Kerala
ഫ്രാങ്കോ മുളക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയെന്ന കേസ് ഹൈക്കോടതി റദ്ദാക്കി
കന്യാസ്ത്രീകളായ സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്
കൊച്ചി | ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡന കേസ് നല്‍കിയ കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുറവിലങ്ങാട് പോലീസ് കന്യാസ്ത്രീകളായ സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.
ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് കന്യാസ്ത്രികള്‍ ഇ – മെയില്‍ ചെയ്തിരുന്നു. ഇ – മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രസ്തുത ഇ – മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
ഇക്കഴിഞ്ഞ ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന്‍ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.