തിരഞ്ഞെടുപ്പിൽ ബി ജെ പിക്കേറ്റ കനത്ത ആഘാതവും ഉൾപ്പാർടി യുദ്ധങ്ങളും പോർവിളികളും പരസ്യമായതും സൃഷ്ടിച്ച നിരാശയിൽ നിന്നാണ് ഹലാൽ വിവാദം ഉടലെടുക്കുന്നതെന്ന് മുൻ മന്ത്രി ഡോ.തോമസ് ഐസക്. സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ഏതറ്റം വരെയും പോകുമെന്ന സ്ഥിതിയാണ്. പൊന്നാനിയിലെ പലഹാരക്കടയെക്കുറിച്ച് ഞാനെഴുതിയ പോസ്റ്റിനടിയിലെ ഹാലിളക്കം നോക്കുക. സംസ്ക്കാരമോ മര്യാദയോ തൊട്ടുതെറിച്ചിട്ടില്ലാത്ത കുറേപ്പേർ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. വിഡ്ഢിത്തവും വിവരക്കേടും സംസ്ക്കാരശൂന്യതയും അഹങ്കാരവും ക്രൂരതയും സമം ചേരുന്ന മനോഭാവമാണ് സംഘിത്തം. അവർക്കെതിരെ പുലർത്തേണ്ട ജാഗ്രതയിലോ, വിട്ടുവീഴ്ചയില്ലാതെ ചെറുത്തുനിൽക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തത്തിലോ ഒരു അലംഭാവവും പാടില്ല എന്നാണ് ഹലാൽ വിവാദം നമ്മെ പഠിപ്പിക്കുന്നതെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണ രൂപത്തിൽ:
അടവുകൾ മുപ്പത്താറും പയറ്റിയിട്ടും കേരളത്തിൽ ഒരുഗതിയും പരഗതിയുമില്ലെന്ന നിരാശയിൽ നിന്നാണ് സംഘികൾ ഹലാൽ വിവാദം ആസൂത്രണം ചെയ്തത്. ഓരോ തോൽവി സംഭവിക്കുമ്പോഴും അവർ വർഗീയതയുടെ ഡോസ് കൂട്ടിക്കൊണ്ടേയിരിക്കും. പക്ഷേ, ഒന്നും ഏശുന്നില്ല. എങ്കിലും പരിശ്രമം ഉപേക്ഷിക്കുന്നുമില്ല. ഭീഷണിയുടെയും വെല്ലുവിളിയുടെയും ശൈലി നിലനിർത്താൻ ആവുംമട്ടു ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നുമങ്ങോട്ടു ശരിയാകാത്തതിന്റെ നിരാശയും വിഷാദവും വ്യക്തമാണ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു ഫലം നാം വിചാരിക്കുന്നതിനേക്കാൾ ആഘാതം ബിജെപി സംഘപരിവാർ കേന്ദ്രങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. ശബരിമല വിവാദത്തിൽ അവർക്കു വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ, ആകെയുള്ള ഒരു സീറ്റ് നഷ്ടപ്പെടുകയും ആകെ വോട്ടുവിഹിതത്തിൽ വലിയ ഇടിവു വരികയും ചെയ്തതോടെ ബിജെപിയുടെ സമനില തെറ്റി.
രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോഴേ നായകൻ സ്വന്തം അണികൾക്കിടയിൽത്തന്നെ ഒന്നാന്തരം പരിഹാസ കഥാപാത്രമായി മാറിക്കഴിഞ്ഞിരുന്നു. തുടർന്ന് എന്തെല്ലാം തമാശകൾ. തൊട്ടതും പിടിച്ചതുമൊക്കെ കൂട്ടച്ചിരിയ്ക്കും കൂക്കുവിളിയ്ക്കും കാരണമായി. ഒടുവിലോ, തിരഞ്ഞെടുപ്പു ഫണ്ടു മുക്കിയതുമായി ബന്ധപ്പെട്ടുയർന്ന നാണംകെട്ട വിവാദങ്ങൾ. അതും കൂടിയായപ്പോൾ ചിത്രം പൂർണമായി. ഉൾപ്പാർടി യുദ്ധങ്ങളും പോർവിളികളും പരസ്യമായി.
അതിന്റെ നിരാശയിൽ നിന്നാണ് ഹലാൽ വിവാദം ഉടലെടുക്കുന്നത്. സമൂഹത്തിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ ഏതറ്റം വരെയും പോകുമെന്ന സ്ഥിതിയാണ്. പൊന്നാനിയിലെ പലഹാരക്കടയെക്കുറിച്ച് ഞാനെഴുതിയ പോസ്റ്റിനടിയിലെ ഹാലിളക്കം നോക്കുക. സംസ്ക്കാരമോ മര്യാദയോ തൊട്ടുതെറിച്ചിട്ടില്ലാത്ത കുറേപ്പേർ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. എല്ലാ കമന്റിനും ഭീഷണിയുടെ ചുവയുണ്ട്. പിന്നെ തെറിയും. കള്ളപ്പേരുകാരാണ് മഹാഭൂരിപക്ഷവും. ഇത്തരത്തിൽ സംഘടിതമായി ആക്രമിച്ചാൽ ഭയന്നു പിന്മാറുമെന്ന് ഈ വിഡ്ഢികൾ ആത്മാർത്ഥമായി വിശ്വസിക്കുന്നതുപോലെയുണ്ട്.
