National
ഡി കെ ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പക്ഷിയിടിച്ചു തകര്‍ന്നു
ഹെലികോപ്റ്ററിലുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ബെംഗളുരു| കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പക്ഷിയിടിച്ചു തകര്‍ന്നു. ഹെലികോപ്റ്ററിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി താഴെയിറക്കി. ഹെലികോപ്റ്ററിലുള്ളവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ബെംഗളുരുവിലെ ജക്കൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പുറപ്പെട്ടത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കായി ശിവകുമാര്‍ കോലാര്‍ ജില്ലയിലെ മുള്‍ബഗളിലേക്ക് പോവുന്ന വഴിയായിരുന്നു അപകടം.
ശിവകുമാറിനെയും പൈലറ്റിനെയും കൂടാതെ ഒരു മാധ്യമ പ്രവര്‍ത്തകനും അപകടസമയത്ത് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ ശിവകുമാറിനെ അഭിമുഖം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.