Editorial
ശിരോവസ്ത്രം അവരുടെ അവകാശമാണ്
വിദ്യാര്‍ഥികളുടെ അച്ചടക്കത്തിന് സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കുമ്പോള്‍, മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മൗലികാവകാശമായ ശിരോവസ്ത്ര ധാരണത്തെ അത് പ്രതികൂലമായി ബാധിക്കരുത്. യൂനിഫോമിന്റെ പേരുപറഞ്ഞ് ശിരോവസ്ത്ര ധാരണം നിരോധിക്കാന്‍ ഭരണഘടനയുടെ 25ാം അനുഛേദം നിലവിലുള്ളിടത്തോളം കാലം ആര്‍ക്കും അധികാരമില്ല.
കര്‍ണാടകയില്‍ കഴിഞ്ഞ കുറേ നാളുകളായി ക്രിസ്തീയ മതവിശ്വാസികളെ ഒളിഞ്ഞും തെളിഞ്ഞും അക്രമിച്ചു കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കു നേരേയും ഫണം വിടര്‍ത്തുന്നു. ഇസ്‌ലാമികാചാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിച്ചെത്തുന്ന മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്കു നേരേയാണ് അവരിപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജിലും ചിക്കമംഗളൂരു സര്‍ക്കാര്‍ കോളജിലുമാണ് അധികൃതര്‍ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്. ചിക്കമംഗളൂരു സര്‍ക്കാര്‍ കോളജില്‍ തിങ്കളാഴ്ച ശിരോവസ്ത്രം ധരിച്ചെത്തിയ അഞ്ച് വിദ്യാര്‍ഥിനികളെ പുറത്താക്കി. പ്രിന്‍സിപ്പല്‍ നേരിട്ടെത്തി ഈ വിദ്യാര്‍ഥിനികളോട് ക്ലാസ്സില്‍ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദുത്വവിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞെത്തി പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണത്രെ നടപടി. യൂനിഫോമിലെ ഏകീകൃത സ്വഭാവത്തിന് ഹിജാബ് വിലങ്ങു തടിയാവുന്നെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. ക്യാമ്പസില്‍ മറ്റെവിടെ വേണമെങ്കിലും ശിരോവസ്ത്രം അണിയാം, ക്ലാസ്സില്‍ കയറുമ്പോള്‍ അത് അഴിച്ചു വെക്കണമെന്നാണ് നിര്‍ദേശം. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഈ സ്ഥാപനത്തില്‍ ശിരോവസ്ത്രത്തിനെതിരായ നീക്കം.
ഒരാഴ്ച മുമ്പാണ് ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളജില്‍ ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥിനികളെ പുറത്താക്കിയത്. എങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ വിഷയത്തില്‍ ഇടപെടുകയും കോളജ് അധികൃതര്‍ നിലപാട് തിരുത്തി ശിരോവസ്ത്രം ധരിച്ച് ക്ലാസ്സില്‍ വരാന്‍ അനുമതി നല്‍കുകയുമുണ്ടായി. വിദ്യാര്‍ഥിനികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിക്കില്ലെന്ന കലക്ടറുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് അധികൃതര്‍ അയഞ്ഞത്. ശിരോവസ്ത്രം വിലക്കിയതിനു പുറമേ കോളജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകള്‍ മാത്രമേ സംസാരിക്കാവൂ എന്നും പ്രിന്‍സിപ്പല്‍ ഉത്തരവിറക്കിയിട്ടുണ്ട്. 2017 മാര്‍ച്ചില്‍ കര്‍ണാടകയിലെ ഒരു ഗവ. ഫസ്റ്റ് ഗ്രേഡ് കോളജില്‍ ഗസ്റ്റ് അധ്യാപികമാര്‍ പര്‍ദ ധരിച്ച് ക്ലാസ്സ് എടുക്കുന്നതിനെതിരെ സ്ഥാപനത്തിലെ ഒരു വിഭാഗം വിദ്യാര്‍ഥികളും അധ്യാപകരും കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
കോളജ് അധികൃതര്‍ അവകാശപ്പെടുന്നതു പോലെ വിദ്യാര്‍ഥികളുടെ വസ്ത്രത്തിലെ യൂനിഫോമിറ്റിക്കു പ്രയാസം സൃഷ്ടിക്കുന്നതു കൊണ്ടല്ല, ഇസ്‌ലാമിനോടും ഇസ്‌ലാമിക സംസ്‌കാരത്തോടുമുള്ളു അസഹിഷ്ണുതയാണ് യഥാര്‍ഥത്തില്‍ ശിരോവസ്ത്രത്തോടും പര്‍ദയോടുമൊക്കെയുള്ള വിരോധത്തിനു പിന്നില്‍. ശിരോവസ്ത്രം കാണുമ്പോള്‍ ഇസ്‌ലാമിക വിരോധികള്‍ക്ക് ഒരു തരം ഹാലിളക്കമാണ്. കറുപ്പ് ചൂടിനെ ആഗിരണം ചെയ്യുന്നതാകയാല്‍ കറുത്ത പര്‍ദ ധരിച്ച് മുസ്‌ലിം സ്ത്രീകളെല്ലാം മതാധികാരത്തിന്റെ ചൂടില്‍ എരിയുകയാണെന്നാണ് മുമ്പ് ഒരു “മതേതര ബുദ്ധിജീവി’ എഴുതിയത്. ലോകത്തെങ്ങുമുള്ള പുരുഷ എക്‌സിക്യൂട്ടീവുകള്‍ കറുത്ത കോട്ടാണ് ധരിക്കുന്നതെന്ന യാഥാര്‍ഥ്യം അയാള്‍ മനഃപൂര്‍വം വിസ്മരിക്കുകയായിരുന്നു. പര്‍ദ ധരിച്ചാല്‍ അള്‍സേഷ്യന്‍ പട്ടി കടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഒരു ദേശീയ പത്രം എഴുതിയിരുന്നു. ഈ അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ് കര്‍ണാടക കോളജുകളിലും ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ ആലുവ നിര്‍മല ഹൈസ്‌കൂളിലും കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലുമെല്ലാം കാണപ്പെട്ടത്.
