Connect with us

International

ഫ്രാന്‍സിലെ ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി

പുതിയ ആന്റിന സ്ഥാപിച്ചതോടെയാണ് ഈഫല്‍ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചത്.

Published

|

Last Updated

പാരീസ്| ഫ്രാന്‍സിലെ അതിപ്രശസ്തമായ ഈഫല്‍ ടവറിന് ഉയരം കൂടി. ഈഫല്‍ ടവറിന് മുകളില്‍ പുതിയ കമ്മ്യൂണിക്കേഷന്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിന്റെ ഉയരം ആറ് മീറ്റര്‍ (19.69 അടി) കൂടി വര്‍ധിച്ചത്. പുതിയ ആന്റിന സ്ഥാപിച്ചതോടെ ഈഫല്‍ ടവറിന്റെ ഉയരം 1,063 അടിയായി വര്‍ധിച്ചു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന ടവറിന് മുകളില്‍ സ്ഥാപിച്ചത്. ടവറിന്റെ 133 വര്‍ഷത്തെ ചരിത്രത്തിന്റെ അവിഭാജ്യ ഘടകമാണ് ശാസ്ത്ര പുരോഗതിയെന്ന് ഈഫല്‍ ടവര്‍ കമ്പനിയുടെ പ്രസിഡന്റ് ജീന്‍-ഫ്രാങ്കോയിസ് മാര്‍ട്ടിന്‍സ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. 1889ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ 1,024 അടിയായിരുന്നു ഈഫല്‍ ടവറിന്റെ ഉയരം. ലോകത്തില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലൊന്നാണ് ഈഫല്‍ ടവര്‍. 100 വര്‍ഷത്തിലേറെയായി ഇത് ബ്രോഡ്കാസ്റ്റ് ട്രാന്‍സ്മിഷനുകള്‍ക്കായും ഉപയോഗിച്ചുവരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും കാലാവധി പൂര്‍ത്തിയാകുന്ന ആന്റിനകള്‍ മാറ്റി സ്ഥാപിക്കാറുണ്ട്.

1889 മുതല്‍ 1931 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിര്‍മ്മിത വസ്തു എന്ന ബഹുമതി ഈഫല്‍ ടവറിനായിരുന്നു. 1889ല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദര്‍ശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇരുമ്പ് ചട്ടക്കൂടില്‍ 300.65 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഗോപുരത്തിന്റെ 4 മുട്ടുകള്‍ 188.98 മീറ്ററ് ഉയരത്തില്‍ വച്ച് യോജിക്കുന്നു. വിവിധതലങ്ങളിലായി 3 പ്ലാറ്റ്‌ഫോറങ്ങളുമുണ്ട് ഈ ഗോപുരത്തിന്. അന്‍പതോളം എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ ഇരുമ്പു കൊണ്ട് 18,038 ഭാഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച്, പാരീസിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. 2006ലെ കണക്കുപ്രകാരം 1889-2006 കാലഘട്ടത്തില്‍ 6,719,200 ആളുകള്‍ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ചുവെന്നാണ് കണക്ക്.

 

Latest