National
ഡൽഹി നിയമസഭയിൽ നിന്ന് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
പ്രിവിലേജസ് കമ്മിറ്റിക്ക് മുമ്പാകെ നടപടികൾ അവസാനിക്കുന്നത് വരെ തങ്ങളെ സസ്പെൻഡ് ചെയ്ത തീരുമാനം നിലവിലെ ചട്ടങ്ങളുടെ ലംഘനമാണെന്ന് എംഎൽഎമാർ
ന്യൂഡൽഹി |ഡൽഹി നിയമസഭയിൽ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിന് ഏഴ് ബി ജെ പി. എം എൽ എമാരെ സസ്‌പെൻഡ് ചെയ്ത നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കി. മോഹൻ സിംഗ് ബിഷ്ത്, അജയ് മഹാവാർ, ഒപി ശർമ്മ, അഭയ് വർമ്മ, അനിൽ ബാജ്‌പേയ്, ജിതേന്ദർ മഹാജൻ, വിജേന്ദർ ഗുപ്ത എന്നിവർക്ക് എതിരായ നടപടിയാണ് റദ്ദാക്കിയത്. സസ്പെൻഷൻ ചോദ്യം ചെയ്ത് എംഎൽഎമാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സുബ്രമോണിയം പ്രസാദിന്റെ നടപടി.
പ്രിവിലേജസ് കമ്മിറ്റിക്ക് മുമ്പാകെ നടപടികൾ അവസാനിക്കുന്നത് വരെ തങ്ങളെ സസ്പെൻഡ് ചെയ്ത തീരുമാനം നിലവിലെ ചട്ടങ്ങളുടെ ലംഘനമാണെന്ന് എംഎൽഎമാർ കോടതിയിൽ വാദിച്ചു. എന്നാൽ എംഎൽഎമാരുടെ സസ്‌പെൻഷൻ സഭയിലെ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ശ്രമമല്ലെന്നും മറിച്ച്, പ്രതിപക്ഷ അംഗങ്ങളുടെ തെറ്റായ നടപടികളുടെ പശ്ചാത്തലത്തിൽ സ്വയം സ്വീകരിക്കുന്ന അച്ചടക്ക സംവിധാനമാണെന്നും നിയമസഭാ അധികാരികൾ കോടതിയെ ബോധിപ്പിച്ചു.
ഫെബ്രുവരി 15 ന് ബജറ്റിന് മുന്നോടിയായി ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നടത്തിയ നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ പല തവണ ശ്രമിച്ചതിനാണ് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. എഎപി എംഎൽഎ ദിലീപ് പാണ്ഡെ ഇവരെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചു. പ്രമേയം സ്പീക്കർ രാം നിവാസ് ഗോയൽ അംഗീകരിക്കുകയും വിഷയം പ്രിവില്ലേജ് കമ്മിറ്റിക്ക് വിടുകയുമായിരുന്നു.
പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി ഒഴികെ എല്ലാ ബിജെപി എംപിമാർക്കും സഭാനടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു.