Connect with us

cover story

കായലിനെ കാത്ത കരങ്ങൾ

ഓരോ നദിയും ഓരോ ഇതിഹാസം രചിക്കുമെന്ന് എഴുതിയത് മലയാളത്തിന്റെ സ്വന്തം ഒ എൻ വിയാണ്. അപ്പോൾ ജലസ്രോതസ്സുകൾ കൈമോശം വന്നു തുടങ്ങുമ്പോൾ നശിച്ചൊടുങ്ങുന്നത് ഒരു സംസ്കാരവും ഒരു ഇതിഹാസവുമാണ്. ആറ് ജില്ലകളിലായി തൊണ്ണൂറ് ലക്ഷം മനുഷ്യർ ജല വിഭവങ്ങൾക്കായി പ്രത്യക്ഷമായും പരോക്ഷമായും ആശ്രയിക്കുന്ന നിത്യ സ്രോതസ്സുകളിലൊന്ന് മനുഷ്യ ഇടപെടലുകൾ കൊണ്ടും കാലാവസ്ഥാ വ്യതിയാനം കൊണ്ടും നശിച്ചുകൊണ്ടിരിക്കുമ്പോൾ, കൃത്യമായ ഇടപെടലുകളിലൂടെ ശ്വാസം നൽകി രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഈ കായൽ സ്നേഹികൾ. ഒത്തൊരുമയുടെ കരംനീട്ടി ആ ജലസ്രോതസ്സിന് പ്രാണൻ നൽകുകയാണിവർ. ലോക തണ്ണീർത്തട ദിനത്തിലെ ഈ വായന മനം കുളിർക്കുന്ന പ്രകൃതിസ്നേഹത്തിന്റെ കഥയാണുണർത്തുന്നത്.

Published

|

Last Updated

നോക്കെത്താ ദൂരത്ത് നീണ്ടുപരന്നുകിടക്കുന്ന കരകാണാകായൽ. ഓളപ്പരപ്പുകളെ കീറിമുറിച്ചു ഊളിയിട്ടു പായുന്ന ചെറുവള്ളങ്ങൾ മുതൽ കൂറ്റർ ബോട്ടുകൾ വരെ. ചെറുമീനുകളെ ചുണ്ടിലേറ്റി വട്ടമിട്ടുപറക്കുന്ന കുട്ടനാടൻ പറവകൾ. കരയിലും ബണ്ടുകളിലും തീരക്കാറ്റേറ്റു വർത്തമാനം പറഞ്ഞിരിക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും. മീൻപിടിക്കുന്ന കുട്ടനാടൻ ബാല്യങ്ങളും വലവീശുകാരും… മനം നിറയെ കാഴ്ചകൾ കണ്ടു കായലിലൂടെ കടന്നുപോകുന്ന ഹൗസ്‌ബോട്ടുകളിൽ നിന്നും മലയാളമക്കളെ കൈവീശിക്കാണിച്ചു ചെറു ചിരിയുമായി വിദേശികളും വിനോദസഞ്ചാരികളും.

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയതും കേരളത്തിലെ ഏറ്റവും വലിയതുമായ വേമ്പനാട്ട് കായൽ. അതിമനോഹരമായ ഈ തടാകത്തിലൂടെ കുടുംബവുമൊത്തു ഒരു വേനൽക്കാലയാത്ര കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. നിർഭാഗ്യവശാൽ മലയാളിയുടെ ജലസ്രോതസ്സുകളിൽ പ്രധാനിയായ ആ തടാകത്തിന് മരണമണി മുഴങ്ങിയിട്ടു പതിറ്റാണ്ടുകളായെങ്കിലും മരണക്കയത്തിൽ നിന്നും വീണ്ടെടുക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല. ഇപ്പോൾ ആ ദൗത്യം ഏറ്റെടുത്തു ഒരു ജനത മുഴുവനായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി 1512 ച. കി. മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന 96 കി. മീറ്റർ നീളമുള്ള വേമ്പനാട്ടു കായലിനെ മാലിന്യമുക്തമാക്കാൻ രംഗത്തിറങ്ങിയത് ആലപ്പുഴയിലെ പ്രബുദ്ധരായ ജനതയാണ്. അവർക്കിത് ആഘോഷം മാത്രമല്ല. ജീവന്റെ നിലനിൽപ്പിനാധാരം കൂടിയാണ്.