ക്രിസ്തീയ വിശ്വാസിനികള്‍ പ്രാര്‍ഥനാ, കുമ്പസാര വേളകളില്‍ തല മറക്കണമെന്ന നിര്‍ബന്ധ ശാസനയുണ്ട്. ഹൈന്ദവ സന്യാസിനികള്‍ക്ക് ശിരോവസ്ത്രവും മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായി മറക്കുന്ന വസ്ത്രങ്ങളും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതുപോലെ, തലമുടിയും മറ്റു ശരീര ഭാഗങ്ങളും മാന്യമായി മറക്കുന്നതായിരിക്കണം സ്ത്രീകളുടെ വസ്ത്രധാരണമെന്ന് ഇസ്‌ലാമും നിര്‍ദേശിക്കുന്നു. ഇതൊരു കേവല കര്‍മമല്ല, നിര്‍ബന്ധപൂര്‍വം അനുഷ്ഠിക്കേണ്ടതാണ് മുസ്‌ലിം സ്ത്രീകള്‍. ചെറുപ്പത്തില്‍ പഠന കാലത്തുതന്നെ ഈ വസ്ത്രധാരണ രീതി അവലംബിക്കേണ്ടത് ഭാവിയില്‍ അതനുവര്‍ത്തിക്കാന്‍ അനിവാര്യമാണ്. മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രം ധരിച്ച് കലാലയങ്ങളില്‍ വരുന്നത് ഇതടിസ്ഥാനത്തിലാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതുമാണ് അവരുടെ വിശ്വാസ പ്രകാരമുള്ള വസ്ത്രധാരണ രീതിയെന്നതിനാല്‍ അതനുവദിക്കാന്‍ സ്‌കൂള്‍, കോളജ് അധികൃതര്‍ ബാധ്യസ്ഥരുമാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുക്കെ പുരുഷന്മാരും സ്ത്രീകളും മുഖാവരണം അഥവാ മാസ്‌ക് ധരിച്ചു നടന്നു. ഭരണകൂടങ്ങള്‍ അത് ധരിക്കാന്‍ നിര്‍ബന്ധ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പൗരന്മാരുടെ ആരോഗ്യ സുരക്ഷിതത്വത്തിനും രോഗം പടരാതിരിക്കാനുമായിരുന്നു ഇത്. ഇതുപോലെ തന്നെയാണ് തല മറക്കുന്ന കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ മതത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതും.
വിദ്യാര്‍ഥികളുടെ അച്ചടക്കത്തിന് സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കുമ്പോള്‍, മുസ്‌ലിം വിദ്യാര്‍ഥിനികളുടെ മൗലികാവകാശമായ ശിരോവസ്ത്ര ധാരണത്തെ അത് പ്രതികൂലമായി ബാധിക്കരുത്. യൂനിഫോമിന്റെ പേരുപറഞ്ഞ് ശിരോവസ്ത്ര ധാരണം നിരോധിക്കാന്‍ ഭരണഘടനയുടെ 25ാം അനുഛേദം നിലവിലുള്ളിടത്തോളം കാലം ആര്‍ക്കും അധികാരമില്ല. കര്‍ണാടകയില്‍ ഇപ്പോള്‍ സംഭവിച്ചതു പോലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനാധികൃതര്‍ ശിരോവസ്ത്രത്തിനു വിലക്കേര്‍പ്പെടുത്തുകയോ അപ്പേരില്‍ വിദ്യാര്‍ഥികളെ സ്ഥാപനത്തില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്യുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ദിഷ്ട യൂനിഫോമിനൊപ്പം ശിരോവസ്ത്രം ധരിക്കാനുള്ള മുസ്‌ലിം വിദ്യാര്‍ഥിനികളുടെ അവകാശം നിലനിറുത്തുന്ന ഉത്തരവുകളോ നിയമനിര്‍മാണങ്ങളോ നടത്തുകയാണ് ഇടക്കിടെ രാജ്യത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രകടമാകുന്ന ശിരോവസ്ത്ര വിരോധത്തിന് അറുതി വരുത്താനുള്ള മാര്‍ഗം.