Uae
ദുബൈയില്‍ ചൂട് കൂടുന്നു; വാഹന ഉടമകള്‍ ശ്രദ്ധിക്കണം
രാജ്യത്ത് താപനില 50 ഡിഗ്രിയിലേക്ക്.
ദുബൈ | ചൂട് കനത്തതിനാല്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ദുബൈ ആര്‍ ടി എ. അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തുകയാണ്. ഇത് വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറയാന്‍ ഇടയാക്കിയേക്കും. പെട്ടെന്ന് കേടുപാട് സംഭവിക്കും. അതിനാല്‍ വാഹനങ്ങള്‍ ഇടക്കിടെ പരിശോധിക്കണം. അറ്റകുറ്റപ്പണികള്‍ പെട്ടെന്ന് തീര്‍ക്കണം.
മെക്കാനിക്കല്‍ തകരാറുകള്‍ കുറയ്ക്കാനും ട്രാഫിക് അപകടങ്ങള്‍ തടയാനും ഇത് സഹായിക്കും. ടയറുകള്‍, ബ്രേക്ക്, എണ്ണ, ദ്രാവകങ്ങള്‍, എയര്‍ കണ്ടീഷനിംഗ് സംവിധാനം, ബാറ്ററി, ലൈറ്റുകള്‍, വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍, വെള്ളം ചോര്‍ച്ച എന്നിവ പരിശോധിക്കേണ്ടത് പ്രധാനമാണ്. ലൈസന്‍സ് പുതുക്കുമ്പോള്‍ വാര്‍ഷിക വാഹന പരിശോധന ആവശ്യമാണെങ്കിലും വര്‍ഷം മുഴുവനും പതിവ് പരിശോധനകള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
രാജ്യത്ത് താപനില 50 ഡിഗ്രിയില്‍ എത്താന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ആര്‍ ടി എയുടെ ബോധവത്കരണ കാമ്പയിന്‍. മെയ് 31ന് അല്‍ ഐനില്‍ മെര്‍ക്കുറി 49.2 ഡിഗ്രി സെല്‍ഷ്യസിലെത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സേഫ് സമ്മര്‍’ ഡ്രൈവിന് അനുസൃതമായാണ് ഈ സംരംഭം.
‘വേനല്‍ക്കാലത്ത് ഞങ്ങള്‍ ഈ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിക്കാറുണ്ട്. ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കാര്‍ ഡീലര്‍ഷിപ്പുകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെ പങ്കാളികളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു.’- ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സിയിലെ ട്രാഫിക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബദര്‍ അല്‍ സിര്‍റി പറഞ്ഞു.