ഉത്സവ പ്രതീതിയിൽ ഒരു നാട്

കുട്ടനാടൻ നെല്ലറയും കടലിലെ ചാകരയും പൂരകങ്ങളായി വേമ്പനാട്ടു കായലിൽ അലിഞ്ഞു നിൽക്കുമ്പോൾ ആ കായലിന്റെ തനതു ആവാസവ്യവസ്ഥ നിലനിർത്താൻ എന്തുചെയ്യാനാകുമെന്ന ചിന്ത പണ്ടുമുതലെ പ്രകൃതി സ്‌നേഹികളിൽ അടിഞ്ഞുകൂടിയിരുന്നു. അതിനായി സർക്കാർ തലത്തിലും അല്ലാതെയും പലപ്പോഴും പല ചർച്ചകളും നടന്നിരുന്നെങ്കിലും ആഴത്തിലുള്ള ഒരു കാര്യവും നടന്നതുമില്ല.എങ്കിലും കായലിനെ മാലിന്യമുക്തമാക്കി വീണ്ടെടുക്കണം എന്ന അടങ്ങാത്ത ആഗ്രഹത്തിനു മുമ്പിൽ പകച്ചു നിൽക്കാതെ ആലപ്പുഴ ജില്ലാ കലക്ടർ അലക്‌സ് വർഗീസും കായൽ സ്നേഹികളും മുന്നോട്ടുവന്നതോടെയാണ് വേമ്പനാട്ടുകായൽ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ കൈവന്നത്.

അദ്ദേഹം മുൻകൈയെടുത്ത് ത്രിതലപഞ്ചായത്തുകൾ, സാമൂഹിക പ്രവർത്തകർ, ശാസ്ത്രജ്ഞർ, ബഹുജനങ്ങൾ തുടങ്ങിയവരടങ്ങുന്ന കൂട്ടായ്മയിൽ ഒരു സെമിനാർ സംഘടിപ്പിക്കുകയും ആ സെമിനാറിൽ എങ്ങനെയും കായൽ മാലിന്യമുക്തമാക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നു. അതിനായി ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങാൻ എല്ലാവരും മനസ്സിലുറച്ചു തുടർ നടപടികൾക്കും തുടക്കമിട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കായലിൽ ആദ്യഘട്ടമെന്ന നിലയിൽ ആലപ്പുഴ ജില്ലയിലും തുടർന്ന് മറ്റു ജില്ലകളിലും നടപ്പാക്കാനാകുമെന്നും വിലയിരുത്തി.

പിന്നീട് കായൽ കടന്നുപോകുന്ന മുപ്പത് പഞ്ചായത്തുകളിലും തുടക്കമെന്ന നിലയിൽ ജില്ലയിലെ അരൂക്കുറ്റി, പെരുമ്പളം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി പഞ്ചായത്തുകളിലേയും ആലപ്പുഴ, ചേർത്തല നഗരസഭകളിലെയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഒരു ജനത ഒത്തുചേർന്നായിരുന്നു ദൗത്യത്തിന്റെ തുടക്കം. മറ്റു പതിനെട്ടു പഞ്ചായത്തുകളിൽ ഈ മാസം ആദ്യവാരത്തിലും ദൗത്യം തുടരും.

