Editors Pick
ചൂടുപിടിച്ച് ബൈഡന്‍- ട്രംപ് ആദ്യ സംവാദം; ട്രംപിന് മുന്‍തൂക്കം
യുഎസ് തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കെയാണ് സിഎന്‍എന്‍ നേതൃത്വത്തില്‍ പ്രസിഡന്‍ഷ്യല്‍ സംവാദം നടക്കുന്നത്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദത്തില്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡോണള്‍ഡ് ട്രംപിനു മുന്‍തൂക്കം. കുടിയേറ്റം, അഫ്ഗാനില്‍ നിന്നുള്ള പിന്മാറ്റം, സമ്പദ്‌വ്യവസ്ഥ, യുക്രെയ്ന്‍ ഇസ്രയേല്‍ യുദ്ധങ്ങള്‍, പ്രായാധിക്യം, കാലാവസ്ഥാ പ്രശ്‌നങ്ങള്‍, എന്നിവ നിറഞ്ഞുനിന്ന സംവാദം ഒരു മണിക്കൂര്‍ 40 മിനിറ്റ് നീണ്ടു.
യുഎസ് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തില്‍ തുടങ്ങിയ സംവാദത്തില്‍ പ്രസിഡന്റ് ജോ ബൈഡനാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്. സമ്പദ്‌വ്യവസ്ഥ തകര്‍ത്താണ് ഡോണാള്‍ഡ് ട്രംപ് ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്നും തങ്ങള്‍ അധികാരത്തിലേറിയതിനു ശേഷമാണ് ഇത് ശരിയാക്കിയെടുത്തതെന്നും ബൈഡന്‍ അവകാശപ്പെട്ടു. തന്റെ കാലത്ത് യുഎസിന്റേത് മഹത്തായ സമ്പദ്‌വ്യവസ്ഥയായിരുന്നു എന്ന് ട്രംപ് മറുപടി നല്‍കി.
അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാന്‍ ബൈഡന്‍ തീരുമാനിച്ച ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ‘ഏറ്റവും ലജ്ജാകരമായ ദിവസം’ ആണെന്ന് ട്രംപ് ആരോപിച്ചു.ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് വിലക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ ട്രംപ് ഗര്‍ഭച്ഛിദ്രം നിയമപരമാക്കണോയെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാമെന്നും കൂട്ടിച്ചേര്‍ത്തു.യുഎസില്‍ ഗര്‍ഭച്ഛിദ്രം ഏവരും ഉറ്റുനോക്കുന്ന വിഷയമാണ്. നേരത്തെ ഗര്‍ഭച്ഛിദ്രത്തിന് വിരുദ്ധമായ നിലപാടെടുത്ത ട്രംപിന്റെ മാറ്റം സുപ്രധാനമായ ചുവടുവെപ്പാണ്. അതേസമയം ബൈഡന്‍ ഇക്കാര്യത്തില്‍ നിലപാട് കൃത്യമായി വ്യക്തമാക്കിയില്ല.
റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ബൈഡന്‍ ഒന്നും ചെയ്തിട്ടില്ലെന്നും റഷ്യയെ യുദ്ധത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് ബൈഡന്റെ പെരുമാറ്റമെന്നും ട്രംപ് ആരോപിച്ചു. ഇസ്രയേല്‍ ഹമാസ് യുദ്ധം തുടരാന്‍ ഹമാസിനെ അനുവദിക്കില്ലെന്നു ബൈഡന്‍ പ്രഖ്യാപിച്ചു. താന്‍ ഭരണത്തിലുണ്ടായിരുന്നെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു യുദ്ധം അനുവദിക്കില്ലായിരുന്നു എന്നായിരുന്നു ട്രംപിന്റെ മറുപടി.
യുഎസ് തിരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കെയാണ് സിഎന്‍എന്‍ നേതൃത്വത്തില്‍ പ്രസിഡന്‍ഷ്യല്‍ സംവാദം നടക്കുന്നത്. ആളുകളെ പങ്കെടുപ്പിക്കാതെ സ്റ്റുഡിയോയില്‍ വച്ചാണ് സംവാദം സംഘടിപ്പിച്ചത്. സംവാദം രൂക്ഷമാകാതിരിക്കാന്‍ ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരാളുടെ മൈക്ക് ഓഫ് ചെയ്തായിരുന്നു പരിപാടി നടത്തിയത്.സംവാദത്തിന്റെ പൂര്‍ണ്ണരൂപം വൈകാതെ സിഎന്‍എന്‍ പുറത്തുവിടും.