Connect with us

manmohan singh passed away

മറഞ്ഞത് സാമ്പത്തിക രംഗത്തെ അതികായന്‍; രാജ്യത്തിന്റെ വികസന നായകന്‍

മന്‍മോഹന്റെ വിദഗ്ധമായ നേതൃത്വത്തിന്‍ കീഴില്‍ രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചക്കും വികാസത്തിനും വഴിമരുന്നിട്ട ഭരണകര്‍ത്താവായിരുന്നു മുന്‍ പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ഉദാരവത്കരണ നയങ്ങള്‍ നടപ്പിലാക്കിയതാണ് അദ്ദേഹത്തെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ശ്രദ്ധേയനാക്കിയത്. സാമ്പത്തിക രംഗത്തെ അതികായനായിരുന്ന മന്‍മോഹന്‍ സിംഗ് ഒരു ദശാബ്ദ കാലത്തോളം ഇന്ത്യക്ക് വ്യക്തമായ ദിശാബോധം നല്‍കി. മന്‍മോഹന്റെ വിദഗ്ധമായ നേതൃത്വത്തിന്‍ കീഴില്‍ രാജ്യം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിത നിലവാരം ഉയരുകയും 2014-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയുടേത് മാറുകയും ചെയ്തു.

ജനങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വികസനത്തിനും വളര്‍ച്ചക്കുമാണ് അദ്ദേഹം അടിത്തറ പാകിയത്. പൗരന്മാര്‍ക്ക് ഭക്ഷണത്തിനുള്ള നിയമപരമായ അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ജോലി ചെയ്യാനുള്ള അവകാശം, വിവരാവകാശം എന്നിവ ഉറപ്പാക്കുന്ന ബില്ലുകള്‍ പാര്‍ലിമെന്റില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞത് മന്‍മോഹന്റെ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു. സിംഗിന്റെ അവകാശാധിഷ്ഠിത വിപ്ലവ നയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ യുഗമാണ് സൃഷ്ടിച്ചത്.

1991-1996 കാലഘട്ടത്തില്‍ നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രി പദം വഹിച്ച കാലം മുതല്‍ തന്നെ ഉദാരവത്കരണ നയങ്ങള്‍ക്ക് മന്‍മോഹന്‍ രൂപം കൊടുത്തു തുടങ്ങിയിരുന്നു. ‘ഭൂമിയിലെ ഒരു ശക്തിക്കും സമയമായ ഒരു ആശയത്തെ തടയാന്‍ കഴിയില്ല. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നുവരുന്നത് അത്തരത്തിലുള്ള ഒരു ആശയമാണെന്ന് ഞാന്‍ ഈ ആഗസ്റ്റ് ഹൗസിനോട് നിര്‍ദേശിക്കുന്നു.’- 1991 ജൂലൈയില്‍ ഡോ. മന്‍മോഹന്‍ സിംഗ് തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു.

വികസനത്തോടുള്ള പ്രതിബദ്ധതയ്ക്ക് അംഗീകാരമായി നിരവധി ബഹുമതികളാണ് അദ്ദേഹത്തെ തേടിയെത്തിയത്. 1987-ല്‍ പത്മവിഭൂഷണ്‍, 1993-ലെ ധനമന്ത്രിക്കുള്ള യൂറോ മണി അവാര്‍ഡ്, 1993-ലും 1994-ലും ധനമന്ത്രിക്കുള്ള ഏഷ്യാ മണി അവാര്‍ഡ്, 1995-ലെ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി അവാര്‍ഡ് എന്നിവയ്‌ക്കെല്ലാം അദ്ദേഹം അര്‍ഹനായി.

ലക്ഷ്യത്തിലെത്തുന്നതിനുള്ള കഠിനാധ്വാനവും സൗമ്യമായ പെരുമാറ്റവും അദ്ദേഹത്തിന്റെ വലിയ പ്രത്യേകതകളായിരുന്നു. ഇന്ത്യയെ സുദൃഢ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യ പാടവമാണ് ഡോ. മന്‍മോഹന്‍ സിംഗ് പ്രദര്‍ശിപ്പിച്ചത്.

Latest