perinthalmann election
നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചെയ്ത ഹരജിയില്‍ 26ന് വാദം കേള്‍ക്കല്‍ ആരംഭിക്കും
നജീബ് കാന്തപുരത്തിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.
കോഴിക്കോട് | കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരത്തിന്റെ ജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 26ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഓണാവധിക്ക് ശേഷം സെപ്തംബര്‍ 14ന് കേസ് പരിഗണിച്ച കോടതി 26ലേക്ക് മാറ്റിവെക്കുകയായിരുന്നു. നജീബ് കാന്തപുരത്തിന്റെ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ പി എം മുസ്തഫ അഡ്വ. എസ് ശ്രീകുമാര്‍ മുഖേനെ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. കൃഷ്ണനുണ്ണിയാണ് നജീബ് കാന്തപുരത്തിന് വേണ്ടി ഹാജരായത്.
മുന്‍കാലങ്ങളില്‍ ലീഗിന് പതിനാറായിരത്തിലധികം വരെ ഭൂരിപക്ഷമുണ്ടായിരുന്ന പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മുസ്തഫയോട് നജീബ് കാന്തപുരം 38 വോട്ടിനാണ് ജയിച്ചുകയറിയത്. 80 കഴിഞ്ഞവരുടെ തപാല്‍ വോട്ടുകള്‍ ക്രമനമ്പര്‍, ഒപ്പ് എന്നിവ ഇല്ലാത്തതിന്റെ പേരിൽ വോട്ടെണ്ണല്‍ വേളയില്‍ മാറ്റിവെച്ചിരുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി വിജയത്തിലേക്ക് അടുത്തതോടെ ഈ വോട്ടുകള്‍ എണ്ണണമെന്ന് എല്‍ ഡി എഫ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ നിരസിച്ചു.
പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് വരണാധികാരി അറിയിക്കുകയായിരുന്നു. കൊറോണ ഉള്‍പ്പെടെ പല കാരണങ്ങളാല്‍ കേസ് പരിഗണിക്കുന്നത് നീണ്ടുപോയതാണ് കേസില്‍ വിധി പ്രസ്താവം വൈകാന്‍ കാരണം. അതിനിടെ കേസ് പരിഗണിക്കേണ്ട ജസ്റ്റിസ് കെ ഹരിപാല്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ജസ്റ്റിസ് ബദറുദ്ദീന്‍ അടങ്ങുന്ന ബഞ്ചാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.