പുന്നമട മുതൽ മുഹമ്മവരെ പത്ത് കി. മീറ്റർ ദൈർഘ്യത്തിൽ നടത്തിയ കായലിലെ മാലിന്യ നിർമാർജന യജ്ഞത്തിൽ ശേഖരിച്ചത് ആരെയും അതിശയിപ്പിക്കും വിധം 12 ടൺ പ്ലാസ്റ്റിക് മാലിന്യവും. അതിൽ എൺപത് ശതമാനവും ജീർണിക്കാതെ കായലിന്റെ അടിത്തട്ടിൽ കിടന്നവയുമായിരുന്നു. ഒരു നാടിന്റെ ഉണർത്തുപാട്ടായി മാറിയ “ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട്ട് ക്യാന്പയിൻ’ നടത്തിയ ആ മഹായജ്ഞത്തിൽ ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, പോലീസ്, സന്നദ്ധസംഘടനകൾ, നാട്ടുകാർ, കർഷകരും കർഷകത്തൊഴിലാളികളും, കുടുംബശ്രീ അംഗങ്ങൾ, എൻ ജി ഒ മാർ, അയൽക്കൂട്ടങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നായി മൂവായിരത്തി അഞ്ഞൂറോളം പേരാണ് അണിചേർന്നത്. അതേ ഇത് അവരുടെ ജീവൽപ്രശ്നം തന്നെയായിരുന്നു. രാവിലെ ഏഴര മുതൽ ഉച്ചക്ക് ഒന്നരവരെ വിവിധയിടങ്ങളിലായി നടത്തിയ ദൗത്യത്തിൽ മാത്രമാണ് ഇത്രയും വലിയ മാലിന്യ ശേഖരം കണ്ടെടുക്കാനായത്. അപ്പോൾ ഒരു നദി പേറുന്ന മാലിന്യം എത്രയാണെന്ന് ഏവരും അതിശയിച്ചുപോകും.

334 വള്ളങ്ങളും 548 മത്സ്യത്തൊഴിലാളികളും 532 സന്നദ്ധപ്രവർത്തകരും പങ്കെടുത്തവരിൽ ഉൾപ്പെടും. ഒരേ മനസ്സോടെ ഇറങ്ങിയവർക്കു വെള്ളത്തിനടിയിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കാൻ പ്രത്യേക ഉപകരണങ്ങളും സംഘടിപ്പിച്ചിരുന്നു. കായലിനേയും കൃഷിയേയും പ്രകൃതിയേയും സ്‌നേഹിക്കുന്നവരുടെ ഏറെ നാളത്തെ ആഗ്രഹപൂർത്തീകരണത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. 2002ൽ സംരക്ഷിത കായലായും ആഗോള കാർഷിക മേഖലയായും പ്രഖ്യാപിച്ചെങ്കിലും ഇതോടെയാണ് കായൽ സംരക്ഷണത്തിനായി കാര്യമായ ചലനം ഉണ്ടായത്. ഒന്നര മീറ്റർ ആഴത്തിൽ മാനില്യങ്ങൾ കെട്ടിക്കിടക്കുന്നതായി 2018ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഒറ്റദിവസംകൊണ്ട് കണ്ടെടുത്ത മാലിന്യങ്ങളിൽ ഏറെയും ഹൗസ് ബോട്ടുകളിൽ നിന്നും നിക്ഷേപിച്ചവയാണെന്നാണ് കണ്ടെത്തിയത്. അതിൽ നാപ്കിൻസുകൾ, ചാക്കുകണക്കിനു ഇൻസുലിൻ നീഡിലുകൾ, വാട്ടർ ബോട്ടിലുകൾ എന്നിവയും ഉൾപ്പെടും. അവയെല്ലാം റീസൈക്ലിംഗിനായി കമ്പനികൾക്കും കൈമാറി. ക്യാന്പയിനിനായി 1.08 കോടി രൂപയുടെ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതിയിൽ അവതരിപ്പിച്ചു അംഗീകാരവും നേടിയിരുന്നു. കൂടാതെ ഭക്ഷണം ഉൾപ്പെടെയുള്ള മറ്റു ചെലവുകൾക്കായി പഞ്ചായത്തുകളും സന്നദ്ധസംഘനകളും സഹകരിച്ചതോടെ ഇതൊരു വലിയ യജ്ഞമായി മാറുകയായിരുന്നു. തുടർ നടപടികൾ എന്ന നിലയിൽ ഹൗസ്‌ബോട്ട് ഉടമകൾക്ക് ബോധവത്കരണ പരിപാടികളും ഉണ്ടാകും.

