Connect with us

Kerala

തിരുവാലിയില്‍ ഇന്നും ആരോഗ്യ വകുപ്പ് സര്‍വേ തുടരും; സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളടക്കം 49 പേര്‍ പനി ബാധിതര്‍

മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

Published

|

Last Updated

മലപ്പുറം | നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തുന്ന സര്‍വേ ഇന്നും തുടരും. തിങ്കളാഴ്ച നടത്തിയ സര്‍വേയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മരിച്ച വിദ്യാര്‍ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം സമ്പര്‍ക്ക പട്ടിക വിപുലമാക്കും. ജില്ലയില്‍ ഇതുവരെ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്.

126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 13പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

വണ്ടൂരില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയേക്കും.

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന്‍ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest