Kerala
കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല
ഹരജി സെപ്റ്റംബര്‍ 2നു പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.
കൊച്ചി | കിഫ്ബിയുടെ മസാല ബോണ്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമന്‍സുകള്‍ സ്റ്റേ ചെയ്യണം എന്ന കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി. ഫെമ ലംഘനം പരിശോധിക്കേണ്ടതു ഇഡി അല്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയിരിക്കുന്ന്ത. വിഷയം ഇഡിയല്ല, റിസര്‍വ് ബേങ്ക് ആണ് പരിശോധിക്കേണ്ടതെന്നും കിഫ്ബി ഹൈക്കോടതിയില്‍ വാദിച്ചു.
തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഇഡി തടസ്സപ്പെടുത്തുകയാണെന്നു പറഞ്ഞപ്പോള്‍ തുടര്‍ച്ചയായി എന്തുകൊണ്ടാണ് സമന്‍സ് അയയ്ക്കുന്നതെന്നു കോടതി ഇഡിയോടു വാക്കാല്‍ ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതോടെ ഹരജി സെപ്റ്റംബര്‍ 2നു പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചു.
മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നെന്നു കാണിച്ചാണു കിഫ്ബിക്ക് ഇഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിക്കെതിരെയാണു കിഫ്ബിയും സിഇഒ കെ എം ഏബ്രഹാമും ജോയിന്റ് ഫണ്ട് മാനേജരും ഹൈക്കോടതിയെ സമീപിച്ചത്.