അടിത്തട്ടിൽ അപകടകരമായ മാലിന്യം

കേരള ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തിൽ കായലിനു അടിത്തട്ടിൽ 3005 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നതായും കണ്ടെത്തിയിരുന്നു. 1980ൽ നൂറ്റി അൻപതോളം ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ ഉണ്ടായിരുന്ന തടാകത്തിൽ അത് 90 ആയി കുറഞ്ഞു. അറുപതു ഇനങ്ങളോളം മത്സ്യങ്ങളും ഇല്ലാതായി. കായലിന്റെ ജലസംഭരണശേഷി 85.3 ശതമാനവും നഷ്ടപ്പെട്ടു. 43.5ശതമാനം കായലും ഇല്ലാതായി. ഒരു നൂറ്റാണ്ടു മുമ്പ് 26,175 ലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷി ഉണ്ടായിരുന്ന കായൽ പിന്നീട് 3878.7 ലക്ഷം ക്യൂബിക് മീറ്ററായി ചുരുങ്ങിയതായും പഠനത്തിൽ കണ്ടെത്തിയിരുന്നു.

മാലിന്യം അടിഞ്ഞു കൂടി ഗണ്യമായി ആഴം കുറഞ്ഞതോടെ വെള്ളപ്പൊക്കത്തിനും കാരണമായി. അച്ചൻകോവിലാർ, മണിമലയാർ, മീനച്ചിലാർ, മൂവാറ്റുപുഴയാർ, പമ്പാനദി, പെരിയാർ തുടങ്ങിയ നദികൾ ഈ കായലിലാണ് ഒഴുകിയെത്തുന്നത്. പാതിരാമണൽ, പള്ളിപ്പുറം, പെരുമ്പളം ദ്വീപുകളും ഈ കായലിലാണ്. കൂടാതെ ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ച തണ്ണീർമുക്കം ബണ്ടും ഈ കായലിൽ തന്നെ. അറബിക്കടലുമായി ചേരുന്ന പ്രദേശമാണ് കൊച്ചി തുറമുഖം. റാംസർ ഉടമ്പടിയനുസരിച്ചു അന്താരാഷ്ട്ര പ്രാധാന്യമുള്ള കായലായി വേമ്പനാട്ടുകായലിനെ അംഗീകരിച്ചിരുന്നു. ആറ് മാസം ഉപ്പുവെള്ളവും ആറ് മാസം ശുദ്ധജലവുമാണ് വേമ്പനാട്ടുകായലിലേത്. മഴക്കാലത്ത് കായലിൽ നിന്നും കടലിലേക്ക് വെള്ളം ഒഴുകുന്നതുകൊണ്ട് ആ സമയത്ത് ശുദ്ധജലവും വേനൽക്കാലത്ത് കടലിൽ നിന്നും കായലിലേക്ക് വെള്ളം ഒഴുകുന്നതുമാണ് ഇതിനു കാരണം.