വിഡ്ഢിത്തവും വിവരക്കേടും സംസ്ക്കാരശൂന്യതയും അഹങ്കാരവും ക്രൂരതയും സമം ചേരുന്ന മനോഭാവമാണ് സംഘിത്തം. അതിൽ നേതാവെന്നോ അണിയെന്നോ ഉള്ള ഭേദമില്ല. തലതൊട്ടപ്പൻ തൊട്ട് കാലറ്റത്തെ അണി വരെ ഒരേ നിലവാരമാണ്. കേരളത്തെ വർഗീയമായി വിഭജിക്കാൻ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണവർ.
അവർക്കെതിരെ പുലർത്തേണ്ട ജാഗ്രതയിലോ, വിട്ടുവീഴ്ചയില്ലാതെ ചെറുത്തുനിൽക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തത്തിലോ ഒരു അലംഭാവവും പാടില്ല എന്നാണ് ഹലാൽ വിവാദം നമ്മെ പഠിപ്പിക്കുന്നത്.
തറവാടുകളുടെ അകത്തളങ്ങളിലൊതുങ്ങുന്ന മുസ്ലിം സ്ത്രീകളെക്കുറിച്ചുള്ള എന്റെ പരാമർശം സംഘികൾ ഏറ്റെടുത്തപോലുണ്ട്. തെറ്റിദ്ധാരണയൊന്നും വേണ്ട. പുതിയ തലമുറ വിദ്യാസമ്പന്നരാണ്. വീട്ടിലൊതുങ്ങുന്നവരുമല്ല. വീട്ടിൽ ഒതുങ്ങുന്നവരെല്ലാം മുസ്ലിം സ്ത്രീകളാണെന്നും വിവക്ഷയില്ല. കേരളത്തിൽ പുരുഷന്മാരിൽ 75 ശതമാനവും വീടിനു പുറത്ത് ജോലികളിൽ ഏർപ്പെടുമ്പോൾ സ്ത്രീകളുടെ 25 ശതമാനമേ ഇത്തരം തൊഴിലുകൾക്കു പോകുന്നുള്ളൂ. വിദ്യാസമ്പന്നരായ നല്ലൊരു പങ്ക് സ്ത്രീകൾപോലും വീട്ടിലൊതുങ്ങുന്നു. അവിടെ നാനാവിധ കാണാപ്പണികളിൽ മുഴുകുന്നു. ഈ കാണാപ്പണികളെ വിലമതിക്കുകയും ദൃശ്യമാക്കുകയും ചെയ്യുകയെന്നതു പുരോഗമനപരമായ കർത്തവ്യമാണ്.
ഇതാണ് പൊന്നാനിയിലെ പുരോഗമന കലാസാഹിത്യ സംഘം അവരുടെ സമ്മേളനവുമായി ബന്ധപ്പെട്ടു ചെയ്തത്. ‘അപ്പങ്ങൾ എമ്പാടും’ പ്രദർശനം വീടുകളിലെ സൽക്കാരങ്ങളിൽ ഒതുങ്ങിയിരുന്ന പലഹാര രുചിക്കൂട്ടുകളെ പുറത്തുകൊണ്ടുവന്നു. വേണമെങ്കിൽ വാണിജ്യാടിസ്ഥാനത്തിലുള്ള വരുമാനദായകമായ ഒരു ഗാർഹിക തൊഴിലാക്കി മാറ്റാമെന്നു തെളിയിച്ചു. ഇതിനെതിരായിട്ടാണ് ഹലാൽ വിവാദവുമായി സംഘികൾ ഇറങ്ങിയത്.
എന്നാൽ ഇതൊന്നും കേരളീയരെ ഏശില്ല. 40 ഇന പലഹാര കടയിലെ വിൽപ്പനയെക്കുറിച്ച് ഞാൻ അന്വേഷിച്ചു. വിവാദംമൂലം വിൽപ്പന ഇപ്പോൾ ഇരട്ടിയായിട്ടുണ്ടെന്നാണു പറയുന്നത്. പൊന്നാനി പലഹാരം എന്ന ബ്രാൻഡിൽ മുനിസിപ്പാലിറ്റിയുടെ പിന്തുണയോടെ ഓൺലൈനായും മറ്റും കേരളത്തിൽ എവിടെയും ഈ പലഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏതാനും സംരംഭങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചാണ് ‘അപ്പങ്ങൾ എമ്പാടും’ സംഘാടകർ ചിന്തിക്കുന്നത്. പോസ്റ്റിനോടൊപ്പമുള്ള ചിത്രങ്ങൾ അപ്പങ്ങൾ എമ്പാടും പ്രദർശനത്തിന്റേതാണ്.