National
സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ സംവരണം നടപ്പാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍
സ്വകാര്യ മേഖലയില്‍ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമം.
ന്യൂഡല്‍ഹി| സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ സംവരണം നടപ്പാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ 75 ശതമാനം തൊഴിലും ഹരിയാന സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമം. ഹരിയാനയിലെ സ്വകാര്യ മേഖലയില്‍ 75 ശതമാനം സംവരണം നല്‍കുന്ന ഹരിയാന സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്‌സ് നിയമം നടപ്പിലാക്കുമ്പോള്‍, മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്.
ഡല്‍ഹി എന്‍സിആറിന്റെ ഭാഗമായുള്ള ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, പഞ്ച്കുല, പാനിപ്പത്ത് നഗരങ്ങള്‍ ഇന്ത്യയിലെ പ്രധാന വ്യവസായ സാമ്പത്തിക മേഖലയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലും വാഹന കമ്പനികളിലും ഇലക്‌ട്രോണിക്‌സ് കമ്പനികളിലും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇവരെ പിരിച്ചു വിടേണ്ടി വരും. തൊഴില്‍ വകുപ്പിന്റെ പോര്‍ട്ടലില്‍ കമ്പനികളിലെ ജീവനക്കാരുടെ പുതുക്കിയ വിവരങ്ങള്‍ 2022 ജനുവരിക്കുള്ളില്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ അടിസ്ഥാന മാസശമ്പളം 50,000 രൂപയായി നിജപ്പെടുത്തിയെന്നും സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
പ്രാദേശികമായുള്ള സാമ്പത്തിക തൊഴില്‍ പിന്നോക്ക അവസ്ഥയില്‍ മാറ്റം വരുത്താനാണ് നിയമമെന്ന് സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാരില്‍ ബിജെപി ഘടകക്ഷിയായ ജെജെപിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു പ്രാദേശിക തൊഴില്‍ സംവരണം. സ്വകാര്യകമ്പനികള്‍, സൊസൈറ്റികള്‍, ട്രസ്റ്റുകള്‍, ലിമിറ്റഡ് പങ്കാളിത്ത കമ്പനികള്‍ തുടങ്ങിയവ നിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാകും.
അതേസമയം, യോഗ്യതയുള്ളവരെ കണ്ടെത്താനായില്ലെങ്കില്‍ മറ്റു സംസ്ഥാനക്കാരെ നിയമിക്കാനുള്ള വകുപ്പ് കൂടി നിയമത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ നിയമം പുനപരിശോധിക്കണമെന്നും ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ സംസ്ഥാനം വിടുന്നതിലേക്ക് നയിക്കുന്നതാണ് തീരുമാനമെന്നും വ്യവസായരംഗത്തെ സംഘടനകള്‍ പ്രതികരിച്ചു.