Connect with us

Kerala

ചൂട് കൂടുന്നു; വെന്തുരുകി സംസ്ഥാനം

ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ് • ഉഷ്ണതരംഗം ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചൂടിന് ഓരോ ദിവസവും കാഠിന്യമേറുന്നു. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. കൊല്ലം, തൃശൂർ ജില്ലകളിലും അത്യുഷ്ണം തുടരുകയാണ്. ഇവിടങ്ങളിൽ കഴിഞ്ഞ ദിവസം ഉഷ്ണ തരംഗ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്ത് ഉഷ്ണ തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പും രംഗത്തെത്തി. ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ഈ വിഭാഗത്തിലുള്ളവർ കഴിയുന്നതും നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക.
നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാർഗം.

എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനെയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഉചിതം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. യാത്രാ വേളയിൽ ഒരു കുപ്പി വെള്ളം കരുതുന്നത് നല്ലതാണ്.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ വളരെ നല്ലതാണ്. കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കുകയും ചെയ്യണം.