Kerala
രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി ഹൈക്കോടതി തള്ളി
ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.
കൊച്ചി | എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി ഹൈക്കോടതി തള്ളി. പത്രിക സ്വീകരിച്ചതിനാല്‍ പരാതിയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായ ശേഷം തിരഞ്ഞെടുപ്പ് ഹരജി നല്‍കുകയാണ് പോംവഴിയെന്ന് കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്.
രാജീവ് ചന്ദ്രശേഖര്‍ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വത്തു വിവരം മറച്ചു വച്ചുവെന്നു പരാതി നല്‍കിയെങ്കിലും വരണാധികാരി ഇതിന്റെ സൂക്ഷ്മത പരിശോധിക്കാതെയാണ് പത്രിക സ്വീകരിച്ചതെന്നായിരുന്നു ഹരജിക്കാരായ മഹിളാ കോണ്‍ഗ്രസ് നേതാവ് അവനി ബെന്‍സാലിന്റെയും രഞ്ജിത്ത് തോമസിന്റെയും ആരോപണം.
അതേസമയം തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തും.