Kerala
നെയ്യാറ്റിന്‍കരയില്‍ പിടിച്ച ഹെറോയിന്‍ പ്രധാന കണ്ണികളില്‍ നിന്ന് വെട്ടിച്ച് കടത്തിയത്; അന്വേഷണം ഊര്‍ജിതം
ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ഡി ആര്‍ ഐ.
തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ നിന്ന് ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടിച്ചെടുത്ത ഹെറോയിന്‍ പ്രധാന കണ്ണികളില്‍ നിന്ന് വെട്ടിച്ച് കടത്തിയതാണെന്ന് കണ്ടെത്തി. സിംബാബ്വേയില്‍ നിന്ന് മുംബൈയിലേക്ക് കടത്തിയ ഹെറോയിന്‍ ആണ് പ്രധാന കണ്ണികളെ വെട്ടിച്ച് മലയാളി സംഘം നെയ്യാറ്റിന്‍കരയില്‍ ഒളിപ്പിച്ചത്. ലഹരിക്കടത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും ഡി ആര്‍ ഐ വ്യക്തമാക്കി.
കഴിഞ്ഞ മാസം 20നാണ് നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടിലുള്ള ലോഡ്ജില്‍ നിന്ന് 150 കോടി രൂപ വിലവരുന്ന (22 കിലോ) ഹെറോയിന്‍ പിടിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ സന്തോഷ്, രമേശ്, ബിനുക്കുട്ടന്‍ എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുഖ്യആസൂത്രകനായ ഷാജി നടരാജന്‍ ഒളിവിലാണ്.
സിംബാബ്വേയില്‍ നിന്ന് വിമാന മാര്‍ഗമാണ് പ്രതികള്‍ ഹെറോയിന്‍ മുംബൈയില്‍ എത്തിച്ചത്. ഇതിനുശേഷം പ്രധാന കണ്ണികള്‍ക്ക് കൈമാറാതെ ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന് നെയ്യാറ്റിന്‍കരയില്‍ എത്തിക്കുകയായിരുന്നു. മറ്റു മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ഹെറോയിന്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച വിവരം ഡി ആര്‍ ഐക്ക് ലഭിച്ചത്. ഇതോടെ രമേശിനേയും സന്തോഷിനേയും ആദ്യം കസ്റ്റഡിയിലെടുക്കുകയും ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹെറോയിന്‍ ഒളിപ്പിച്ച സ്ഥലം കണ്ടെത്തുകയുമായിരുന്നു.