ ഹരിത നേതാക്കളുടെ പരാതി മുന്‍നിര്‍ത്തി വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പേരിലാണ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടിക്ക് പാര്‍ട്ടിയില്‍ നീക്കം നടക്കുന്നത്.

തഹ്‌ലിയക്കെതിരെ അച്ചടക്ക നടപടി ആവശ്യവുമായി ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഒരു വിവാദം നിലനില്‍ക്കെ വാര്‍ത്താസമ്മേളനം നടത്തിയ തഹ്‌ലിയയുടെ നടപടി വിഷയം കൂടുതല്‍ ആളികത്തിക്കാന്‍ ഇടയാക്കിയെന്നാണ് ആക്ഷേപം. ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്‌ലിം ലീഗ് മരവിപ്പിച്ചതിനു പിന്നാലെ പരാതി നല്‍കിയവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ആക്ഷേപങ്ങള്‍ വ്യാപിച്ച സാഹചര്യത്തിലാണ് ഹരിത സംസ്ഥാന നേതാക്കളുടെ വക്താവ് എന്ന നിലയില്‍ നിലപാട് തുറന്നു പറഞ്ഞ് ഫാത്തിമ തഹ്‌ലിയ വാര്‍ത്താസമ്മേളനം നടത്തിയത്.

എം എസ് എഫ് ഭാരവാഹികള്‍ക്കെതിരായ പരാതിയില്‍ ‘ഹരിത’ക്ക് മുസ്‌ലിം ലീഗില്‍നിന്ന് നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തഹ്‌ലിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വനിത കമീഷനില്‍ പരാതി നല്‍കിയവരെ ചേര്‍ത്തുപിടിക്കുമെന്നും പെണ്‍കുട്ടികളെ മക്കളും സഹോദരങ്ങളുമായി കാണുന്നവരുടെയെല്ലാം പിന്തുണ അവര്‍ അര്‍ഹിക്കുന്നുണ്ടെന്നുമായിരുന്നു തഹ്‌ലിയ ചൂണ്ടിക്കാട്ടിയത്.  നടപടിയെടുക്കുന്നതിന് മുമ്പ് അവരോട് വിശദീകരണം ചോദിക്കല്‍ സ്വാഭാവിക നീതിയാണ്. എന്നാല്‍, ആ നീതി ഹരിത കമ്മിറ്റിക്കെതിരെ നടപടിയെടുത്തപ്പോള്‍ പാലിക്കപ്പെടാത്തതില്‍ ദുഃഖവും പ്രതിഷേധവുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

മുസ്‍ലിം ലീഗില്‍ നിന്നു നീതികിട്ടും എന്നും പ്രതീക്ഷിച്ചുകാത്തിരിക്കുകയാണ് ഹരിത നേതൃത്വം. അതിനിടയില്‍ ദേശീയ വൈസ് പ്രസിഡന്റിനെതിരെ നടപടിയുണ്ടായാല്‍ തങ്ങളുടെ പ്രതീക്ഷ മങ്ങുമെന്നാണ് ഹരിത സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്