Kerala
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവിടുന്നത് തടയണം; ഹൈക്കോടതിയെ സമീപിച്ച് നടി രഞ്ജിനി
റിപോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
കൊച്ചി | ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടുന്നത് തടയാന്‍ വീണ്ടും നീക്കം. ശനിയാഴ്ച സര്‍ക്കാര്‍ റിപോര്‍ട്ട് പുറത്തുവിടാനിരിക്കെ നടി രജ്ഞിനിയാണ് കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്കു മുമ്പില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. റിപോര്‍ട്ട് പുറത്തുവിടും മുമ്പ് തന്നെ കൂടി കേള്‍ക്കണമെന്നാണ് ഹരജിയില്‍ നടി ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ സ്വകാര്യതാ ലംഘനിമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവര്‍ക്ക് പകര്‍പ്പ് ലഭ്യമാക്കണം.മൊഴി നല്‍കിയവരുടെ സമ്മതമില്ലാതെ ഒരു കരാണവശാലും റിപോര്‍ട്ട് പുറത്തുവിടരുതെന്നും നടി ഹരജിയില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ റിപോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. അതേസമയം റിപോര്‍ട്ട് ഓഗസ്റ്റ് 17ന് പുറത്തുവിടുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിടരുതെന്ന് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. റിപോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നായിരുന്നു ഹരജിക്കാരന്റെ വാദം.