“വേമ്പനാട്ടു കായലിൽ ഒരു ദിവസംകൊണ്ടു നടത്തിയ ശുചീകരണത്തിൽ12 ടൺ മാലിന്യമാണ് ശേഖരിച്ചത്. മലിനീകരണത്തിന്റെ വ്യാപ്തി എത്രയെന്ന് ഇതു വ്യക്തമാക്കുന്നു. കായൽ ശുചീകരിച്ചു സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെുക്കാനുള്ള ശ്രമത്തിലാണ്. ഇത് പൂർണ വിജയത്തിലെത്തിക്കാനാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ജില്ലാ കലക്ടർ അലക്‌സ് വർഗീസ് പറയുന്നു. ഒരു ജനതയുടെ ഉണർത്തുപാട്ടായി ഈ യജ്ഞം മാറുമ്പോൾ കായൽ കൈയേറ്റങ്ങളുടേയും മറ്റും കഥകളും ഒത്തിരി പറയാനുണ്ട് നാട്ടുകാർക്ക്. റിസോർട്ടുകളിൽ നിന്നും തള്ളുന്ന മനുഷ്യവിസർജ്യങ്ങൾ, ഹൗസ് ബോട്ടുകളിൽ നിന്നും പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൽപ്പെടെയുള്ളവയും ഒരു വിപത്തായി ഈ ശുദ്ധ തടാകത്തെ ഇല്ലാതാക്കുമ്പോൾ അതിനുള്ള പ്രതിവിധികളും പലപ്പോഴും വാക്കുകളിൽ ഒതുങ്ങുന്നതായും ആക്ഷേപമുണ്ട്.

അതേസമയം കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിക്കിടക്കുന്ന ടൺകണക്കിന് എക്കൽ ഒരു വലിയ ജലസമ്പത്താണെന്ന് ഇന്റർനാഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീ ലെവൽ ഫാമിംഗ് ഡയറക്ടർ പ്രൊഫ. ഡോ. കെ ജി പദ്മകുമാർ പറയുന്നു. ഇത് സഹ്യപർവതങ്ങളിലെ ഇലകൾ ഒഴുകിയെത്തി ജീർണിച്ചുണ്ടാകുന്ന വലിയ കാർബൺ ശേഖരമാണ്. ഇതു സംരക്ഷിച്ചാൽ വ്യാവസായികാടിസ്ഥാനത്തിൽ വലിയ മുതൽക്കൂട്ടാകും. ആലപ്പുഴയിൽ ഇപ്പോൾ നടന്നു വരുന്ന കായലിലെ മാലിന്യം മുക്തമാക്കാനുള്ള യജ്ഞം തുടർപ്രക്രിയയായി തുടരുന്നതോടെ കോട്ടയം, എറണാകുളം ജില്ലകളിലും ഇതു ആരംഭിക്കാനാകുമെന്നും അങ്ങനെ പൂർണമായും വേമ്പനാട്ടു കായലിനെ മാലിന്യ മുക്തമാക്കി സംരക്ഷിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതോടൊപ്പം മാലിന്യം കായലിൽ തള്ളാതിരിക്കാനുള്ള ബോധവത്കരണവും സർക്കാർ ഇടപെടലുകളും ഉണ്ടാകണം.

ഭൂമിയുടെ കരയിൽ ആറ് ശതമാനത്തോളം നീർത്തടങ്ങളാണ്. അതിനെ സംരക്ഷിച്ചു ഭൂമിയുടെ ആവാസ വ്യവസ്ഥ നിലനിർത്തണം. അതിനായി നടത്തുന്ന മഹായജ്ഞത്തിലൂടെ കഴിഞ്ഞ തലമുറ നമ്മെ ഏൽപ്പിച്ച തണ്ണീർത്തടാകങ്ങൾ സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുക കൂടിയാണ് ഈ ഉദ്യമത്തിലൂടെ സാധ്യമാകുന്നത്. അതിനായുള്ള വലിയ ദൗത്യത്തിന്റെ അധ്യായമായി വേമ്പനാട്ടുകായൽ ശുചീകരണ പ്രക്രിയയെ കാണുമ്പോൾ ഒരു നാടിന്റെയാകെ ശ്വാസഗതിയെക്കൂടിയാണ് വീണ്ടെടുക്കുന്നത്.

Latest