Connect with us

Prathivaram

ശീലം

തലേന്നത്തെ തീരുമാനപ്രകാരം അതിരാവിലെയുള്ള ബസിൽ കയറി മനു അടുത്ത നഗരത്തിലെത്തി. രാത്രി വൈകി ആരംഭിച്ച തുലാമഴ അപ്പോഴും പെയ്ത് തോർന്നിരുന്നില്ല.

Published

|

Last Updated

തലേന്നത്തെ തീരുമാനപ്രകാരം അതിരാവിലെയുള്ള ബസിൽ കയറി മനു അടുത്ത നഗരത്തിലെത്തി. രാത്രി വൈകി ആരംഭിച്ച തുലാമഴ അപ്പോഴും പെയ്ത് തോർന്നിരുന്നില്ല. അതിനിടയ്ക്കെപ്പോഴോ നിലച്ച വൈദ്യുതി അയാൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും തിരിച്ചെത്തിയിരുന്നുമില്ല. മൊബൈൽ ഫോൺ ചാർജ് നഷ്ടപ്പെട്ട് മനുവിന്റെ പാൻസിന്റെ പോക്കറ്റിൽ വിശ്രമിക്കാൻ തുടങ്ങിയിട്ട് അപ്പോൾ കുറേയധികം മണിക്കൂറുകൾ പിന്നിട്ടിരുന്നു.

നഗരത്തിലെ ചടങ്ങുകളിലെ ബഹളങ്ങളിൽ അലിഞ്ഞു ചേർന്നപ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്ന കാര്യം അയാൾ പാടെ മറന്നു. പിന്നെയെപ്പോഴോ ആ കാര്യം ഓർത്തെടുപ്പോഴേക്കും മഴ ശമിച്ച് കുറേശ്ശെ വെയിൽ അവിടെമാകെ പരന്നു തുടങ്ങിയിരുന്നു.

മനു ഒരു മൊബൈൽ ഫോണിന്റെ ചാർജർ സംഘടിപ്പിച്ചു വന്നപ്പോഴേക്കും ഉച്ചവെയിലിന്റെ കാഠിന്യം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു.അയാൾ ആഹാരം കഴിക്കുന്നതിനിടയിൽ ഫോൺ ഓൺ ചെയ്തപ്പോഴേക്കും വന്ന ആദ്യത്തെ കാൾ പോലീസ് സ്റ്റേഷനിൽ നിന്നായിരുന്നു.

മനു… താൻ ജീവിച്ചിരിപ്പുണ്ടോടോ…?

ആ ചോദ്യത്തിനുള്ള ഉത്തരം എന്തുകൊണ്ടോ അന്നേരം പുറത്തുവരാതെ അയാളുടെ ഉള്ളിന്റെയുള്ളിൽ കുടുങ്ങിക്കിടന്നു.ഫോണിൽ നിറഞ്ഞു കിടന്ന ഗുഡ് മോണിംഗ് മെസേജുകൾക്കോരോന്നും ക്ഷമാപണത്തോടെ മറുപടി അയക്കുമ്പോൾ അയാളോർത്തു ഒരു ഉൾപ്രദേശത്ത് അവിവാഹിതനായി ഒറ്റയ്ക്ക് താമസിക്കുന്ന താൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്ന് കൂട്ടുകാരും ബന്ധുക്കളും മനസ്സിലാക്കുന്നത് എന്നും അതിരാവിലെ താൻ അവർക്ക് മുടങ്ങാതെ അയക്കുന്ന ഇത്തരം അൻപതിലധികം ഗുഡ് മോണിംഗ് മെസേജിലൂടെയാണെന്നുള്ള സത്യം മനു പിന്നീടൊരിക്കലും മറന്നതേയില്ല…

Latest