karipur airport hajj embarkation
ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിൽ തിരികെയെത്തിക്കാൻ സമ്മർദത്തിനൊരുങ്ങി ഹജ്ജ് കമ്മിറ്റി
അടുത്ത വർഷത്തെ ഹജ്ജിന് നെടുമ്പാശ്ശേരിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടൽ കേന്ദ്രമായി അറിയിച്ചിട്ടുള്ളത്
കോഴിക്കോട് | ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി. അടുത്ത വർഷത്തെ ഹജ്ജിന് നെടുമ്പാശ്ശേരിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടൽ കേന്ദ്രമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഹജ്ജിന് പോകുന്നവരിൽ 80 ശതമാനം പേരും മലബാറിൽ നിന്നാണെന്നിരിക്കെ ഇവർക്കു കൂടി സൗകര്യമാകുന്ന രീതിയിൽ കരിപ്പൂർ പുറപ്പെടൽ കേന്ദ്രമാക്കണമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം.
കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ പ്രേം കുമാർ സംസ്ഥാന ട്രാൻസ്‌പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിന് ഇത് സംബന്ധിച്ച് നേരത്തേ കത്തയച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രിക്ക് അദ്ദേഹം കത്ത് കൈമാറും. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കും. 2019ൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സംസ്ഥാന സർക്കാറിന്റെയും കടുത്ത സമ്മർദത്തിനൊടുവിലാണ് കരിപ്പൂരിലേക്ക് ഹജ്ജ് പുറപ്പെടൽ കേന്ദ്രം തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. മലബാറിൽ നിന്നുള്ളവർ അന്ന് കരിപ്പൂരിൽ നിന്നും മറ്റുള്ളവർ നെടുമ്പാശ്ശേരി വഴിയുമാണ് ഹജ്ജിന് പോയത്.
കൊവിഡ് വ്യാപനത്തോത് ആഗോളതലത്തിൽ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ അടുത്ത വർഷം ഹജ്ജിന് അവസരമൊരുങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്ര സാധ്യമാകുമ്പോൾ ഹാജിമാർക്ക് കൂടുതൽ സൗകര്യപ്രദമായ കേന്ദ്രത്തിൽ നിന്നാക്കുന്നതിന് വേണ്ടിയാണ് കരിപ്പൂർ പുറപ്പെടൽ കേന്ദ്രമായി പരിഗണിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടുന്നത്.
2002 മുതൽ കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയന്റാണ്. 2015ൽ റൺവേയുടെ അറ്റകുറ്റപ്പണികൾ ചൂണ്ടിക്കാട്ടിയാണ് എംബാർക്കേഷൻ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. 2018 വരെ ഇത് തുടർന്നു. 2019ൽ വീണ്ടും കോഴിക്കോടിനെ ഹജ്ജ് എംബാർക്കേഷൻ പോയന്റായി അനുവദിച്ചിരുന്നു. 2020ലും 2021ലും കൊവിഡ് സാഹചര്യത്തെ തുടർന്ന് ഹജ്ജ് യാത്ര നടന്നിരുന്നില്ല. എന്നാൽ 2022ലെ ഹജ്ജ് യാത്രക്കുള്ള പുറപ്പെടൽ കേന്ദ്രത്തിൽ നിന്ന് കരിപ്പൂരിനെ തഴയുകയായിരുന്നു. കേന്ദ്ര നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.